കാസര്‍കോട്: കാസര്‍കോട് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ് പ്രൊസസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാംപ്കോസ്)യുടെ കീഴിലുള്ള നൂതന സംരംഭമായ കേരള ഫുഡ്സ് ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയില്‍ 22ന് രാവിലെ 10മണിക്ക് മന്ത്രി ഇ.പി ജയരാജന് ഉദ്ഘാടനം ചെയ്യും. സഹകരണ മേഖലയില്‍ അത്യാധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന കാസര്‍കോട് ഭക്ഷ്യ സംസ്കരണ വിതരണ കേന്ദ്രമാണിത്. വിവാഹം, പിറന്നാള്‍ ആഘോഷം തുടങ്ങി ചെറുതും വലുതുമായ ചടങ്ങുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാന്റീനുകള്‍ എന്നിവക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ഓര്‍ഡറനുസരിച്ച് കേരള ഫുഡ്സ് എത്തിച്ചുകൊടുക്കും. ഫ്ളവര്‍, ഓയില്‍മില്ലുകളും അനുബന്ധമായി പ്രവര്‍ത്തിക്കും. ഇഡ്ലി, ചപ്പാത്തി, പൊറോട്ട എന്നിവയും ആട്ട, പുട്ടുപൊടി തുടങ്ങിയവയും കറിമസാലകളും കേരള ഫുഡ്സ് ബ്രാന്‍ഡില്‍ ഉടന്‍ വിപണിയിലിറക്കും.
കാറ്ററിങ് യൂണിറ്റ് കെ. കുഞ്ഞിരാമന് എം.എല്‍.എയും ഫ്ളവര്‍മില്‍ കലക്ടര്‍ ഡോ. ഡി. സജിത്ബാബുവും ചപ്പാത്തി നിര്‍മ്മാണ യൂണിറ്റ് മുന്‍ എം.പി പി. കരുണാകരനും ഓഫീസ്മുന് എം.എല്‍.എ. കെ.പി. സതീഷ്ചന്ദ്രനും ഉല്പന്നങ്ങളുടെ ആദ്യ വില്പന ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി. ബേബിയും ലോഗോ പ്രകാശനം ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എം. വി. ബാലകൃഷ്ണനും ഉദ്ഘാടനംചെയ്യും.