കഥകളെ വെല്ലുന്ന ജീവിതം

1973 ഡിസംബര്‍ 2യുണൈറ്റഡ് അറബ് എമിറൈറ്റ്‌സിന്റെ പ്രഥമ വാര്‍ഷികാഘോഷത്തിന്റെ അലങ്കാരങ്ങളും ആരവങ്ങളും വര്‍ണ്ണപൊലിമയില്‍ മുങ്ങി നില്‍ക്കുന്ന തെരുവുകളും കണ്ടാസ്വദിച്ച് ഞാനും സമീറും അറബി കടല്‍ തീരത്ത് കൂടെ നടക്കുന്നതിനിടയില്‍ യാദൃശ്ചികമായാണ് ബോട്ടലിന്റെ ആകൃതിയില്‍ പണിത ഇരുനില കെട്ടിടം കണ്ടത്. കെട്ടിടത്തിന്റെ ശില്‍പചാതുരിയില്‍ കൗതുകം തോന്നി കെട്ടിടം ചുറ്റി കണ്ടു. പേര്‍ഷ്യന്‍ ശില്‍പ രീതിയില്‍ അണ്ഡാകൃതിയില്‍ പണിത ആകര്‍ഷകമായകെട്ടിയം കാണാന്‍ നല്ല…തിരക്ക്.അകത്ത് കടന്ന് ഉടമയുമായി പരിചയപ്പെട്ടു. മലയാളി ആണെന്നറിഞ്ഞപ്പോള്‍ സന്തോഷം. വയസ് എണ്‍പത് കഴിഞ്ഞു കാണും. പേര് അബ്ദുല്ല. […]

1973 ഡിസംബര്‍ 2
യുണൈറ്റഡ് അറബ് എമിറൈറ്റ്‌സിന്റെ പ്രഥമ വാര്‍ഷികാഘോഷത്തിന്റെ അലങ്കാരങ്ങളും ആരവങ്ങളും വര്‍ണ്ണപൊലിമയില്‍ മുങ്ങി നില്‍ക്കുന്ന തെരുവുകളും കണ്ടാസ്വദിച്ച് ഞാനും സമീറും അറബി കടല്‍ തീരത്ത് കൂടെ നടക്കുന്നതിനിടയില്‍ യാദൃശ്ചികമായാണ് ബോട്ടലിന്റെ ആകൃതിയില്‍ പണിത ഇരുനില കെട്ടിടം കണ്ടത്. കെട്ടിടത്തിന്റെ ശില്‍പചാതുരിയില്‍ കൗതുകം തോന്നി കെട്ടിടം ചുറ്റി കണ്ടു. പേര്‍ഷ്യന്‍ ശില്‍പ രീതിയില്‍ അണ്ഡാകൃതിയില്‍ പണിത ആകര്‍ഷകമായകെട്ടിയം കാണാന്‍ നല്ല…തിരക്ക്.
അകത്ത് കടന്ന് ഉടമയുമായി പരിചയപ്പെട്ടു. മലയാളി ആണെന്നറിഞ്ഞപ്പോള്‍ സന്തോഷം. വയസ് എണ്‍പത് കഴിഞ്ഞു കാണും. പേര് അബ്ദുല്ല. നാട് പൊന്നാനി.
കെട്ടിടത്തിനകത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിച്ച നൂറു കണക്കില്‍ ബോട്ടിലുകള്‍, പഞ്ചലോഹങ്ങള്‍ക്കൊണ്ട് നിര്‍മ്മിച്ച ഭരണികള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാണയങ്ങള്‍.
യു.എ.ഇലെത്തുന്ന ഭരണാധികാരികളും സഞ്ചാരികളും നയതന്ത്രജ്ഞരും ഈ വിസ്മയ ലോകം കാണാതെ പോകാറില്ല. സോളമന്‍ രാജാവ്, ഗ്വാളിയോര്‍ രാജ്ഞി, ക്ലിയോ പാട്ര തുടങ്ങിയവര്‍ സുഗന്ധദ്രവ്യങ്ങള്‍ സൂക്ഷിച്ച ബോട്ടിലുകള്‍, പേര്‍ഷ്യന്‍, അറബി, ചൈനീസ്, ഹിബ്രു തുടങ്ങിയ ഭാഷകള്‍ ബോട്ടിലുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ബോട്ടില്‍ രാജാവ് എന്നാണ് ഇതിന്റെ ഉടമ അബ്ദുല്ലയെ പത്രങ്ങള്‍ വിശേഷിപ്പിക്കുന്നത്.
പൊന്നാനി പുതിയ റോഡ് എന്ന സ്ഥലത്താണ് അബ്ദുല്ലയുടെ ജനനം. പിതാവ് മത്സ്യത്തൊഴിലാളി. ദാരിദ്ര്യം കാരണം എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒരു ജോലിക്കു വേണ്ടി അന്വേഷണം നടത്തുമ്പോഴാണ് പൊന്നാനിയില്‍ അത്തര്‍ കച്ചവടത്തിനു വരുന്ന സമീര്‍ഖാന്‍ എന്ന ബോംബെക്കാരനുമായി പരിചയപ്പെടുന്നത്. ബോംബെയില്‍ ഒരു ജോലിക്കു വേണ്ടി സമീര്‍ഖാന്റെ കൂടെ പുറപ്പെട്ടു. നല്ല ജോലി ലഭിക്കുന്നതു വരെ സമീര്‍ഖാന്റെ അത്തര്‍ ഷാപ്പില്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചു. മുംബൈ മുഹമ്മദലി റോഡില്‍ നിന്നു ഡോങ്കിരിയിലേക്കു തിരിയുന്ന വളവില്‍ എ.കെ ചൗക്കിലെ പാഴ്‌സി ബില്‍ഡിങ്ങില്‍ ഒരു കൊച്ചു മുറി. അതാണു സമീര്‍ഖാന്റെ അത്തര്‍ഷാപ്പ്. അതിനിടെ യു.എ.ഇയില്‍ നിന്നു മുംബൈയില്‍ കച്ചവടത്തിന് വരുന്ന യൂസഫ് യാക്കൂബ് എന്ന അറബി അത്തര്‍ കച്ചവടത്തിനു അബൂദാബിയില്‍ സൗകര്യം ചെയ്തു കൊടുക്കാമെന്നു പറഞ്ഞു. സമീര്‍ഖാന്‍ യൂസഫ് യാകൂബിന്റെ കൂടെ അബൂദാബിയിലേക്കു പുറപ്പെട്ടു. ഒപ്പം അബ്ദുല്ലയെയും കൂട്ടി. സമീര്‍ഖാന്‍ അറബിയുടെ സഹായത്തോടെ അബൂദാബിയില്‍ ഒരു പെര്‍ഫ്യൂം ഷാപ്പ് ആരംഭിച്ചു. അബ്ദുല്ല സമീര്‍ഖാന്റെ ഷാപ്പില്‍ ജോലി ചെയ്യുന്നതോടൊപ്പം യൂസഫ് യാക്കൂബിന്റെ നിര്‍ബന്ധ പ്രകാരം വിവിധ ഭാഷകള്‍ അഭ്യസിക്കാന്‍ ട്യൂഷനു പോയി തുടങ്ങി. പഠിപ്പില്‍ മിടുക്കനായ അബ്ദുല്ലയെ യൂസഫ് യാക്കൂബും സമീര്‍ഖാനും പ്രോത്സാഹിപ്പിച്ചു. അറബിയുടെ സഹായത്തോടെ അബ്ദുല്ലക്ക് മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭിച്ചു. നേവിയിലെ ജോലി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അബ്ദുല്ലയെ സഹായിച്ചു. ഓരോ രാജ്യങ്ങളിലുമുള്ള പുരാവസ്തുക്കളെ കുറിച്ച് പഠിക്കുകയും അത് ശേഖരിക്കുകയും ചെയ്യുക എന്നതിലായിരുന്നു അബ്ദുല്ലക്ക് താല്‍പര്യം. കപ്പല്‍ ഓരോ നാട്ടിലും എത്തുമ്പോള്‍ അവിടത്തെ പുരാവസ്തു വില്‍പന പ്രദര്‍ശന കേന്ദ്രങ്ങള്‍ അന്വേഷിച്ച് കണ്ടെത്തും. ഷാപ്പിലുള്ള പുരാവസ്തുക്കള്‍ പ്രത്യേകിച്ച് കുപ്പികളും ബോട്ടിലുകളും എന്തും വില കൊടുത്തും വാങ്ങും. നേവിയില്‍ നിന്നു വിരമിച്ചതിനു ശേഷം അബ്ദുല്ല അബുദാബിയില്‍ ആന്റിക്ക് ഷാപ്പു ചെറിയ രൂപത്തില്‍ ആരംഭിക്കുകയും പിന്നീടത് വിപുലമാക്കുകയും ചെയ്തു.
"എനിക്ക് പിതൃതുല്യന്‍ സമീര്‍ഖാന്റെ കൂടെ ജോലി ചെയ്യുമ്പോള്‍ തോന്നിയ ആശയമാണ് ഈ സ്ഥാപനം. മുപ്പത്തഞ്ചു വര്‍ഷത്തെ സമ്പാദ്യം". ഷാപ്പിനകത്ത് ഒതുക്കി വെച്ച ബോട്ടിലുകളുടെ ചരിത്രം വിവരിക്കുമ്പോള്‍ അബ്ദുല്ല സഞ്ചാരികളോട് പറയും.
എത്ര വലിയ തുക കിട്ടിയാലും ശേഖരണത്തിലുള്ള ഒരു സാധനവും അദ്ദേഹം പുറത്തു വില്‍ക്കാറില്ല. അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കന്റെ ചിത്രങ്ങളും അമേരിക്കയുടെ ചിഹ്നവുമടങ്ങിയ സ്വര്‍ണ്ണ ബോട്ടില്‍ അബ്ദുല്ലയുടെ ശേഖരത്തിലെ ഏറ്റവും വില കൂടിയ സാധനങ്ങളില്‍ ഒന്നാണ്. അമേരിക്കയില്‍ നിന്നു വന്ന ഒരു വ്യവസായി ഇതിനു പതിനായിരം ഡോളര്‍ വില പറഞ്ഞെങ്കിലും അബ്ദുല്ല സ്‌നേഹപൂര്‍വ്വം നിരസിച്ചു. ജര്‍മ്മനിയിലെ ഒരു മ്യൂസിയം ഉടമ അബ്ദുല്ലയുടെ ശേഖരത്തിലുള്ള ചില ബോട്ടിലുകള്‍ക്ക് വേണ്ടി നിരവധി തവണ സമീപിച്ചു. ആവശ്യപ്പെടുന്ന തുക നല്‍കാന്‍ സന്നദ്ധമായിക്കൊണ്ട് ശേഖരത്തിലുള്ള ഒരു സാധനവും വില്‍ക്കാറില്ലെന്നു അബ്ദുല്ല അദ്ദേഹത്തെ വിനയപൂര്‍വ്വം അറിയിച്ചു.
അറബ് യൂണിവേഴ്‌സിറ്റികളും സംഘടനകളും സാംസ്‌കാരിക വകുപ്പും അബ്ദുല്ലയെ നിരവധി തവണ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ജനീവ, ജര്‍മ്മന്‍, ന്യൂയോര്‍ക്ക്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ പുരാവസ്തു ഗവേഷണ സംഘങ്ങള്‍ സംഘടിപ്പിച്ച എക്‌സിബിഷനുകളില്‍ അദ്ദേഹം പങ്കെടുക്കുകയും ബഹുമതികള്‍ കരസ്ഥമാക്കുകയും ചെയ്തു.
പൊന്നാനിയിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച് ജോലി തേടി ബോംബെയ്ക്കു പോയ അബ്ദുല്ല ഗള്‍ഫിലെ മലയാളി സമ്പന്നരില്‍ മുന്‍നിരയിലെത്തുകയും ബോട്ടില്‍ ചക്രവര്‍ത്തി എന്ന കീര്‍ത്തി സമ്പാദിക്കുകയും ചെയ്തിട്ടും അദ്ദേഹത്തിന്റെ വിനയവും എളിമയും നമുക്ക് അദ്ദേഹത്തോടുള്ള ആദരവ് വര്‍ധിപ്പിക്കുന്നു. "അന്യമായിക്കൊണ്ടിരിക്കുന്ന പുരാവസ്തുക്കള്‍ വരും തലമുറയ്ക്കു വേണ്ടി സൂക്ഷിച്ചുവെക്കുന്നു. അതു മാത്രമെ ഞാന്‍ ചെയ്യുന്നുള്ളൂ". തന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കുന്നവരോട് അദ്ദേഹം വിനയപൂര്‍വ്വം പറയും.

-ആറ്റക്കോയ പള്ളിക്കണ്ടി

Related Articles
Next Story
Share it