കാസര്‍കോട്ട് മെഡിക്കല്‍ കോളേജ് അനിവാര്യം; മേയ്ത്ര ഗ്രൂപ്പ് കൂടെ നില്‍ക്കും-ഡോ. അലി ഫൈസല്‍

കാസര്‍കോട്: മെഡിക്കല്‍ കോളേജ് കാസര്‍കോടിന് അനിവാര്യമാണെന്നും ഇതുമായി സഹകരിക്കാന്‍ മേയ്ത്ര ഹോസ്പിറ്റല്‍ ഗ്രൂപ്പ് തയ്യാറാണെന്നും പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും മേയ്ത്ര ഗ്രൂപ്പ് ഡയറക്ടറുമായ ഡോ. അലി ഫൈസല്‍. ഉത്തരദേശത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്ത് കാസര്‍കോടിന് പുതിയൊരു ഉണര്‍വ്വ് പകരാനാണ് മേയ്ത്ര ഗ്രൂപ്പ് ഇവിടെ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയത്. മംഗലാപുരത്തിനോട് തൊട്ടടുത്ത് കിടക്കുന്ന പ്രദേശമായതിനാലാവാം ആരോഗ്യമേഖലയില്‍ കാസര്‍കോട്ട് വലിയ പുരോഗതി ഇല്ലാതെപോയത്. ഒരു മണിക്കൂര്‍ യാത്രചെയ്താല്‍ എത്താവുന്ന മംഗലാപുരം തൊട്ടടുത്താണ്. മറ്റെവിടേയും ഇല്ലാത്ത തരത്തില്‍ നിരവധി മെഡിക്കല്‍ […]

കാസര്‍കോട്: മെഡിക്കല്‍ കോളേജ് കാസര്‍കോടിന് അനിവാര്യമാണെന്നും ഇതുമായി സഹകരിക്കാന്‍ മേയ്ത്ര ഹോസ്പിറ്റല്‍ ഗ്രൂപ്പ് തയ്യാറാണെന്നും പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും മേയ്ത്ര ഗ്രൂപ്പ് ഡയറക്ടറുമായ ഡോ. അലി ഫൈസല്‍. ഉത്തരദേശത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ രംഗത്ത് കാസര്‍കോടിന് പുതിയൊരു ഉണര്‍വ്വ് പകരാനാണ് മേയ്ത്ര ഗ്രൂപ്പ് ഇവിടെ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയത്. മംഗലാപുരത്തിനോട് തൊട്ടടുത്ത് കിടക്കുന്ന പ്രദേശമായതിനാലാവാം ആരോഗ്യമേഖലയില്‍ കാസര്‍കോട്ട് വലിയ പുരോഗതി ഇല്ലാതെപോയത്. ഒരു മണിക്കൂര്‍ യാത്രചെയ്താല്‍ എത്താവുന്ന മംഗലാപുരം തൊട്ടടുത്താണ്. മറ്റെവിടേയും ഇല്ലാത്ത തരത്തില്‍ നിരവധി മെഡിക്കല്‍ കോളേജുകളാണ് മംഗലാപുരത്തുള്ളത്. എന്നാല്‍ കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ കാസര്‍കോട്ടെ രോഗികള്‍ക്ക് കോഴിക്കോട് അടക്കമുള്ള നഗരങ്ങളെ ആശ്രയിക്കേണ്ടിവന്നു. നിരവധി പേര്‍ ചികിത്സ തേടി മേയ്ത്ര ഹോസ്പിറ്റലിലും എത്തി. ഞാന്‍ മദ്രാസില്‍ ജോലി ചെയ്യുന്ന കാലത്തും കാസര്‍കോട്ട് നിന്നുള്ള രോഗികള്‍ വരാറുണ്ടായിരുന്നു. ആരോഗ്യ മേഖലയിലെ പോരായ്മ പരിഹരിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഒരു മെഡിക്കല്‍ കോളേജ് കാസര്‍കോട്ട് വരേണ്ടതാണ്. പൊതുമേഖലയിലേയോ സര്‍ക്കാറിന്റേയോ ഇത്തരം ശ്രമങ്ങള്‍ക്ക് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കാന്‍ മേയ്ത്ര ഗ്രൂപ്പ് തയ്യാറാണ്. കോഴിക്കോട്ടെ ബീച്ച് ആസ്പത്രിയില്‍ 25 ബെഡ് ഐ.സി.യു ഞങ്ങളാണ് ഒരുക്കിയത്. മഞ്ചേരി ജില്ലാ ആസ്പത്രിയിലെ ഐ.സി.യുവും ഞങ്ങളുടെ സപ്പോര്‍ട്ടോടെയാണ് പ്രവര്‍ത്തിക്കുന്നത്-ഡോ. അലി ഫൈസല്‍ പറഞ്ഞു.
മേയ്ത്ര ഗ്രൂപ്പ് കാസര്‍കോട് ചെമനാട്് ആരംഭിച്ച ക്ലീനിക്കും യുണൈറ്റഡ് ആസ്പത്രിയില്‍ ആരംഭിച്ച ഹാര്‍ട്ട് സെന്ററും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടെന്നും രണ്ടിടത്തും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂണൈറ്റഡ് മേയ്ത്ര ഹാര്‍ട്ട് സെന്ററില്‍ രണ്ടുപേര്‍ക്ക് ബീറ്റിംഗ് ഹാര്‍ട്ട് ബൈപ്പാസ് സര്‍ജറി നടത്തിയത് ജില്ലയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. ന്യൂറോ സര്‍ജറി വിഭാഗം താമസിയാതെ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. മേയ്ത്ര ഗ്രൂപ്പിനോട് കാസര്‍കോട്ടെ ജനങ്ങള്‍ കാണിച്ച വിശ്വാസമാണ് ഇവിടെ ചികിത്സാ സംവിധാനങ്ങള്‍ ആരംഭിക്കാനുള്ള ഒരു കാരണം. മേയ്ത്ര ഗ്രൂപ്പ് കോഴിക്കോട്ട് ആസ്പത്രി തുടങ്ങിയപ്പോള്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് നിരവധി രോഗികള്‍ എത്തുമായിരുന്നു. പോരാത്തതിന് കാസര്‍കോടുമായി വൈകാരികമായ ബന്ധവുമുണ്ട്. മേയ്ത്ര ഗ്രൂപ്പ് ചെയര്‍മാന്‍ ഫൈസല്‍ ഇ. കൊട്ടിക്കോളന്‍ കല്ല്യാണം കഴിച്ചത് മംഗലാപുരത്ത് നിന്നാണെങ്കിലും ഒരുപാട് ബന്ധുക്കള്‍ കാസര്‍കോട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
ചെമനാട്ട് കെയര്‍ ക്ലിനിക്ക് ആരംഭിക്കുന്നതിന്റെ ആദ്യഘട്ട ചര്‍ച്ചയില്‍ ഡോക്ടര്‍മാരെ ഇങ്ങോട്ട് വിട്ട് ഒ.പി നടത്തുക, പ്രശ്‌നങ്ങളുള്ളവരെ കോഴിക്കോട്ടേക്ക് വരുത്തുക എന്നായിരുന്നു ചിന്ത. എന്നാല്‍ അതുകൊണ്ട് മാത്രം ഇവിടത്തെ രോഗികള്‍ക്ക് വലിയതോതിലുള്ള പ്രയോജനം ലഭിക്കില്ല എന്ന് മനസ്സിലാക്കിയാണ് ഇവിടെ തന്നെ ഒരു ഹാര്‍ട്ട് സെന്റര്‍ സജ്ജീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. ഞങ്ങള്‍ ഇവിടത്തെ ആസ്പത്രികള്‍ പരിശോധിച്ചപ്പോള്‍ യുണൈറ്റഡ് ആസ്പത്രിയില്‍ അതിനുള്ള സംവിധാനങ്ങളുണ്ടെന്ന് മനസ്സിലാക്കി ആധുനിക രീതിയില്‍ സജ്ജീകരിച്ച് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് തന്നെ കാത്ത് ലാബ്, ഐ.സി.യു, തുടങ്ങിയ സംവിധാനങ്ങളൊക്കെ ഒരുക്കി. ഇപ്പോള്‍ പൂര്‍ണ്ണസമയ ഒരു കാര്‍ഡിയോ സര്‍ജ്ജനാണ് ഇവിടെയുള്ളതെങ്കിലും റമദാന്‍ കഴിയുന്നതോടെ കൂടുതല്‍പേരെ നിയമിക്കും. ചെമനാട്ടെ ക്ലീനിക്കില്‍ ഡോക്ടര്‍മാരുടെ മികച്ച ടീമും നല്ലൊരു ലാബും ഫാര്‍മസിയുമടക്കം രോഗികള്‍ക്ക് ആവശ്യമായ മികച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് മേയ്ത്രയില്‍ നിന്ന് എല്ലാ ആഴ്ചയും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ എത്തുന്നുണ്ട്. ടെലിമെഡിസിന്‍ ഫെസിലിറ്റി ഇവിടത്തെ ഒരു പ്രത്യേകതയാണ്. കോഴിക്കോട്ടെ ആസ്പത്രിയില്‍ ഇരുന്ന് കൊണ്ട് ഇവിടത്തെ രോഗിയെ ടെലി മെഡിസിന്‍ സംവിധാനത്തിലൂടെ പരിശോധിക്കാന്‍ ഡോക്ടര്‍ക്ക് കഴിയുന്നു. അമേരിക്കന്‍ എയര്‍ഫോഴ്‌സ് ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ സംവിധാനമാണ് ചെമനാട്ടെ ക്ലീനിക്കിലും ഒരുക്കിയിട്ടുള്ളത്. ഹോം കെയര്‍ അടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു-ഡോ. അലി ഫൈസല്‍ പറഞ്ഞു.

വീഡിയോ അഭിമുഖം കാണാം:

Related Articles
Next Story
Share it