കഴുമരം കേഴുന്നു; 81 ആണ്ടുകള്‍ക്കിപ്പുറവും
കയ്യൂര്‍ സമര നായകരെ തൂക്കിലേറ്റിഎണ്‍പത്തിയൊന്ന് വര്‍ഷംകഴുമരത്തിലെ കൊലക്കയര്‍ കഴുത്തില്‍ മുറുകുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് കയ്യൂര്‍ സമര സഖാക്കള്‍ കൈമാറിയ സന്ദേശം അന്ത്യമൊഴിയായി ഇപ്പോഴും സഖാക്കളുടെ ഉള്ളില്‍ നിറയുന്നു. പോരാട്ടങ്ങളുടെ ചരിത്ര താളുകളില്‍ കയ്യൂര്‍ അനശ്വര സ്ഥാനം നേടിയെടുക്കുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്താല്‍ കര്‍ഷകര്‍ക്ക് കൂച്ചുവിലങ്ങിടുന്ന ജന്മി നാടുവാഴിത്തത്തിനെതിരെ കര്‍ഷക കലാപം നയിച്ചതിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ട നാല് ധീര സഖാക്കളുടെ രക്തസാക്ഷിത്വത്തിലൂടെ കയ്യൂര്‍ ഒരു കാലഘട്ടത്തിന്റെ വീരേതിഹാസവും ഒരു നാടിന്റ മോചന പോരാട്ടത്തിന്റെ അഗ്‌നി ബിന്ദുവുമായി […]
കയ്യൂര്‍ സമര നായകരെ തൂക്കിലേറ്റിഎണ്‍പത്തിയൊന്ന് വര്‍ഷംകഴുമരത്തിലെ കൊലക്കയര്‍ കഴുത്തില്‍ മുറുകുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് കയ്യൂര്‍ സമര സഖാക്കള്‍ കൈമാറിയ സന്ദേശം അന്ത്യമൊഴിയായി ഇപ്പോഴും സഖാക്കളുടെ ഉള്ളില്‍ നിറയുന്നു. പോരാട്ടങ്ങളുടെ ചരിത്ര താളുകളില്‍ കയ്യൂര്‍ അനശ്വര സ്ഥാനം നേടിയെടുക്കുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്താല്‍ കര്‍ഷകര്‍ക്ക് കൂച്ചുവിലങ്ങിടുന്ന ജന്മി നാടുവാഴിത്തത്തിനെതിരെ കര്‍ഷക കലാപം നയിച്ചതിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ട നാല് ധീര സഖാക്കളുടെ രക്തസാക്ഷിത്വത്തിലൂടെ കയ്യൂര്‍ ഒരു കാലഘട്ടത്തിന്റെ വീരേതിഹാസവും ഒരു നാടിന്റ മോചന പോരാട്ടത്തിന്റെ അഗ്‌നി ബിന്ദുവുമായി […]
കയ്യൂര്‍ സമര നായകരെ തൂക്കിലേറ്റി
എണ്‍പത്തിയൊന്ന് വര്‍ഷം
കഴുമരത്തിലെ കൊലക്കയര്‍ കഴുത്തില്‍ മുറുകുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് കയ്യൂര്‍ സമര സഖാക്കള്‍ കൈമാറിയ സന്ദേശം അന്ത്യമൊഴിയായി ഇപ്പോഴും സഖാക്കളുടെ ഉള്ളില്‍ നിറയുന്നു. പോരാട്ടങ്ങളുടെ ചരിത്ര താളുകളില്‍ കയ്യൂര്‍ അനശ്വര സ്ഥാനം നേടിയെടുക്കുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്താല്‍ കര്‍ഷകര്‍ക്ക് കൂച്ചുവിലങ്ങിടുന്ന ജന്മി നാടുവാഴിത്തത്തിനെതിരെ കര്‍ഷക കലാപം നയിച്ചതിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ട നാല് ധീര സഖാക്കളുടെ രക്തസാക്ഷിത്വത്തിലൂടെ കയ്യൂര്‍ ഒരു കാലഘട്ടത്തിന്റെ വീരേതിഹാസവും ഒരു നാടിന്റ മോചന പോരാട്ടത്തിന്റെ അഗ്‌നി ബിന്ദുവുമായി മാറുകയായിരുന്നു. ഇന്നലെ (മാര്‍ച്ച് 29) കയ്യൂര്‍ രക്തസാക്ഷിത്വത്തിന്റെ എണ്‍പത്തിയൊന്നാം വാര്‍ഷികമാണ്.
വിപ്ലവ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണകാന്തിയോടെ പ്രശോഭിക്കുന്ന നാല് പേരുകള്‍. മടത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പു നായര്‍, പള്ളിക്കല്‍ അബൂബക്കര്‍ എന്നീ വിപ്ലവകാരികള്‍ ത്രസിപ്പിച്ച വികാരവും ആവേശവുമാണ് കയ്യൂര്‍ രക്തസാക്ഷികള്‍. പലരും പലപ്പോഴും വ്യാഖ്യാനിക്കുന്നത് പോലെ ഒരു യാദൃശ്ചിക സംഭവമല്ല കയ്യൂര്‍ സംഭവം. നാടുവാഴിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കര്‍ഷക പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നടത്തിയ ധീരമായ സമരങ്ങളുടെ ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെയാണ് കയ്യൂര്‍ സമരം സൂചിപ്പിക്കുന്നത്. ജന്മി നാടുവാഴികളുടെ ക്രൂരമായ ചൂഷണം പണമിടപാടുകാരുടെ കൊള്ള, കനത്ത നികുതി പിരിച്ചു കൊണ്ട് പാവപ്പെട്ടവന്റെ നട്ടെല്ലൊടിക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വം- ഈ ത്രിമുഖ വിപത്തിനെയാണ് കര്‍ഷകര്‍ അന്ന് നേരിട്ടത്. 1934 മുതലാണ് കര്‍ഷക പ്രസ്ഥാനം ജന്മിത്വത്തിനെതിരെ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയത്. മറ്റ് സ്ഥലങ്ങളെപ്പോലെ നീലേശ്വരവും രാജഭരണത്തിന് കീഴിലായിരുന്നു. ഉദ്യോഗസ്ഥര്‍ നികുതി പിരിവിന് വന്നപ്പോള്‍ കയ്യൂരില്‍ സംഘടിക്കുന്നു എന്ന് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ അവസരത്തില്‍ തന്നെയാണ് കര്‍ഷക സംഘം യോഗം ചേര്‍ന്ന് രാജാവിന് നിവേദനം നല്‍കിയത്. കയ്യൂരില്‍ നിന്ന് നീലേശ്വരത്തേക്ക് ജാഥപോ കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. നിവേദനത്തിന്റെ കോപ്പി നേരത്തെ കിട്ടിയ ജന്‍മിയും പൊലീസുകാരും ചേര്‍ന്ന് ജാഥ പൊളിക്കാന്‍ തീരുമാനിച്ചു.
ചില പൊലീസുകാര്‍ ജന്മിയുടെ കാര്യസ്ഥന്‍മാരുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി. പൊലീസിന്റെയും ജന്മിയുടെയും നീക്കങ്ങള്‍ പ്രാദേശിക കമ്മറ്റി (സെല്‍) ജാഗ്രതയോടെ നിരീക്ഷിച്ചു. കെ.പി. വെള്ളുങ്ങ, സി. കൃഷ്ണന്‍ നായര്‍ എന്നിവര്‍ പൊലീസിനെ പിന്തുടര്‍ന്ന് അവരുടെ നീക്കങ്ങള്‍ മനസിലാക്കി. പൊലീസുകാരന്‍ രണ്ട് പേരെ അക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ പൊലീസിന് പരിക്കേറ്റു. ഈ സംഭവത്തെ തുടര്‍ന്ന് രാത്രി തന്നെ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിക്കോളാനും പാര്‍ട്ടിയും കയ്യൂരിലെത്തി. അപ്പുവിന്റെ ചായക്കട തല്ലിത്തകര്‍ത്തു. അവിടെ കിടന്നുറങ്ങിയ സഖാക്കളെ അറസ്റ്റ് ചെയ്തു. 27ന് നേരം പുലര്‍ന്നതോടെ മര്‍ദ്ദന വാര്‍ത്തയും അറസ്റ്റും കേട്ട് കയ്യൂര്‍ പ്രക്ഷുബ്ധമായി. എങ്ങും പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗവും നടന്നു. ചെറിയാക്കരയില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. ജാഥ മുന്നോട്ട് നീങ്ങവെ, തലേദിവസത്തെ മര്‍ദ്ദനത്തില്‍ പ്രധാനിയായ സുബ്ബരായന്‍ എന്ന പൊലീസുകാരന്‍ മൂക്കറ്റം മദ്യപിച്ച് പ്രകോപനങ്ങള്‍ കാട്ടി. പ്രകടനത്തില്‍ പങ്കെടുത്തവരുടെ വികാരങ്ങള്‍ ആളിക്കത്തിയെങ്കിലും സംഘാടകര്‍ ഇടപെട്ട് അവരെ നിയന്ത്രിച്ചു. തുടര്‍ന്ന് സുബ്ബരായ പതാകയുമേന്തി പ്രകടനത്തോടൊപ്പം നടക്കാന്‍ നിര്‍ബന്ധിതനായി. കുറെ നടന്നപ്പോള്‍ കൊടിയുടെ വടി പൊട്ടിച്ച് ജാഥക്ക് നേരെ തിരിയുകയും പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സമയത്ത് മുഴക്കോം-ക്ലായിക്കോട് നിന്നും ആരംഭിച്ച മറ്റൊരു ജാഥ എതിരെ വന്നു. തന്നെ ഇരു ഭാഗത്തു നിന്നും ആളുകള്‍ പിന്‍തുടരുകയാണെന്ന ധാരണയില്‍ സുബ്ബരായന്‍ പുഴയിലേക്ക് എടുത്തു ചാടി. മദ്യത്തിന്റെ ലഹരിയും യൂണിഫോമിന്റെ ഭാരവും കാരണം അദ്ദേഹം മുങ്ങിമരിച്ചു. ഈ സംഭവത്തെ തുടര്‍ന്ന് കയ്യൂരിലും പരിസര പ്രദേശത്തും ഭീകരമായ പൊലീസ് തേര്‍വാഴ്ച്ചയാണ് നടന്നത്. വീടുകള്‍ തല്ലിത്തകര്‍ത്തു. ആളുകളെ ക്രൂരമായി ആക്രമിച്ചു. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ത്രീകളെയും കുട്ടികളെയും അയല്‍ ഗ്രാമങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കയ്യൂരിലും പരിസര പ്രദേശങ്ങളിലും സംഹാര താണ്ഡവമാടിയ പൊലീസ് ചുവന്ന കൊടികള്‍ ചുട്ടുകരിച്ച് കമ്മ്യൂണിസ്റ്റുകാരെ മര്‍ദ്ദിച്ച് ഒതുക്കി.
ഇ.കെ. നായനാര്‍, വി.വി. കുഞ്ഞമ്പു എന്നിവരടക്കം നിരവധി പേരെ പ്രതികളാക്കി കൊലക്കേസ് ചാര്‍ജ്‌ചെയ്തു. എന്നാല്‍ ഒളിവില്‍ പോയ നായനാരെ പിടിക്കാന്‍ സാധിച്ചില്ല. കേസ് ഒരു വര്‍ഷത്തിലേറെ മംഗലാപുരം സെഷന്‍സ് കോടതിയില്‍ നടന്നു. തെളിവുകള്‍ ഭരണാധികാരികള്‍ക്ക് എതിരായിരുന്നു. എന്നാല്‍ വിധി അപ്രതീക്ഷിതവും. അഞ്ച് സഖാക്കളെ വധശിക്ഷക്ക് വിധിച്ചു. മറ്റുള്ളവരെ റിമാണ്ട് കാലം തടവായി പരിഗണിച്ച് വിട്ടയച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട ചൂരിക്കാടന്‍ കൃഷ്ണന്‍ നായരെ മൈനര്‍ ആയതിനാല്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി. അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വധശിക്ഷക്ക് വിധിച്ച സഖാക്കളെ സന്ദര്‍ശിക്കുന്നതിനും അഭിവാദ്യമര്‍പ്പിക്കുന്നതിനും വേണ്ടി പാര്‍ട്ടി സെക്രട്ടറി പി.സി. ജോഷി, സുന്ദരയ്യ, പി. കൃഷ്ണപ്പിള്ള, വി. വി. കുഞ്ഞമ്പു എന്നിവര്‍ കണ്ണൂര്‍ സെന്‍ട്രര്‍ ജയിലിലെത്തി നാല് പേര്‍ക്ക് ഹസ്തദാനം ചെയ്ത രംഗം ഹൃദയ ഭേദകമായിരുന്നു. ശൈശവത്തില്‍ നിന്ന് യുവത്വത്തിലേക്ക് കാലൂന്നിയിട്ടില്ലാത്ത കയ്യൂര്‍ സഖാക്കള്‍ കൊലമരത്തെ പുഞ്ചിരിയോടെ നേരിട്ട നിമിഷങ്ങള്‍ വിവരണാതീതമാണ്.
1943 മാര്‍ച്ച് 29ന് പുലര്‍ച്ചെ 5 മണിക്ക് കയ്യൂര്‍ സഖാക്കളെ ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റി. അവര്‍ കൊലമരത്തെ പുഞ്ചിരിയോടെ നേരിട്ടു. ദിഗന്തം പൊട്ടു മാറുച്ചത്തില്‍ മുദ്രാവാക്യം മുഴക്കി. ജയിലിലും കൊലമരത്തിലും ഏറ്റവും വലിയ പക്വത പ്രകടിപ്പിച്ച് ബോള്‍ഷെവിക്ക് പോരാളികളായി അവര്‍മാറി. അസാധാരണത്തിന്റെ പ്രതീകങ്ങളാണ് കയ്യൂര്‍ സഖാക്കള്‍. കയ്യൂര്‍ വീരേതിഹാസത്തിന്റെ വീരോജ്വല സ്മരണയുമായി തേജസ്വിനി ഇന്നും ഒഴുകുന്നു. മീന മാസത്തിലെ സൂര്യന് താഴെ തേജസ്വിനിയുടെ കുഞ്ഞോളങ്ങള്‍ നാല് അരുമ സഖാക്കളെ കുറിച്ച് ആര്‍ദ്രമായ ഓര്‍മകളില്‍ വിതുമ്പുകയാകാം.
-പാറക്കോല്‍ രാജന്‍