ഈ കഥാ സമാഹാരത്തിലെ മറ്റൊരു സവിശേഷത സ്ത്രീ എഴുത്തുകാരുടെ കഥകളും അവയുടെ വൈവിധ്യവുമാണ്. പ്രമേയത്തിലും അവതരണത്തിലും വേറിട്ടു നില്‍ക്കുന്ന 13 ഓളം സ്ത്രീ എഴുത്തുകാരുടെ കഥകളാണ് ഇതിലുള്ളത്. ലളിതാ റായ്, രാജശ്രീ താരാനാഥ റായ്, ശശികല വോര്‍ക്കാടി, അത്രാഡി അമൃതാ ഷെട്ടി, ഗീത സുറത്കല്‍, സായി ഗീത, കാതറിന്‍ റോഡ്രിക്‌സ്, ഡി. വേദവതി, എസ് ശകുന്തളാ ഭട്ട് തുടങ്ങിയ എഴുത്തുകാര്‍ തുളുനാട്ടില്‍ വളരെ പ്രശസ്തരാണ്.
പെണ്ണ്-മണ്ണ്-പണം, കലാപം തുടങ്ങിയ കഥകള്‍ രചിച്ചത് ലളിതാറായിയാണ്. സാമൂഹ്യ പരിവര്‍ത്തനം ലക്ഷ്യം വെക്കുന്ന വിപ്ലവകഥകളാണവ. ‘സുഗ്ഗി മാസത്തിലെ വിളവെടുപ്പ് കഴിഞ്ഞു. ആറ് കലസ വിത്ത് വിതക്കുന്ന ഒറ്റ വിളപാടമായിരുന്നു അത്. കൊയ്ത്തിന് ശേഷം കറ്റമെതിച്ച് മുറ്റത്ത് നെല്ല് കുന കൂട്ടിയിരിക്കുകയാണ്. തുളുനാട്ടിലെ സാധാരണ ഒരു ഗ്രാമക്കാഴ്ചയിലാണ് കഥ ആരംഭിക്കുന്നത്. മയിരക്കയുടെ മകളായ ചന്ദ്രഭാഗിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കോഴിയങ്കത്തില്‍ അബദ്ധത്തിലേറ്റ മുറിവാല്‍ ഭര്‍ത്താവിനെ അവള്‍ക്ക് നഷ്ടപ്പെടുന്നു. അമ്മാവനായ വെങ്കപ്പറായുടെ പീഡനങ്ങള്‍ക്ക് വിധേയയായ ഭാഗി അതിനെതിരെ പ്രതികരിക്കുകയും പുനര്‍ വിവാഹിതയാവുകയും ചെയ്യുന്നു. മരുമക്കത്തായം, കോഴിയങ്കം, വീടുകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലായ്മ തുടങ്ങിയവ ഈ കഥ ചര്‍ച്ച ചെയ്യുന്നു.
ഹിന്ദു മുസ്ലീം ലഹളയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു കഥയാണ് കലാപം. ശകുന്തളയാണ് കേന്ദ്ര കഥാപാത്രം. മദ്യപാനിയായ ഭര്‍ത്താവ് അവളെ ശാരീരികമായി പീഡിപ്പിക്കുകയും വ്യഭിചാരത്തിന് പ്രേരിപ്പിക്കുകയും ചെയ്യന്നു. ഒടുവില്‍ ഒരു മുസ്ലീം യുവാവ് അവളുടെ സഹായത്തിനെത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു. കുമാരനാശാന്റെ ദുരവസ്ഥയ്ക്ക് സമാനമായ പ്രമേയം. കവിതയില്‍ ചാത്തന്‍ പുലയനെങ്കില്‍ ഇവിടെ സഹീര്‍ എന്ന മുസ്ലീം യുവാവാണ് സ്ത്രീയുടെ സംരക്ഷകനാവുന്നത്.
തുളുനാട്ടിലെ സവിശേഷമായ ഒരനുഷ്ഠാന കലയാണ് ഭൂതാരാധന. ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു കഥയാണ് കാതറിന്‍ റോഡ്രിക്‌സിന്റെ ജുമാദി ന്യായാധിപനൊരു ഹരജി (ഉയിലു). പണം കളവു പോയപ്പോള്‍ കള്ളനെ പിടിക്കാന്‍ സഹായിച്ചാല്‍ ജുമാദി ഭൂതത്തിനെ കെട്ടിയാടിക്കുമെന്ന നേര്‍ച്ചനേരുന്നു. കോലക്കാരനറിയാമായിരുന്നു പണം മോഷ്ടിച്ചതും കൊല നടത്തിയതും ആരാണെന്നത്. ജുമാദി ഇതിന്റെ സൂചന നല്‍കുമ്പോള്‍ അധികാരിയുടെ മകന് ഭ്രാന്ത് പിടിക്കുന്നു. സത്യ ദേവതയായ ദൂതം ദുഷ്ടരെ ശിക്ഷിക്കുമെന്ന തുളുനാട്ടുകാരുടെ വിശ്വാസമാണ് ഈ കഥയിലൂടെ പ്രകീര്‍ത്തിക്കപ്പെടുന്നത്.
പുതിയ തലമുറയിലെ എഴുത്തുകാരുടെ ഒട്ടേറെ കഥകള്‍ ഈ സമാഹാരത്തിലുണ്ട്. അവ തുളു കഥകളുടെ വൈശിഷ്ട്യം പറഞ്ഞറിയിക്കുന്നുമുണ്ട്. അക്കൂട്ടത്തില്‍പ്പെടുന്ന രണ്ട് കഥകളാണ് രഘു ഇദ്കിദുവിന്റെ നാഗ കല്യാണിയും (നാഗെ ബൊക്ക കല്യാണി) ജയന്തി എസ്. ബംഗെരയുടെ നാഗശ്രീയും. സാധാരണ കുടുംബാന്തരീക്ഷത്തില്‍ നടക്കുന്ന ഒരു കഥയാണിത്. കമലക്കയുടെ മരുമകള്‍ പ്രസവിക്കാത്തതിനെക്കുറിച്ചുള്ള ചര്‍ച്ചയോടെയാണ് കഥയുടെ തുടക്കം. ഒടുവില്‍ പണിക്ക് പോയിരുന്ന വീട്ടിലെ ജന്‍മിയുടെ മകനായ നാഗേഷില്‍ നിന്നും അവള്‍ അവിഹിതമായി ഗര്‍ഭം ധരിക്കുന്നു. ഇതു തിരിച്ചറിഞ്ഞ കമലക്ക അവളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുന്നു. കുടുംബ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ കഥയില്‍ അന്ധവിശ്വാസവും ചതിയും വഞ്ചനയുമൊക്കെ കടന്നുവരുന്നു.
ആധുനിക കഥകളുടെ എല്ലാ തികവും ഒത്തിണങ്ങിയ കഥകളില്‍ ഒന്നാണ് നാഗശ്രീ. ഒരു പക്ഷെ ഈ കഥയുടെ തര്‍ജ്ജമ വല്ലാത്ത ഒരു സൗന്ദര്യം ഈ കഥയ്ക്ക് നല്‍കുന്നു. മലയാളത്തിലെ പുതിയ കാലത്തെ കഥകളോട് കിട പിടിയ്ക്കാവുന്ന കഥ എന്ന് എളുപ്പത്തില്‍ ചൂണ്ടി കാണിക്കാവുന്ന ഈ സമാഹാരത്തിലെ കഥകളിലൊന്നാണിത്. ‘ഫല്‍ഗുനി നദിക്കരയിലെ ചെറിയ ചേരികളിലൊന്നായിരുന്നു അത്. മായി മാസം വരെ പുഴയില്‍ യഥേഷ്ടം വെള്ളം കാണും. കര്‍ഷകര്‍ കുറുകെ തടയിണകള്‍ കെട്ടിയും പമ്പുസെറ്റ് ഉപയോഗിച്ചും കാര്‍ഷികാവശ്യത്തിനുള്ള വെള്ളം ശേഖരിക്കുന്നത് ഈ പുഴയില്‍ നിന്നാണ്. കഥ തുടങ്ങുന്നതിങ്ങനെയാണ്.’ ഗ്രാമത്തിലെ വന്‍ തോക്കായ ശ്രീനിവാസ റാവുവിനും ഭാര്യ ലക്ഷ്മി അമ്മക്കും ഒരു യാത്രയില്‍ തോട്ടിന്‍ കരയില്‍ നിന്നും ഒരു ആണ്‍ കുഞ്ഞിനെ കിട്ടുന്നു. അവന് നാഗരാജനെന്ന് പേരിട്ട് അയാള്‍ വളര്‍ത്തുന്നു. കാലാന്തരത്തില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി ലക്ഷ്മി അമ്മ മരിച്ച് പോകുന്നു. നാഗവേണിയെന്നായിരുന്നു അവളുടെ പേര്. അവര്‍ പരസ്പരം സ്‌നേഹിച്ച് വളര്‍ന്നു. ബോംബെയിലെ വ്യവസായ പ്രമാണിയുടെ മകന് അവളെ വിവാഹം ചെയ്തു കൊടുക്കുന്നു. കുട്ടികള്‍ പിറക്കാത്ത അവള്‍ക്ക് വേണ്ടി നാഗക്കോല നടത്താന്‍ അച്ഛന്‍ തീരുമാനിക്കുന്നു. ബോംബെയില്‍ നിന്നും അവള്‍ തനിച്ച് നാട്ടിലെത്തുന്നു. നാഗക്കോലം കഴിഞ്ഞ രാത്രി അവള്‍ അശുഭചിന്തകളുമായി ഉറങ്ങിപ്പോയി. ഉറക്കത്തില്‍ മനുഷ്യന്റെ ഉടലുള്ള ഒരു സര്‍പ്പം തന്റെ മുന്നില്‍ പത്തി വിടര്‍ത്തിയാടുന്നതായും തന്റെ ശരീരമാസകലം ഇക്കിളി കൂട്ടുന്നതായും അവള്‍ സ്വപ്‌നം കണ്ടു. കണ്ണുകള്‍ തുറന്നപ്പോള്‍ തന്റെ അടുത്ത് തളര്‍ന്നുറങ്ങുന്ന നാഗയെയാണവള്‍ കണ്ടത്. ബോംബെയിലെത്തിയ അവള്‍ ഗര്‍ഭിണിയായി. ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അവള്‍ക്ക് നാഗശ്രീ എന്ന പേരും നല്‍കി.
അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളും സംഭവങ്ങളും കൊണ്ട് വായനക്കാരനെ ഈ കഥ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. തുളുവിലെ ഈ കഥാസാഗരം മലയാളിയുടെ വായനാലോകത്ത് നിറഞ്ഞാടുന്നത് സര്‍ഗ്ഗാത്മകഭാഷയിലുള്ള ആഖ്യാനത്തിലൂടെയാണെന്ന് അടിവരയിട്ട് പറയാം. താന്‍ ബഹുഭാഷാപണ്ഡിതനൊന്നുമല്ലെന്ന് മുഖവുരയില്‍ ഡോ.എ.എം. ശ്രീധരന്‍ പറയുന്നുണ്ടെങ്കിലും ഈ കൃതി വായിക്കുന്ന ഏതൊരാള്‍ക്കും വിവര്‍ത്തകന്റെ ബഹുഭാഷാപാണ്ഡിത്യവും സര്‍ഗ്ഗാത്മക സിദ്ധിയും അനുഭവപ്പെടുക തന്നെ ചെയ്യും. തുളുമലയാളം നിഘണ്ടു, തുളു: പാരമ്പര്യവും വീണ്ടെടുപ്പും, ദൂജി കെമ്മൈരെ, സതികമല തുടങ്ങിയ ഉത്കൃഷ്ട കൃതികള്‍ നേരത്തെ തന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിസ്മൃതമായിക്കൊണ്ടിരിക്കുന്ന ഒരു നാടിന്റെ സാംസ്‌കാരിക ചരിത്ര പൈതൃകമാണ് ഈ കഥാ സമാഹരത്തിലൂടെ വിവര്‍ത്തകന്‍ നമ്മെ പരിചയപ്പെടുത്തുന്നത്.
അതുകൊണ്ട് തന്നെ ഈ കൃതി കാലാതിവര്‍ത്തിയായി മാറുകയും മലയാള ഭാഷയ്ക്ക് എന്നും മുതല്‍ കൂട്ടാവുകയും ചെയ്യുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.
-ഡോ.ജയരാജന്‍ കാനാട്