കാസര്‍കോട്: സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാനിയന്ത്രണം എന്നിവ വിലയിരുത്തി നല്കുന്ന കായകല്പ പുരസ്ക്കാരം ജില്ലയിലെ മൂന്ന് ആസ്പത്രികള്‍ക്ക്. ജില്ലാ ആസ്പത്രികളുടെ വിഭാഗത്തില്‍ ജനറല്‍ ആസ്പത്രിയും താലൂക്ക് ആസ്പത്രികളുടെ വിഭാഗത്തില്‍ തൃക്കരിപ്പൂര്‍, മംഗല്പാടി ആസ്പത്രികളും പുരസ്ക്കാരം നേടി. ആസ്പത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തിയാണ് പുരസ്ക്കാര നിര്‍ണയം നടത്തിയത്.
ജില്ലാ ആസ്പത്രി വിഭാഗത്തില്‍ ജനറല്‍ ആസ്പത്രി നാലാംസ്ഥാനം നേടി. 86.48 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. ഉപജില്ലാതലത്തില്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആസ്പത്രി ഏഴാം സ്ഥാനവും മംഗല്പാടി പത്താം സ്ഥാനവും കരസ്ഥമാക്കി. ഒരു ലക്ഷം രൂപ വീതമാണ് സമ്മാനത്തുക.
ജനുവരിയിലാണ് ആസപ്ത്രികളില് സംസ്ഥാനതല പരിശോധന നടത്തിയത്. ഇത് മൂന്നാം തവണയാണ് ജനറല്‍ ആസ്പത്രി കായകല്പ പരിശോധനയുടെ ഭാഗമകുന്നത്. അവാര്‍ഡ് നേടാന്‍ പ്രയത്നിച്ച ജീവനക്കാരെ സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എ ജമാല്‍ അഹ്മദ് എന്നിവര്‍ അഭിനന്ദിച്ചു. ജീവനക്കാരുടെ കുറവുണ്ടെങ്കിലും ഉള്ളവരുടെ ആത്മാര്‍ത്ഥ സേവനത്താലാണ് നേട്ടമുണ്ടായത്. ഗര്‍ഭിണികളുടെയും കുട്ടികളുടെയും പരിചരണം മെച്ചപ്പെടുത്തുന്ന എം.ബി.എഫ്. എച്ച് ഐ.യുടെ പരിശോധന നടന്നിട്ടുണ്ടെന്നും അതിലും നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.