കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും എം.ഡി.എം.എ. വേട്ട. സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി പിടിയിലായ മൂന്ന് യുവാക്കളെ കോടതി റിമാണ്ട് ചെയ്തു. ഇന്നലെ ഉളിയത്തടുക്കയിലെ മധൂര്‍ പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്ത് വെച്ചാണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കള്‍ 11 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.
പട്ട്‌ളയിലെ അബ്ദുല്‍ റൗഫ് (37), ഉളിയത്തടുക്ക എസ്.പി. നഗറിലെ ആഷിഖ് (24), നീര്‍ച്ചാല്‍ ബിര്‍മ്മിനടുക്കയിലെ സാബിത്ത് (26) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് എസ്.ഐമാരായ വിഷ്ണുപ്രസാദ്, രാകേഷ്, എ.എസ്.ഐ. വിജയന്‍, പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ഷാജു എന്നിവര്‍ നടത്തിയ പരിശോധനയിലാണ് മൂന്നംഗസംഘം പിടിയിലായത്. സ്‌കൂട്ടറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ എം.ഡി.എം.എ. തൂക്കുന്നതിനുള്ള ചെറിയ ത്രാസ്, നാല് മൊബൈല്‍ഫോണുകള്‍, മയക്കുമരുന്ന് വലിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ്, 50 പാക്കറ്റുകള്‍, 19,780 രൂപ തുടങ്ങിയവ കണ്ടെത്തി.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി പൊലീസ് നടത്തിവരുന്ന പരിശോധനയില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ 30ലേറെ യുവാക്കളാണ് മയക്കുമരുന്നുമായി പിടിയിലായത്. വിവിധ ഭാഗങ്ങളില്‍ നിന്ന് കഞ്ചാവ് കടത്തും പിടിച്ചിരുന്നു.