15കാരിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരത്തേക്ക് മാറ്റി
ബന്തിയോട്: 26 ദിവസം മുമ്പ് കാണാതായ പതിനഞ്ചുകാരിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും ഓട്ടോ ഡ്രൈവര്‍ പ്രദീപി(43)നെയും മണ്ടക്കാപ്പ് എന്ന സ്ഥലത്ത് കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നലെ ഉച്ചയോടെയാണ് കാണപ്പെട്ടത്. 26 ദിവസം മുമ്പ് വിദ്യാര്‍ത്ഥിനിയെയും അന്നേദിവസം പ്രദീപിനെയും കാണാതായിരുന്നു.
പെണ്‍കുട്ടിയുടെ മതാപിതാക്കള്‍ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പല സ്ഥലങ്ങളിലായി പൊലീസും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇന്നലെ കുമ്പള പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടിയുടെ വീടിന് 200 മീറ്റര്‍ ദൂരത്തില്‍ മരക്കൊമ്പില്‍ ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്‍ക്വസ്റ്റ് നടപടി ക്രമങ്ങള്‍ നടത്തിയതിന് ശേഷം രണ്ട് മൃതദേഹങ്ങളും വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പൊലീസ് അരിച്ചുപെറുക്കിയത് വിവിധയിടങ്ങള്‍
ബന്തിയോട്: പൊലീസ് അന്വേഷണത്തിനിടെ ഇന്നലെ ഉച്ചയോടെയാണ് പെണ്‍കുട്ടിയുടെ വീടിന് 200 മീറ്റര്‍ ദൂരത്തില്‍ കാട്ടില്‍ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 15 വയസുകാരിയായ പത്താംതരം വിദ്യാര്‍ത്ഥിനി ഫെബ്രുവരി 11ന് രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. 12ന് രാവിലെയാണ് പെണ്‍കുട്ടിയെ കാണാതായതായി വീട്ടുകാര്‍ അറിയുന്നത്. അന്നേദിവസം ഓട്ടോ ഡ്രൈവറായ പ്രദീപിനെയും കാണാതായി. ഇരുവരും ഒളിച്ചോടിയതാണെന്ന സംശയത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ഉച്ചയോടെ ബന്ധുക്കള്‍ കുമ്പള പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. രണ്ട് ദിവസത്തോളം മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കുന്നും മലയും അരിച്ചു പരിശോധിച്ചെങ്കിലും പ്രദീപിനെയും പെണ്‍കുട്ടിയെയും പറ്റി ഒരു വിവരം കിട്ടിയില്ല. രണ്ട് പേരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പിന്നീട് പൊലീസ് നാട്ടുകാരുടെ സാന്നിധ്യത്തില്‍ ഇരുവരുടെയും വീടിന് സമീപത്തെ ഒന്നര കിലോ മീറ്ററോളം വ്യാപിച്ചു കിടക്കുന്ന കാട്ടില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇരുവരും സംസ്ഥാനം വിട്ടിട്ടുണ്ടാവുമെന്ന സംശയത്തില്‍ പൊലീസ് കര്‍ണാടക പൊലീസിന്റെ സഹായം തേടി കര്‍ണാടകയുടെ വിവിധ സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഫലം കണ്ടില്ല. വീണ്ടും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പ്രദീപിന്റെയും പെണ്‍കുട്ടിയുടെയും സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഫോണ്‍ വിളിക്കുകയോ ഫോണ്‍ വരികയോ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ക്കും ബന്ധുകള്‍ക്കുമിടയില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ആലോചനയിലായിരുന്നു.
അതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ രാവിലെ കുമ്പള, ബദിയടുക്ക, മഞ്ചേശ്വരം പൊലീസും ചില സന്നദ്ധ സംഘടനാ പ്രവത്തകരും നാട്ടുകാരും ചേര്‍ന്ന് കാടും മറ്റുമുള്ള സ്ഥലങ്ങള്‍ പരിശോധിക്കുമ്പോഴാണ് പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് 200 മീറ്റര്‍ ദൂരത്തില്‍ ഇരുവരും മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കാണുന്നത്.
മൃതദേഹങ്ങളുടെ സമീപത്തായി ഇവരുടെ മൊബൈല്‍ ഫോണുകളും ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്.
സംശയങ്ങള്‍ പലത്; പെണ്‍കുട്ടിയെ
കെട്ടിത്തൂക്കിയ ശേഷം ഓട്ടോഡ്രൈവര്‍
തൂങ്ങിമരിച്ചതാണോ?
ബന്തിയോട്: കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി കെട്ടിതൂക്കിയ ശേഷം ഓട്ടോഡ്രൈവര്‍ പ്രദീപ് തൂങ്ങി മരിച്ചതാണോ എന്ന സംശയവും പൊലീസ് തള്ളിക്കളയുന്നില്ല. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇന്ന് നടക്കുന്ന വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മാത്രമെ ഇക്കാര്യം വ്യക്തമാവുകയുള്ളൂ. ഒരേ മരത്തിന്റെ രണ്ട് കൊമ്പുകളിലായാണ് പെണ്‍കുട്ടിയെയും പ്രദീപിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ട് മൃതദേഹങ്ങളും ജീര്‍ണിച്ച നിലയിലാണ്. കാണാതായ ദിവസം തന്നെ ഇരുവരും തൂങ്ങി മരിച്ചതാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മൃതദേഹങ്ങളുടെ സമീപത്തായി ഒരു കത്തിയും ഇവരുടെ മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തൂങ്ങി മരിക്കാന്‍ കൊണ്ടുവന്ന കയര്‍ മുറിക്കാന്‍ കരുതിയ കത്തിയാണിതെന്നാണ് സംശയം. പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കെട്ടിതൂക്കുകയും പിന്നീട് പ്രദീപ് ജീവനൊടുക്കുകയും ചെയ്തതാവാമെന്ന സംശയം നാട്ടുകാരില്‍ ചിലരെങ്കിലും ഉയര്‍ത്തുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമെ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് പൊലീസ്.