നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ബുധനാഴ്ച; സര്‍ക്കാരിന് നിര്‍ണായകം, വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അടക്കം ആറ് പ്രതികള്‍

ന്യൂഡെല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ ബുധനാഴ്ച സുപ്രീം കോടതി വിധി പറയും. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അടക്കം എല്‍.ഡി.എഫിലെ പ്രമുഖര്‍ പ്രതിപ്പട്ടികയിലുള്ള കേസില്‍ വിധി സര്‍ക്കാരിന് നിര്‍ണായകമാകും. ശിവന്‍കുട്ടിക്ക് പുറമെ മുന്‍ മന്ത്രിമാരായ കെ.ടി ജലീല്‍, ഇ.പി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ സദാശിവന്‍, കെ. അജിത്ത് എന്നിവരാണ് പ്രതികളായിട്ടുള്ളത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ച് ആണ് ബുധനാഴ്ച രാവിലെ വിധി പറയുക. ആറ് പേരും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന […]

ന്യൂഡെല്‍ഹി: നിയമസഭാ കയ്യാങ്കളി കേസില്‍ ബുധനാഴ്ച സുപ്രീം കോടതി വിധി പറയും. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അടക്കം എല്‍.ഡി.എഫിലെ പ്രമുഖര്‍ പ്രതിപ്പട്ടികയിലുള്ള കേസില്‍ വിധി സര്‍ക്കാരിന് നിര്‍ണായകമാകും. ശിവന്‍കുട്ടിക്ക് പുറമെ മുന്‍ മന്ത്രിമാരായ കെ.ടി ജലീല്‍, ഇ.പി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ സദാശിവന്‍, കെ. അജിത്ത് എന്നിവരാണ് പ്രതികളായിട്ടുള്ളത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ച് ആണ് ബുധനാഴ്ച രാവിലെ വിധി പറയുക.

ആറ് പേരും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിയമസഭക്കുള്ളില്‍ നടന്ന സംഭവങ്ങള്‍ രാഷ്ട്രീയ പ്രതിഷേധമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ ഒരാള്‍ തോക്കുമായി നിയമസഭയിലെത്തിയാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകനോട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ ചോദ്യം. കേസില്‍ ജനപ്രതിനിധികള്‍ വിചാരണ നേരിടേണ്ടതാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. സഭക്കുള്ളില്‍ നടന്ന സംഭവങ്ങളില്‍ നടപടിയെടുക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും പൊതുമുതല്‍ നശിപ്പിച്ച കേസിനെ രാഷ്ട്രീയ പ്രശ്നം മാത്രമായി കാണാനാവില്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

പൊതു താത്പര്യം സംരക്ഷിക്കാനാണോ പൊതുമുതല്‍ നശിപ്പിച്ചത്. കോടതിയിലും ശക്തമായ വാദങ്ങള്‍ നടക്കാറുണ്ട്. അതിന്റെ പേരില്‍ കോടതി വസ്തു വകകള്‍ നശിപ്പിക്കുന്നത് ന്യായീകരിക്കാനാകുമോ? പ്രതികള്‍ക്ക് വേണ്ടിയല്ല സര്‍ക്കാര്‍ അഭിഭാഷകന്‍ സംസാരിക്കേണ്ടതെന്നും ബഞ്ച് വിമര്‍ശിച്ചു. പൊതുമുതല്‍ നശിപ്പിച്ചാല്‍ നിയമസഭാംഗമെന്ന് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് തടസ ഹര്‍ജി നല്‍കിയ രമേശ് ചെന്നിത്തലക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജത്മലാനിയും വാദിച്ചിരുന്നു.

ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങള്‍ വിധിയെക്കുറിച്ച് ഏകദേശ സൂചന നല്‍കുന്നതാണ്. കോടതി വിധി എതിരായാല്‍ സര്‍ക്കാരിന് അത് കനത്ത തിരിച്ചടിയാവും. മന്ത്രി ശിവന്‍കുട്ടിയുടെ മന്ത്രി പദവിയും ചോദ്യചിഹ്നമാകും. നിയമസഭക്കുള്ളില്‍ നടന്ന ഒരു സംഘര്‍ഷത്തില്‍ മന്ത്രി വിചാരണ നേരിടണമെന്ന കോടതിവിധിയുണ്ടായാല്‍ മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷ ആവശ്യമുയരും.

കോടതി വിധികളോ, പരാമര്‍ശങ്ങളോ മന്ത്രിമാര്‍ക്കെതിരെ ഉണ്ടായാല്‍ രാജിവെക്കുന്നതാണ് കീഴ്വഴക്കം. ഒന്നാം പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ടി ജലീല്‍ ബന്ധുനിയമനത്തില്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധിയെ തുടര്‍ന്ന് രാജിവെച്ചിരുന്നു. ലോകായുക്തയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രാജിവെച്ച ആദ്യമന്ത്രിയായിരുന്നു ജലീല്‍. കെ. കരുണാകരന്‍ രണ്ടുതവണ മുഖ്യമന്ത്രി പദം രാജിവെച്ചിരുന്നു. 1978ല്‍ രാജന്‍ കേസില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ആദ്യ രാജി. 1995ല്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ തുടര്‍ന്നും രാജിവെച്ചിരുന്നു.

1986ല്‍ പ്രായപൂര്‍ത്തിയാവാത്ത മകളെ വിവാഹം കഴിപ്പിച്ചതിന്റെ പേരിലുള്ള കോടതി വിധിയില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന എം.പി ഗംഗാധരന്‍ രാജിവെച്ചു. ഇടമലയാര്‍ കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് 1995ല്‍ ആര്‍. ബാലകൃഷ്ണ പിള്ള രാജിവെച്ചു. 2005ല്‍ ചന്ദന മാഫിയ കേസിലെ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വനം മന്ത്രിയായിരുന്ന കെ.പി വിശ്വനാഥന്‍ രാജിവെച്ചു. 2015ല്‍ ബാര്‍ കോഴക്കേസില്‍ കോടതിവിധി എതിരായതിനെ തുടര്‍ന്ന് കെ.എം മാണിയും രാജിവെച്ചിരുന്നു.

Related Articles
Next Story
Share it