കാസര്‍കോട്: അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വനിതാ ക്ഷേമത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഊന്നല്‍ നല്കി കാസര്‍കോട് നഗരസഭാ ബജറ്റ്. നഗരസഭയിലെ എല്ലാ മേഖലകളിലും ഗതാഗതം, നടപ്പാതകള്‍, ഓവുചാലുകള്‍ തുടങ്ങി മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് വൈസ് ചെയര്‍ പേഴ്സണ്‍ ശംസീദാ ഫിറോസ് പറഞ്ഞു. നഗരസഭാ ചെയര്മാന് അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. ബജറ്റിന്റെ ആദ്യഭാഗം മലയാളത്തിലും തുടര്‍ന്നുള്ളവ കന്നടയിലുമാണ് ശംസീദ വായിച്ചത്.
8,62,61,908 രൂപ നീക്കിയിരിപ്പും 35,64,85,626 രൂപ വരവും അടക്കം 44,27,47,534 രൂപ ആകെവരവും 38,08,24,326 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് 2021-22 വര്‍ഷത്തെ മതിപ്പ് ബജറ്റ്. ചെറുകിട വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് വ്യവസായം നടത്തുന്നതിന് ഇന്‍ക്യുബേഷന്‍ സെന്റര്‍~ഒരുക്കും. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി. ജല സംരക്ഷണം ഉറപ്പുവരുത്തുന്നതിന് നഗരത്തിലെ പൊതു കിണറുകളും കുളങ്ങളും കനാലുകളും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കും. നഗരസഭയിലെ പാര്‍പ്പിട പ്രശ്നം പരിഹരിക്കും. ആരോഗ്യ രംഗത്ത് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ജനറല്‍ ആസ്പത്രി, ആയുര്‍വ്വേദ ആസ്പത്രി, ഹോമിയോ ആസ്പത്രി, വയോമിത്രം, പ്രൈമറി, സെക്കണ്ടറി പാലിയേറ്റീവ് മേഖലകളില്‍ ആവശ്യമായ മരുന്നുകളും അടിസ്ഥാന സൗകര്യങ്ങളും ചെയ്യുന്നതിന് തുക വകയിരുത്തി. കാസര്‍കോട് നഗരസഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കും.
ചില എതിര്‍പ്പുകള്‍ മൂലം മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്ക് തടസം നേരിടുന്നുണ്ട്. തുമ്പൂര്‍മുഴി മാലിന്യ സംസ്കരണ പ്ലാന്റ്, ബയോ ഗ്യാസ് പ്ലാന്റ്. റിംഗ് കമ്പോസ്റ്റ്, ബയോബിന്‍ പദ്ധതി തുടങ്ങിയവക്ക് ഇത്തവണയും നടപടി സ്വീകരിക്കും. ശുചിത്വ കേരള പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപ വകയിരുത്തി.
ഉറവിടങ്ങളില്‍ തന്നെ മാലിന്യം സംസ്കരിക്കുന്നതിനും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിനും നടപടി സ്വീകരിക്കും. രാത്രികാല സ്ക്വാഡ് പ്രവര്‍ത്തിക്കും. നഗരപ്രദേശത്തെ സാഹിത്യ പ്രതിഭകള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരെ സംഘടിപ്പിച്ച് സാംസ്കാരിക കൂട്ടായ്മ വഴി പരമ്പരാഗത കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
സാഹിത്യ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയവരെ സ്മരിക്കുന്നതിനും നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അനുമോദിക്കുന്നതിനും പരിപാടികള്‍ ആവിഷ്കരിക്കും. കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് 31 ലക്ഷം രൂപ വകയിരുത്തി. വിദ്യാഭ്യാസ-കായിക മേഖലകളിലും വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു. കായിക രംഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഗെയിംസ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും.