കാസര്‍കോട്: സംസ്ഥാനത്ത് സി.ഐ.ടി.യു ട്രേഡ് യൂണിയന് അവകാശബോധം ഉപേക്ഷിച്ച് ഉത്തരവാദിത്വബോധം കാണിക്കണമെന്നും സി.പി.എം സംസ്ഥാന സമ്മേളന വേദിയിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം ട്രേഡ് യൂണിയന് സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും കേരള പവര്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെയ്യാറ്റിന്‍കര പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ സ്വകാര്യ കുത്തകകള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നതിന് വേണ്ടിയാണ് ട്രേഡ് യൂണിയനുകളുടെ അവകാശ ബോധത്തെ സി.പി.എം തള്ളിപ്പറയുന്നത്. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടി നയം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് പരോക്ഷ പിന്തുണ നല്‍കുന്നതാണ്. മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രസക്തി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇത്തരം തീരുമാനങ്ങളിലൂടെ തൊഴിലാളികള്‍ക്ക് സി.പി.എം നല്കുന്ന സന്ദേശമെന്ന് ഐ.എന്‍.ടി.യു.സി ആശങ്കപ്പെടുന്നു. സമീപനാളുകളില്‍ കെ.എസ്.ഇ.ബിയില്‍ നടന്ന സി.ഐ.ടി.യു നേതൃത്വത്തിലുള്ള സമര ആഭാസമാണ് സി.പി.എം നേതൃത്വത്തെ ഇത്തരത്തില്‍ യൂണിയനെതിരെ നിലപാട് എടുക്കുവാന്‍ പ്രേരിപ്പിച്ച ഘടകം. ഈ മാസം 18, 19 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന സംഘടനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം ജീവനക്കാരുടെ പ്രൊമോഷന്, വര്‍ക്ക് പുനര്‍നിര്‍ണയിക്കല്‍, ആനുകൂല്യങ്ങള്‍ മരവിപ്പിക്കല്‍, 2013 ഒക്ടോബര്‍ 11ന് ശേഷം സര്‍വീസില്‍ കയറിയ മുഴുവന്‍ ജീവനക്കാരുടേയും പ്രമോഷന്, ജീവനക്കാരുടെ കാളിത്ത പെന്ഷന് പിന്‍വലിച്ച് രാജസ്ഥാന് സര്‍ക്കാരിനെ മാതൃകയാക്കി സ്റ്റാറ്റിയൂട്ടറി പെന്ഷന് പുനസ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് അലി അറയ്ക്കപ്പടി, വിനോദ് മണി, ജാഫര്‍മോന്‍, സുഗുണന് ഒരി, അജയന് കെ.പി, മനോജ് നീലേശ്വരം പങ്കെടുത്തു.