കാസര്‍കോട്: അനധികൃത ഹോട്ടലുകളെ നിയന്ത്രിക്കുകയും നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിരക്ഷ നല്കിയാല് മാത്രമേ ഹോട്ടല്‍ വ്യവസായത്തിന് മുന്നോട്ടുപോകാന്‍ കഴിയുകയുള്ളുവെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് ജി ജയപാല്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷനും സംസ്ഥാന നേതാക്കള്‍ക്ക് നല്കിയ സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃതമായി ഭക്ഷണം വിളമ്പുന്നവരാണ് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരു സ്ഥലത്ത് പ്രശ്നമുണ്ടായാല്‍ കുറ്റക്കാര്‍ക്കെതിരെയാണ് കടുത്ത നടപടി എടുക്കേണ്ടത്. അല്ലാതെ ഒരു വ്യവസായത്തെ തന്നെ തകര്‍ക്കുന്ന ഒരു നടപടിയും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന് ശേഷം ഹോട്ടല്‍ വ്യവസായം കടുത്ത പ്രതിസന്ധിയെ അതിജീവിക്കുകയാണ്. ജനങ്ങളുടെ പട്ടിണി മാറ്റാന്‍ രാപകല്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു കൈത്താങ്ങും ഉണ്ടായിട്ടില്ലെന്നത് ഖേദകരമായ അവസ്ഥയാണ് അദ്ദേഹം കുറ്റപ്പെടുത്തി
ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് സി ബിജുലാല്‍, സംസ്ഥാന ട്രഷറര്‍ എന്‍ എം ആര് റസാക്ക്, സംസ്ഥാന വൈസ് പ്രസിഡണ്ട് പി പി അബ്ദുറഹ്മാന്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി, സംസ്ഥാന ഉപദേശക സമിതി അംഗം പി സി ബാവ, സംസ്ഥാന സമിതി അംഗങ്ങളായ അജേഷ് നുള്ളിപ്പാടി, സത്യനാഥന് ബോവിക്കാനം, വസന്തകുമാര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി നാരായണന് പൂജാരി സ്വാഗതവും ജില്ലാ ട്രഷറര്‍ രാജന് കളക്കര നന്ദിയും പറഞ്ഞു. തുടര്‍ന്ന് നേതൃത്ത്വപഠന ക്ലാസ്സും നടന്നു.