എം.ടിക്ക് കാസര്‍കോടിന്റെ ആദരം; മാറുന്ന സിനിമാ കാലത്തിന്റെ കഥ തുറന്നുകാട്ടി 'നിര്‍മ്മാല്യം' പ്രദര്‍ശനം

കാസര്‍കോട്: നവതി പിന്നിട്ട മലയാളത്തിന്റെ സുകൃതവും സാഹിത്യലോകത്തെ കുലപതിയുമായ എം.ടി. വാസുദേവന്‍ നായര്‍ക്ക് കാസര്‍കോടിന്റെ ആദരം.കാസര്‍കോട് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഫ്രാക് കള്‍ച്ചറല്‍ ഫോറം, അസാപ്പ് കമ്മ്യൂണിറ്റി സ്‌ക്കില്‍ പാര്‍ക്ക്, കാസര്‍കോടന്‍ കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെ ഇന്നലെ അസാപ്പ് ഹാളില്‍ നടന്ന ചടങ്ങിലാണ് എം.ടിക്കുള്ള ആദര സമര്‍പ്പണം നടന്നത്. എം.ടിയുടെ സുഹൃത്തും ദീര്‍ഘകാലം എം.ടിയോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്ത കെ.എ. ഗഫൂര്‍ മാസ്റ്ററാണ് എം.ടിയുടെ ചിത്രം വരച്ചും അദ്ദേഹത്തോടൊപ്പമുള്ള മധുരമൂറുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചും എം.ടി ആദരം നടത്തിയത്. നാലഞ്ചുവര്‍ഷക്കാലം […]

കാസര്‍കോട്: നവതി പിന്നിട്ട മലയാളത്തിന്റെ സുകൃതവും സാഹിത്യലോകത്തെ കുലപതിയുമായ എം.ടി. വാസുദേവന്‍ നായര്‍ക്ക് കാസര്‍കോടിന്റെ ആദരം.
കാസര്‍കോട് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഫ്രാക് കള്‍ച്ചറല്‍ ഫോറം, അസാപ്പ് കമ്മ്യൂണിറ്റി സ്‌ക്കില്‍ പാര്‍ക്ക്, കാസര്‍കോടന്‍ കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെ ഇന്നലെ അസാപ്പ് ഹാളില്‍ നടന്ന ചടങ്ങിലാണ് എം.ടിക്കുള്ള ആദര സമര്‍പ്പണം നടന്നത്. എം.ടിയുടെ സുഹൃത്തും ദീര്‍ഘകാലം എം.ടിയോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്ത കെ.എ. ഗഫൂര്‍ മാസ്റ്ററാണ് എം.ടിയുടെ ചിത്രം വരച്ചും അദ്ദേഹത്തോടൊപ്പമുള്ള മധുരമൂറുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചും എം.ടി ആദരം നടത്തിയത്. നാലഞ്ചുവര്‍ഷക്കാലം കോഴിക്കോട്ട് എം.ടിയോടൊപ്പം പ്രവര്‍ത്തിച്ച കാലത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച ഗഫൂര്‍ മാസ്റ്റര്‍, സദസ്സിനെ അറുപതുകളുടെ അവസാനത്തിലേക്ക് കൊണ്ടുപോയി. ആയിഷുകുഞ്ഞുമ്മ എന്ന കഥയുമായി മാതൃഭൂമി വാരാന്തപതിപ്പില്‍ പത്രാധിപരായിരുന്ന എം.ടിയെ കാണാന്‍ ചെന്നത് മുതല്‍ അടുത്ത കൂട്ടുകാരായി തീര്‍ന്നതും മാതൃഭൂമിയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചതും അടക്കമുള്ള അനുഭവങ്ങള്‍ കണ്ണിമുറിയാതെ ഗഫൂര്‍ മാഷ് ഓര്‍ത്തെടുത്തു. എം.ടിയോടൊപ്പം ക്രൗണ്‍ തീയേറ്ററില്‍ സിനിമ കണ്ടതും ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ചെന്നതും സായാഹ്നങ്ങളില്‍ കഫെകളില്‍ ചായ കുടിക്കാന്‍ പോയതുമൊക്കെ ഗഫൂര്‍ മാഷിന്റെ ഓര്‍മ്മകളില്‍ നിറഞ്ഞു. എം.ടിയുടെ രേഖാചിത്രം വരച്ച് അദ്ദേഹത്തിന് ആദരം സമര്‍പ്പിച്ച ഗഫൂര്‍ മാഷ് ടി. ദാമോദരന്റെ ചിത്രവും വരച്ചു. ജി.ബി വത്സന്‍ ആമുഖ പ്രഭാഷണം നടത്തി.
ഓടക്കുഴല്‍ അവാര്‍ഡ് നേടിയ കവി പി.എന്‍ ഗോപീകൃഷ്ണന് ചടങ്ങില്‍ അനുമോദനം നല്‍കി. ജി.ബി. വത്സന്‍ ഉപഹാരം സമ്മാനിച്ചു. ടി.കെ. ഉമ്മര്‍ അനുമോദന പ്രസംഗം നടത്തി. അസാപ്പ് സെന്റര്‍ ഹെഡ് സുസ്മിത്ത് എസ്. മോഹന്‍, കാസര്‍കോട് ഫിലിം സൊസൈറ്റി പ്രസിഡണ്ട് ജി.ബി. വത്സന്‍, സെക്രട്ടറി സുബിന്‍ ജോസ്, ഫ്രാക് ജനറല്‍ സെക്രട്ടറി എം. പത്മാക്ഷന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് 'നിര്‍മ്മാല്യ'ത്തിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ആഘോഷവും നടന്നു. ഇതുമായി ബന്ധപ്പെട്ട് കവി പി.എന്‍. ഗോപീകൃഷ്ണന്‍ 'നാം മറന്നു തീര്‍ത്ത നിര്‍മ്മാല്യവര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണം ലോകസിനിമയുടെയും ഇന്ത്യന്‍ സിനിമയുടെയും ചരിത്രം വരച്ചുക്കാട്ടുന്നതും സിനിമകളില്‍ വന്ന മാറ്റങ്ങളുടെ അന്തര്‍ധാര വെളിപ്പെടുത്തുന്നതുമായി.
'കാലം വല്ലാതെ മാറി'. നിര്‍മ്മാല്യം പോലെ ഒരു സിനിമ ഇന്ന് എടുക്കാന്‍ തനിക്ക് ധൈര്യമില്ലെന്ന് എം.ടി തന്നെ അടുത്തിടെ ഒരു സംഭാഷണത്തില്‍ പറഞ്ഞിരുന്നു. സിനിമയെ സിനിമയായും വിശ്വാസത്തെ വിശ്വാസമായും കണ്ടിരുന്ന കാലം മാറി. വിശ്വാസം എല്ലാറ്റിനും മേല്‍ ആധിപത്യം സ്ഥാപിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. നിര്‍മ്മാല്യത്തില്‍ അവസാന ഭാഗത്തെ രംഗം ഇന്നത്തെ കാലത്ത് ചെയ്യാന്‍ ആരും ധൈര്യപെടില്ല. അന്ന് അങ്ങനെയൊരു രംഗം ചെയ്തതിനെ വിശ്വാസത്തെ ഹനിക്കുന്നതായോ മതനിന്ദയായോ ആരും കണ്ടിരുന്നില്ല. ഒരു ചര്‍ച്ചിയിലും ഇതൊരു ദൈവനിന്ദയാണെന്ന് ആരും പറഞ്ഞിട്ടുമില്ല. വെളിച്ചപ്പാടിന്റെ അവസ്ഥ പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയുമായിരുന്നു. ദൈവസങ്കല്‍പത്തിന്റെ സൗന്ദര്യം എന്ന് പറയുന്നത് ഭയമല്ല, സ്‌നേഹമാണ്. നിര്‍മ്മാല്യത്തിലെ അവസാന രംഗം പോലുള്ള ഒന്ന് ഇന്ന് ചെയ്യാന്‍ പറ്റില്ല. വിശ്വാസത്തെ തൊടാന്‍ നമുക്ക് പേടിയാണ്. വിശ്വാസം എന്നത് നമ്മെയൊക്കെ കൊലയ്ക്ക് കൊടുക്കാനുള്ള ഒന്നായി മാറിയിരിക്കുകയാണ്. ഈ സമയം വല്ലാത്തൊരു സമയമാണ്. അത് എന്താണ് എന്ന് നമ്മള്‍ ഓര്‍ക്കണം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതാണ് എന്ന സത്യം എല്ലാവര്‍ക്കും അറിയാം. അത് നിയമവിരുദ്ധവുമാണ്. ബാബറി മസ്ജിദ് തകര്‍ത്തത് തെറ്റാണെന്നും അത് ചെയ്തവര്‍ ജയിലറക്കുള്ളിലാവുമെന്നും നമ്മള്‍ എല്ലാവരും കരുതി. എന്നാല്‍ പള്ളി തകര്‍ത്തവര്‍ ഭരണതലപ്പത്ത് ഇരിക്കുകയാണ്. ജയിലടക്കപ്പെടുമെന്ന് കരുതിയ കുറ്റകൃത്യം മറ്റൊരു തരത്തില്‍ ആഘോഷിക്കാന്‍ പോകുന്നതിന്റെ ഒരുക്കത്തിലാണ് അവര്‍-പി.എന്‍. ഗോപീകൃഷ്ണന്‍ പറഞ്ഞു.
പള്ളിവാളും കാല്‍ച്ചിലമ്പും എന്ന എം.ടി കഥയെ ആസ്പദമാക്കി കെ.പി. ശശികുമാറിന്റെ ഏകാഭിനയവും അരങ്ങേറി. മികച്ച അഭിനയം കൊണ്ട് ശശികുമാര്‍ സദസിന്റെ കയ്യടി നേടി. തുടര്‍ന്ന് നിര്‍മ്മാല്യം എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ബുള്ളറ്റിന്‍ മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫിക്ക് നല്‍കി ഗോപീകൃഷ്ണന്‍ പ്രകാശനം ചെയ്തു. ചരിഷ്മ ടീച്ചര്‍ വരച്ച എം.ടിയുടെ രേഖാചിത്രവും പ്രദര്‍ശിപ്പിച്ചു.
പരിപാടി ഇന്നും തുടരും. 5 മണിക്ക് പി.എന്‍. ഗോപീകൃഷ്ണന്‍ രചിച്ച ഏറ്റവും പുതിയ പുസ്തകം 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ'യെ വിലയിരുത്തി പാനല്‍ ചര്‍ച്ച നടക്കും.
സി. ബാലന്‍, ഇ. പത്മാവതി, റഫീഖ് ഇബ്രാഹിം, കെ.വി മണികണ്ഠദാസ്, പത്മനാഭന്‍ ബ്ലാത്തൂര്‍ എന്നിവര്‍ പങ്കെടുക്കും. കാസര്‍കോട് ഫിലിം സൊസൈറ്റി സെക്രട്ടറി സുബിന്‍ ജോസ് മോഡറേറ്ററാകും. ഇറാനിയന്‍ സംവിധായകന്‍ ദരിയൂഷ് മെഹ്രൂയിയെ അനുസ്മരിച്ച് പി. പ്രേമചന്ദ്രന്റെ പ്രഭാഷണം ഉണ്ടാകും. ശേഷം ഇറാനിയന്‍ സിനിമ 'ദ കൗ' പ്രദര്‍ശിപ്പിക്കും.

'നാം മറന്നു തീര്‍ത്ത നിര്‍മ്മാല്യവര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ പി.എന്‍ ഗോപീകൃഷ്ണന്‍ സംസാരിക്കുന്നു
Related Articles
Next Story
Share it