തോക്ക് ചൂണ്ടി പണം കവര്‍ച്ച: പൊലീസ് തകര്‍ത്തത് പ്രതികളുടെ ഗൂഢനീക്കം

കാഞ്ഞങ്ങാട്: ക്രഷര്‍ മാനേജറെ കളിത്തോക്ക് ചൂണ്ടി 10.22 ലക്ഷം തട്ടിയ സംഘം മംഗളൂരു വഴി ഉത്തരേന്ത്യയിലേക്ക് കടക്കാനുള്ള ശ്രമമാണ് പൊലീസ് തകര്‍ത്തത്. കഴിഞ്ഞദിവസം മംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ അറസ്റ്റിലായ നാലുപേരെയും കോടതി റിമാണ്ട് ചെയ്തു.

ബീഹാര്‍ സ്വദേശികളായ ഇബ്രാന്‍ ആലം(21), മുഹമ്മദ് മാലിക്ക്(21), മുഹമ്മദ് ഫാറൂഖ് (30), അസം സ്വദേശി ധനഞ്ജയ് ബോറ എന്നിവരെ ഹൊസ്ദുര്‍ദ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് രജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ആണ് റിമാണ്ട് ചെയ്തത്.

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം പണവുമായി മുങ്ങുവാനായിരുന്നു ഇവരുടെ നീക്കം. കൊള്ളയടിക്കാനായി എറണാകുളത്തെ റെന്റ് എ കാര്‍ കമ്പനിയില്‍ നിന്നും 9000 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് വാഗ്ണര്‍ കാര്‍ വാടകക്കെടുത്തു. ഈ കാറില്‍ എത്തിയാണ് ക്രഷര്‍ മാനേജര്‍ രവീന്ദ്രനെ തള്ളിയിട്ട് പണവുമായി രക്ഷപ്പെട്ടത്. കാറില്‍ തന്നെ റെയില്‍വെ സ്റ്റേഷന്‍ വരെ പോയി പിന്നീട് മംഗളൂരുവിലേക്ക് ട്രെയിനില്‍ പോവുകയായിരുന്നു.

മംഗളൂരുവില്‍ മുറിയെടുത്ത് പണം ഭദ്രമാക്കിയ ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട്ടെത്തി വാഗണര്‍ കാറുമായി എറണാകുളത്തേക്ക് പോയി തിരികെ ഏല്‍പ്പിക്കാനായിരുന്നു പദ്ധതി. കാര്‍ തിരികെ ഏല്‍പ്പിച്ചതിന് ശേഷം മംഗളൂരുവില്‍ എത്തി ഉത്തരേന്ത്യയിലേക്ക് കടക്കാനായിരുന്നു നീക്കം. കേരള കര്‍ണാടക പൊലീസിന്റെ സംയുക്ത നീക്കത്തിലാണ് ഇവരുടെ പദ്ധതികള്‍ പൊളിച്ചത്. കൊള്ളയടിച്ച പണത്തില്‍ 55,000 രൂപ ചെലവഴിച്ചതായി പ്രതികള്‍ പറഞ്ഞു. അക്രമത്തിനിരയായ രവീന്ദ്രന്‍ കാറിന്റെ വിവരങ്ങള്‍ നല്‍കിയതോടെയാണ് പഴുതടച്ചുള്ള പൊലീസ് അന്വേഷണം.

ക്രഷറിലെ തൊഴിലാളി കൂടിയായ ധനഞ്ജയ് ബോറ പ്രതികള്‍ക്ക് സഹായം ചെയ്തു കൊടുത്ത വിവരം അറിഞ്ഞതോടെ യുവാവിനെയും പ്രതി ചേര്‍ക്കുകയായിരുന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it