കാസര്‍കോട് ഇ.എം.എല്‍ കമ്പനി നവംബര്‍ ഒന്നിന് പ്രവര്‍ത്തനം പുനരാരംഭിക്കും

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പൊതുമേഖലയില്‍ നിന്നും ഏറ്റെടുത്ത കാസര്‍കോട്ടെ ഇ.എം.എല്‍ കമ്പനി നവംബര്‍ ഒന്നിന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കമ്പനി സി.എം.ഡിയുമായ എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു. കമ്പനി ഏറ്റെടുക്കലിന് ശേഷമുള്ള തുടര്‍നടപടികളുടെ ഭാഗമായി കാസര്‍കോട്ടെത്തിയ അദ്ദേഹം തൊഴിലാളി യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. ഇ.എം.എല്‍ കമ്പനിയുടെ നിലവിലുള്ള ബാധ്യതകള്‍ പരിഹരിക്കുന്നതിലും തൊഴിലാളികളുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിലൂം വിശദമായ ചര്‍ച്ച നടന്നു. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് ഉപയോഗിച്ച് ബാധ്യത പരിഹരിക്കുന്നതിനൊപ്പം […]

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പൊതുമേഖലയില്‍ നിന്നും ഏറ്റെടുത്ത കാസര്‍കോട്ടെ ഇ.എം.എല്‍ കമ്പനി നവംബര്‍ ഒന്നിന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കമ്പനി സി.എം.ഡിയുമായ എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു. കമ്പനി ഏറ്റെടുക്കലിന് ശേഷമുള്ള തുടര്‍നടപടികളുടെ ഭാഗമായി കാസര്‍കോട്ടെത്തിയ അദ്ദേഹം തൊഴിലാളി യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. ഇ.എം.എല്‍ കമ്പനിയുടെ നിലവിലുള്ള ബാധ്യതകള്‍ പരിഹരിക്കുന്നതിലും തൊഴിലാളികളുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിലൂം വിശദമായ ചര്‍ച്ച നടന്നു. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് ഉപയോഗിച്ച് ബാധ്യത പരിഹരിക്കുന്നതിനൊപ്പം പ്രവര്‍ത്തനമൂലധനം കണ്ടെത്താനും സാധിക്കും. കെല്ലിന്റെ ഉപ യൂനിറ്റായാണോ കെല്ലിന്റെ ഭാഗമായാണോ കമ്പനി പ്രവര്‍ത്തിക്കുകയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയില്‍ ആവശ്യമായ അറ്റകുറ്റപ്പണികളെല്ലാം വേഗത്തില്‍ തീര്‍ക്കും. നവംബര്‍ ഒന്നിന് തുടങ്ങി ഘട്ടം ഘട്ടമായി കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണ തോതിലെത്തുമെന്നും മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. തൊഴിലാളികളുടെ ശമ്പള കുടിശ്ശികയടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കാനായി ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. 15 ദിവസത്തിനകം ഇക്കാര്യത്തില്‍ ഉപസമിതി തീരുമാനമെടുത്ത് റിപ്പോര്‍ട്ട് നല്‍കും.

സെപ്റ്റംബര്‍ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇ.എം.എല്‍. കമ്പനിയുടെ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയത്. കമ്പനി പുനരുദ്ധാരണത്തിനുള്ള 43 കോടിയും 34 കോടി രൂപയുടെ ബാധ്യതയും ചേര്‍ത്ത് 77 കോടി രൂപ ചിലവഴിച്ചാണ് സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് 14 കോടിയോളം രൂപയുടെ ശമ്പള കുടിശ്ശിക സര്‍ക്കാര്‍ നല്‍കുമെന്നും ഏറ്റെടുക്കല്‍ വേളയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 16ന് വ്യവസായ മന്ത്രി പി. രാജീവും കെല്‍ അധികൃതരുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് കാസര്‍കോട്ടെ തൊഴിലാളി യൂനിയന്‍ പ്രതിനിധികളുമായി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചര്‍ച്ച നടത്തിയത്.

ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കെല്‍ എം.ഡി റിട്ട. കേണല്‍ ഷാജി വര്‍ഗീസ്, കാസര്‍കോട് യൂനിറ്റ് മേധാവി ജോസി കുര്യാക്കോസ്, എച്ച്.ആര്‍ മേധാവി വി.എസ്.സന്തോഷ്, ഭെല്‍ ഇ.എം.എല്‍ എം.ഡി ടി.എസ്. ചക്രവര്‍ത്തി, തൊഴിലാളി യൂനിയന്‍ പ്രതിനിധികളായ മുന്‍ എം.പി പി. കരുണാകരന്‍, ടി.കെ. രാജന്‍, കെ.പി. മുഹമ്മദ് അഷ്റഫ്, വാസുദേവന്‍ എ, കെ.ജി. സാബു, വി. രത്നാകരന്‍, വി. പവിത്രന്‍, ബേബി ടി.വി, അബ്ദുല്‍ റസാഖ് പി.എം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it