തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയായ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് രൂക്ഷ പ്രതിഷേധമുയരുമ്പോഴും പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍. പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിട്ടതിന് പിന്നാലെ സാമൂഹിക ആഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
അലൈന്‍മെന്റിലെ കല്ലിടല്‍ ഏറെക്കുറെ പൂര്‍ത്തിയായ കണ്ണൂര്‍ ജില്ലയിലെ പഠനത്തിനാണ് വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനത്ത് വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസത്തിനുള്ള നിയമമുണ്ട്. ഈ നിയമം അനുസരിച്ചാണ് കെ- റെയില്‍ പദ്ധതിക്കു വേണ്ടിയും സാമൂഹിക ആഘാത പഠനം നടത്തുന്നത്. സാമൂഹിക ആഘാത പഠനം നൂറുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നു കാണിച്ചാണ് ഇപ്പോള്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
എത്രയധികം ആളുകളെ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കേണ്ടി വരും, എത്ര പേര്‍ക്ക് പദ്ധതിമൂലം മാറി താമസിക്കേണ്ടി വരും, മറ്റ് പ്രത്യാഘാതങ്ങളുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളെല്ലാം പഠനവിധേയമാകും. ഈ റിപ്പോര്‍ട്ട് അനുസരിച്ചാകും നഷ്ടപരിഹാരത്തുക അടക്കുമുള്ള പുനരധിവാസ പാക്കേജിന്റെ കാര്യങ്ങള്‍ സമഗ്രമായി നിശ്ചയിക്കുക.