കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എച്ച്. വെങ്കടേശ്വര്‍ലു അന്തരിച്ചു

കാഞ്ഞങ്ങാട്: കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു (64) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തിലധികമായി ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആസ്പത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.ഹൈദരാബാദ് മേഡക് സ്വദേശിയായ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു 2020 ആഗസ്ത് 14നാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ മൂന്നാമത്തെ വൈസ് ചാന്‍സലറായി ചുമതലയേറ്റത്. അക്കാദമിക് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള അദ്ദേഹം ഹൈദരാബാദ് ഒസ്മാനിയ സര്‍വ്വകലാശാലയില്‍ 25 വര്‍ഷം കൊമേഴ്സ് അധ്യാപകനായി […]

കാഞ്ഞങ്ങാട്: കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു (64) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തിലധികമായി ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആസ്പത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.
ഹൈദരാബാദ് മേഡക് സ്വദേശിയായ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു 2020 ആഗസ്ത് 14നാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ മൂന്നാമത്തെ വൈസ് ചാന്‍സലറായി ചുമതലയേറ്റത്. അക്കാദമിക് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള അദ്ദേഹം ഹൈദരാബാദ് ഒസ്മാനിയ സര്‍വ്വകലാശാലയില്‍ 25 വര്‍ഷം കൊമേഴ്സ് അധ്യാപകനായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുക്കുന്നത്.
മാനേജ്‌മെന്റ് വിദഗ്ധനായ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു ബിസിനസ് കമ്മ്യൂണിക്കേഷന്‍, മാര്‍ക്കറ്റിംഗ് മാനേജ്മെന്റ്, ബാങ്കിംഗ് ഖേലയിലെ പുതു രീതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്ത് പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 2010ല്‍ മികച്ച അധ്യാപകനുള്ള ആന്ധ്രാപ്രദേശ് സംസ്ഥാന അവാര്‍ഡ് നേടി. അദ്ദേഹം നടപ്പിലാക്കിയ 'പ്രേരണ' പദ്ധതി വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടു. ഒസ്മാനിയ യൂണിവേഴ്സിറ്റിയുടെ സെന്റിനറി ആഘോഷങ്ങളുടെ സ്പെഷ്യല്‍ ഓഫീസര്‍, പ്രൊഫ. ജി. രാമറെഡ്ഡി സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ ഡയറക്ടര്‍, കോളേജ് ഡവലപ്മെന്റ് കൗണ്‍സില്‍ ഡീന്‍, ഫാക്കല്‍റ്റി ഓഫ് കൊമേഴ്സ് ഡീന്‍, കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് അധ്യക്ഷന്‍, ഒസ്മാനിയ യൂണിവേഴ്സിറ്റി കൊമേഴ്സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ ചുമതലകള്‍ വഹിച്ചു. ഇന്ത്യന്‍ കൊമേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. ഹൈദരാബാദ് നാഷണല്‍ അക്കാദമി ഓഫ് ഡവലപ്മെന്റ് മുന്‍ ജോയിന്റ് ഡയറക്ടറായിരുന്നു.
ഭാര്യ: ഡി. സുഗുണ ദേവി. മക്കള്‍: എച്ച്. കീര്‍ത്തന പ്രവീണ്‍, എച്ച്. ഗൗതം ഭാര്‍ഗവ. മരുമകന്‍: പ്രവീണ്‍. മൃതദേഹം ശനിയാഴ്ച വൈകിട്ടോടെ ഹൈദരാബാദില്‍ സംസ്‌കരിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. മുത്തുകുമാര്‍ മുത്തുച്ചാമി, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ചീഫ് വിജിലന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. എം.ആര്‍. ബിജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് അന്തിമോപചാരമര്‍പ്പിച്ചു.
പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലുവിന്റെ നിര്യാണത്തില്‍ സര്‍വ്വകലാശാല അനുശോചിച്ചു. സര്‍വ്വകലാശാലക്കും അക്കാദമിക് സമൂഹത്തിനും തീരാ നഷ്ടമാണ് വിയോഗമെന്ന് വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു പറഞ്ഞു.

Related Articles
Next Story
Share it