തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിനിമാ തിയറ്ററുകളും ബാറുകളും ഉള്‍പ്പെടെ ആള്‍ക്കൂട്ടം ഉണ്ടാവാനിടയുള്ള സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷോപ്പിംഗ് മാള്‍, ജിംനേഷ്യം, ക്ലബ്ബ്, സ്പോര്‍ട്സ് കോംപ്ലക്, നീന്തല്‍ കുളം, വിനോദ പാര്‍ക്ക്, വിദേശമദ്യ വില്പ്പനകേന്ദ്രങ്ങള് എന്നിവയുടെ പ്രവര്‍ത്തനം തല്ക്കാലം നിര്‍ത്തിവെയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.
ബെവ്കോ വില്‍പ്പനശാലകള്‍ ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തിക്കില്ല. നേരത്തെ ബാറുകള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എല്ലാ യോഗങ്ങളും ഓണ്‍ലൈന്‍വഴി മാത്രമേ നടത്താവൂ. സര്‍ക്കാരുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ഇപ്പോള്‍ തന്നെ പൂര്‍ണമായും ഓണ്‍ലൈനിലാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ ഹാജരായാല്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ, പോലീസ് എന്നീ വകുപ്പുകളും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളും എല്ലാദിവസവും നിര്‍ബന്ധമായും പ്രവര്‍ത്തിക്കണം. സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെ എണ്ണം കഴിയാവുന്നത്ര പരിമിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റുകളും മാളുകളും രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും. ലംഘനത്തിന്റെ തോതനുസരിച്ച് ഇത്തരം അടച്ചിടലുകള്‍ കൂടുതല്‍ ദിവസത്തേക്ക് വേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
വിവാഹചടങ്ങില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. വിവാഹം, ഗൃഹപ്രവേശം എന്നിവയ്ക്ക് മുന്‍കൂറായി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനന്തരചടങ്ങില്‍ പരമാവധി 20 പേര്. റമദാന് ചടങ്ങുമായി ബന്ധപ്പെട്ട് പള്ളികളില്‍ 50 പേര് മാത്രം. ചെറിയ പള്ളികള്‍ ആണെങ്കില്‍ എണ്ണം ചുരുക്കണം. കലക്ടര്‍മാര്‍ മതനേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ ചുവടെ; പുതിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 27 മുതല്‍ നിലവില്‍ വരും.
- ആരാധനാലയങ്ങളിലെ ഒത്തുചേരല്‍ രണ്ട് മീറ്ററില്‍ സാമൂഹിക ദൂരത്തില്‍, പരമാവധി 50 പേര്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.
- എല്ലാ മീറ്റിംഗുകളും (സര്‍ക്കാര്‍ / സ്വകാര്യ) ഓണ്‍ലൈന്‍ മോഡിലൂടെ മാത്രം.
- സിനിമാ ഹാളുകള്‍, മാളുകള്‍, ജിംനേഷ്യം, ക്ലബ്ബുകള്‍, കായിക സമുച്ചയങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, ബാറുകള്‍ എന്നിവ ഇനിയൊരു തീരുമാനം ഉണ്ടാവുന്നത് വരെ അടയ്ക്കും.
- ഇലക്ഷന് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രണ്ട് ഡോസ് വാക്സിനേഷന് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വോട്ടെണ്ണലിന് 72 മണിക്കൂറിനുള്ളില്‍ ലഭിച്ച നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കണം.
- എല്ലാ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മതപരമായ ചടങ്ങുകള്‍/സമ്മേളനങ്ങള്‍ ഇനിയൊരു തീരുമാനം ഉണ്ടാവുന്നത് വരെ നിരോധിച്ചിരിക്കുന്നു.
- ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ-അടിയന്തര സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ.
- എല്ലാ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധിദിനമായി തുടരും.
- വിവാഹങ്ങളില്‍ പരമാവധി അമ്പത് പേരെ അനുവദിക്കും (ഏകദേശം 2 മണിക്കൂര്‍ നേരത്തേക്ക്). വിവാഹങ്ങള്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലിന്റെ ഇവന്റ് രജിസ്ട്രേഷന് മൊഡ്യൂളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം ഇരുപത് ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.
- റമദാന് ചടങ്ങുമായി ബന്ധപ്പെട്ട് പള്ളികളില്‍ 50 പേര് മാത്രം. ചെറിയ പള്ളികള്‍ ആണെങ്കില്‍ എണ്ണം ചുരുക്കണം.
- ഷോപ്പുകളും റെസ്റ്റോറന്റുകളും രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം. (വീടുകളിലേക്കുള്ള ഡെലിവറി 9 മണി വരെ തുടരാം). എല്ലാ ഷോപ്പുകളും റെസ്റ്റോറന്റുകളും ഉപഭോക്താക്കളുമായുള്ള ഇടപെടല്‍/ഇന്‍ഹൗസ് ഡൈനിങ്ങ് എന്നിവ പരമാവാധി കുറയ്ക്കണം. ഉപയോക്താക്കള്‍ക്ക് കടകളില്‍ മിനിമം സമയം മാത്രമാണ് അനുവദനീയം. ടേക്ക്എവേകളും ഹോം ഡെലിവറികളും അഭികാമ്യം.
- എല്ലാ ജില്ലകളിലും അതിഥി തൊഴിലാളികള്‍ക്കായി കണ്ട്രോള് റൂം സ്ഥാപിക്കും. അതിഥി തൊഴിലാളികള്‍ എവിടെയായിരുന്നാലും ജോലി തുടരാം.
- കൃഷി, തോട്ടം, മൃഗസംരക്ഷണം, ക്ഷീരോല്പാദനം, മത്സ്യബന്ധനം, വനം മുതലായ പ്രാഥമിക മേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍, വ്യവസായങ്ങള്‍, എംഎസ്എംഇ മുതലായ ദ്വിതീയ മേഖലകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കോവിഡ് പ്രോട്ടോക്കോളും നിര്‍ദ്ദേശങ്ങളും പാലിച്ച് തുടരും. സാധ്യമാകുന്നിടത്ത്, വീട്ടില്‍ നിന്നുള്ള ജോലി (വര്‍ക്ക് ഫ്രം ഹോം) അവലംബിക്കും.
- കോവിഡ് പ്രോട്ടോക്കോള്‍ പിന്തുടര്ന്ന് MGNREGS (Mahatma Gandhi National Rural Employment Guarantee Scheme) പ്രവര്‍ത്തനങ്ങള്‍ തുടരാം.
- എല്ലാ വകുപ്പുകളും സെക്രട്ടറി / എച്ച്ഡി നിര്‍ണ്ണയിക്കുന്ന അവശ്യ സ്റ്റാഫുകളുമായി മാത്രമേ പ്രവര്‍ത്തിക്കാവൂ.
- അടിസ്ഥാന സര്‍വ്വീസുകളായ ആരോഗ്യം, റവന്യൂ, ദുരന്തനിവാരണം, പോലീസ്, എല്‍എസ്ജിഡി, തൊഴില്‍, ഭക്ഷണം, സിവില്‍ സപ്ലൈസ് എന്നിവ പ്രവര്‍ത്തിക്കും.