കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജിനെ കൊല്ലരുത്

പകുതി ജീവന്‍ മാത്രമായി ഊര്‍ധശ്വാസം വലിക്കുകയായിരുന്ന കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിനെ പൂര്‍ണ ആരോഗ്യത്തിലേക്ക് കൊണ്ടുവരേണ്ടതിന് പകരമുള്ള ജീവന്‍ കൂടി എടുക്കുകയാണോ എന്ന് ന്യായമായും സംശയിക്കാവുന്ന തരത്തിലാണ് കാര്യങ്ങള്‍. കേരളം ആരു ഭരിച്ചാലും കാസര്‍കോട് ജില്ലയോടുള്ള അവഗണനയും വിവേചനവും നീരസവും തുടരുക തന്നെ ചെയ്യുമെന്ന നിശബ്ദപ്രഖ്യാപനമാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്സുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിക്കൊണ്ടുള്ള നടപടിയില്‍ പ്രതിഫലിക്കുന്നത്. 28 നഴ്സുമാരേയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള മെഡിക്കല്‍ കോളേജുകളിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. കൂടാതെ മൂന്ന് സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെയും […]

പകുതി ജീവന്‍ മാത്രമായി ഊര്‍ധശ്വാസം വലിക്കുകയായിരുന്ന കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിനെ പൂര്‍ണ ആരോഗ്യത്തിലേക്ക് കൊണ്ടുവരേണ്ടതിന് പകരമുള്ള ജീവന്‍ കൂടി എടുക്കുകയാണോ എന്ന് ന്യായമായും സംശയിക്കാവുന്ന തരത്തിലാണ് കാര്യങ്ങള്‍. കേരളം ആരു ഭരിച്ചാലും കാസര്‍കോട് ജില്ലയോടുള്ള അവഗണനയും വിവേചനവും നീരസവും തുടരുക തന്നെ ചെയ്യുമെന്ന നിശബ്ദപ്രഖ്യാപനമാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്സുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിക്കൊണ്ടുള്ള നടപടിയില്‍ പ്രതിഫലിക്കുന്നത്. 28 നഴ്സുമാരേയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള മെഡിക്കല്‍ കോളേജുകളിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. കൂടാതെ മൂന്ന് സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെയും ഒരു ലാബ് ടെക്‌നീഷ്യനെയും സ്ഥലം മാറ്റിയിരിക്കുന്നു. ഡിസംബര്‍ ആദ്യവാരത്തോടെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഒ പി വിഭാഗത്തിന്റെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഉറപ്പും ഈ സാഹചര്യത്തില്‍ അപ്രസക്തമാകുകയാണ്. പകരം നിയമനം നടക്കാത്തതിനാല്‍ ഒ. പിയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായിരിക്കുന്നു.
കേരളത്തിലെ മറ്റുജില്ലകളെ അപേക്ഷിച്ച് ആരോഗ്യരംഗത്ത് ഏറ്റവും കൂടുതല്‍ പിന്നോക്കാവസ്ഥ നിലനില്‍ക്കുന്ന കാസര്‍കോട് ജില്ലയക്ക് ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന നിരന്തരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ 2012ലാണ് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം പരിഗണനക്കെടുത്തത്. കാസര്‍കോട് ജില്ലയില്‍ ഗവ. മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് അങ്ങനെ ഭരണാനുമതി ലഭിക്കുകയായിരുന്നു. 2013 നവംബര്‍ 13നാണ് മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനായി ഉക്കിനടുക്കയില്‍ തറക്കല്ലിട്ടത്. എന്നാല്‍ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് കാലതാമസമുണ്ടായതോടെ വിവിധ സംഘടനകള്‍ സമരരംഗത്തിറങ്ങുകയും മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാവുകയുമായിരുന്നു. കാസര്‍കോട് ജില്ലയില്‍ കാന്‍സര്‍, വൃക്കരോഗം തുടങ്ങി മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കും അക്രമങ്ങളിലും അപകടങ്ങളിലും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്കും വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ ആസ്പത്രികളെയും പരിയാരം മെഡിക്കല്‍ കോളേജിനെയും ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാകുമെന്ന ആശ്വാസത്തില്‍ ജില്ലയിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാസര്‍കോട്ടെ മെഡിക്കല്‍ കോളേജിനെ സ്വാഗതം ചെയ്തത്. ചികിത്സയുടെ മറവില്‍ മംഗളൂരുവിലെ ആസ്പത്രികള്‍ നടത്തുന്ന സാമ്പത്തികചൂഷണം താങ്ങാവുന്നതിലും അപ്പുറമാണെന്ന് തിരിച്ചറിഞ്ഞവരാണ് ഇവിടത്തെ അനുഭവസ്ഥരായ രോഗികളും അവരുടെ കുടുംബങ്ങളും. പരിയാരത്തേയും കോഴിക്കോട്ടെയും മെഡിക്കല്‍ കോളേജുകളില്‍ പോയി ചികിത്സ നടത്തുന്നതുമൂലം ദൂരയാത്രയുടെയും സാമ്പത്തിക ചിലവുകളുടെയും ബുദ്ധിമുട്ടുകളെക്കുറിച്ചറിയാവുന്നവര്‍ ഈ ദുരിതങ്ങള്‍ക്കെല്ലാം അറുതിവരുത്തുന്ന ഒരു മെഡിക്കല്‍ കോളേജ് കാസര്‍കോടിന് ലഭിച്ചുവെന്ന അഭിമാനത്തിലായിരുന്നു. എന്നാല്‍ അതെല്ലാം വെറുതെയായിരുന്നുവെന്ന യാഥാര്‍ഥ്യം ജില്ലയിലെ ജനങ്ങളെ ഇപ്പോള്‍ അസ്വസ്ഥരാക്കുകയാണ്. പേരിനൊരു മെഡിക്കല്‍ കോളേജ് എന്നതിനപ്പുറം ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഉള്‍പ്പെടെയുള്ള നിര്‍ധനകുടുംബങ്ങളിലെ രോഗികള്‍ക്ക് ആശ്വാസം പകരുന്ന വിധത്തിലേക്ക് ഈ ആസ്പത്രിയെ ഉയര്‍ത്താന്‍ അധികാരികള്‍ താത്പര്യപ്പെടുന്നില്ല. രാഷ്ട്രീയചൂതാട്ടങ്ങള്‍ക്കും വോട്ടു ബാങ്ക് രാഷ്ട്രീയത്തിനും അനുസരിച്ച് തട്ടിക്കളിക്കുന്ന ചതുരംഗക്കളത്തിലെ വെറും കരു മാത്രമാകുകയാണ് കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്.
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് ഉക്കിനടുക്കയില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ 273 തസ്തികകളാണ് പ്രഖ്യാപിക്കപ്പെട്ടത്. 28 ഡോക്ടര്‍മാരും 29നഴ്‌സുമാരും അടക്കം 84 പേരെ ആദ്യഘട്ടത്തില്‍ നിയമിക്കുകയായിരുന്നു. കോവിഡ് രണ്ടാംതരംഗത്തോടെ മെഡിക്കല്‍ കോളേജിലെ അക്കാദമിക് ബ്ലോക്കില്‍ കോവിഡ് ചികിത്സ ആരംഭിച്ചതോടെ ജീവനക്കാരെ നിയമിച്ചു. കോവിഡ് ചികിത്സ നിലച്ചതോടെ മെഡിക്കല്‍ കോളേജിലെ പല ജീവനക്കാരും ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂട്ടത്തോടെ സ്ഥലം മാറ്റമുണ്ടായിരിക്കുന്നത്. രോഗികള്‍ക്ക് സൗജന്യമരുന്ന് നല്‍കാന്‍ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനുമായി ധാരണയുണ്ടാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല. പ്രധാനബ്ലോക്കിന്റെ ഒന്നാംനില പൂര്‍ത്തിയാകുന്ന മുറക്ക് കിടത്തിചികിത്സ തുടങ്ങുമെന്ന ഉറപ്പും എന്ന് യാഥാര്‍ഥ്യമാകുമെന്ന് അറിയില്ല. അങ്ങനെ തീര്‍ത്തും അപൂര്‍ണമായ ഒരു മെഡിക്കല്‍ കോളേജ് സാധാരണ സര്‍ക്കാര്‍ ആസ്പത്രിയുടെ നിലവാരത്തില്‍ പോലുമെത്തുന്നില്ലെങ്കില്‍ പിന്നെ ഇതിന്റെ ആവശ്യം എന്തിനായിരുന്നു എന്ന ചോദ്യം അധികാരികള്‍ക്ക് മുന്നില്‍ ചൂണ്ടുവിരലായി ഉയരേണ്ടതുണ്ട്. എയിംസിന് വേണ്ടി കാസര്‍കോട് ജില്ലക്കാര്‍ ആരംഭിച്ച സമരം സെക്രട്ടറിയേറ്റ് വരെ വ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ നടക്കുന്നതെന്നത് അതീവ ഗൗരവതരമാണ്. വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതിനൊപ്പം ആകെയുള്ള അപര്യാപ്തമായ ചികിത്സാസൗകര്യങ്ങള്‍ പോലും നിഷേധിച്ച് ക്രൂശിക്കപ്പെടാന്‍ മാത്രം എന്ത് തെറ്റാണ് ഇവിടത്തെ ജനങ്ങള്‍ ചെയ്തതെന്ന് മനസിലാകുന്നില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി അടച്ചപ്പോള്‍ മംഗളൂരുവിലെ ആസ്പത്രികളെ ആശ്രയിക്കാനാകാതെ കാസര്‍കോട് ജില്ലയിലെ മാരകരോഗം ബാധിച്ചവര്‍ മരണപ്പെട്ട അനുഭവം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് ഫലപ്രദമായ ചികിത്സ കിട്ടുന്ന ആസ്പത്രി ജില്ലയില്‍ വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നത്. നിലവിലുള്ള മെഡിക്കല്‍ കോളേജില്‍ എല്ലാ രോഗങ്ങള്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്ന അത്യാധുനികസജ്ജീകരണങ്ങളോടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ആവശ്യത്തിന് ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിന് തടസം നില്‍ക്കുന്ന ഘടകം എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്.
കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയില്‍ ഒരു പുരോഗതിയും വേണ്ടെന്നും ഇവിടത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സയൊന്നും ആവശ്യമില്ലെന്നും കേരളത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയെന്ന അപഖ്യാതിക്ക് മാറ്റമൊന്നും സംഭവിക്കരുതെന്നും വാശിപിടിക്കുന്ന അധികാരമനോനിലയെ തിരുത്തിക്കാന്‍ നിരന്തരമായ പോരാട്ടം കൂടിയേ മതിയാകൂ. കാസര്‍കോട്ടെ ജനങ്ങള്‍ രണ്ടാംതരം പൗരന്‍മാരല്ലെന്ന് തെളിയിക്കാനും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് അനിവാര്യമായിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വഴിപ്പെട്ട് കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പല വഴിക്ക് ഭിന്നിച്ചുനില്‍ക്കുകയാണ്. മെഡിക്കല്‍ കോളേജ് നന്നാവുന്നതിന്റെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ഉള്ളതാണെന്ന തിരിച്ചറിവില്ലാതെ മുഖം തിരിച്ച് നില്‍ക്കുന്ന സമീപനം ചില പാര്‍ട്ടികള്‍ സ്വീകരിച്ചതായി കാണുന്നുണ്ട്. മെഡിക്കല്‍ കോളേജ് നന്നായാലും നശിച്ചാലും തങ്ങള്‍ക്ക് അതൊരു വിഷയമല്ലെന്ന സമീപനം കൊണ്ട് തളരുന്നത് ഇത്തരം മനോഭാവം ഉള്ളവര്‍ അടക്കമുള്ളവരുടെ ജീവിതമാണ്.
രാഷ്ട്രീയനേതൃത്വങ്ങളുടെ തൃപ്തിയോ അതൃപ്തിയോ എന്ന നിലക്കല്ല പൊതുജനാരോഗ്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന ബോധ്യത്തോടെയുള്ള പൊതുവായ കൂട്ടായ്മയാണ് ആവശ്യമായിരിക്കുന്നത്. കാസര്‍കോട് മെഡിക്കല്‍ കോളേജിനെ ഉന്നതനിലവാരത്തിലുള്ള ആസ്പത്രിയാക്കി മാറ്റുന്നതിന് അധികാരകേന്ദ്രങ്ങളില്‍ സമര്‍ദം ചെലുത്താനുള്ള സ്വാധീനമുള്ളവര്‍ ജില്ലയിലുണ്ട്. എന്നാല്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള വാദം പോലും രാഷ്ട്രീയപ്രേരിതം എന്ന കാഴ്ചപ്പാടാണ് ഇവര്‍ക്കുള്ളതെങ്കില്‍ അവരത് തിരുത്തണം.
ഇത് ഞാനും നിങ്ങളും നമ്മളും ഒക്കെ ഉള്‍പ്പെടുന്ന പൊതുസമൂഹത്തിന് വേണ്ടിയാണെന്ന യാഥാര്‍ഥ്യം അംഗീകരിച്ചേ മതിയാകൂ. ഈ നാടിന്റെ പൊതുസ്വത്തായ മെഡിക്കല്‍ കോളേജിനെ കൊല്ലാനും കൊല്ലിക്കാനും കൂട്ടുനില്‍ക്കരുത്.

Related Articles
Next Story
Share it