പന്നിയെ കുടുക്കാനുള്ള സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; ഒരാള്‍ അറസ്റ്റില്‍
ബന്തിയോട്: മീപ്പിരിയില്‍ പന്നിക്ക് കെണിയായി ഒരുക്കിയ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നായ ചത്തു. ഒരാള്‍ അറസ്റ്റില്‍. രണ്ട് തിരകള്‍ കണ്ടെത്തി. ജീപ്പും കസ്റ്റഡിയിലെടുത്തു. ഏഴുപേരെയും ഓട്ടോറിക്ഷയും തിരയുന്നു. ജീപ്പ് ഡ്രൈവര്‍ കുണ്ടംകുഴിയിലെ ഉണ്ണികൃഷ്ണ(48)നെ കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി. വിനോദ് കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 9 മണിയോടെ ബന്തിയോട് മീപ്പിരിയില്‍ ഓട്ടോയിലും ജീപ്പിലുമായി ഏട്ടോളം പേരാണ് പന്നിയെ വേട്ടയാടാനെത്തിയത്. ഏതോ സ്ഫോടക വസ്തു കെട്ടിവെച്ചതിന് ശേഷം സംഘം കുറച്ച് ദൂരം മാറി നില്‍ക്കുകയായിരുന്നു. ഇതിനിടെ കൊറഗപ്പ എന്നയാളുടെ നായ സ്ഫോടക വസ്തു കടിക്കുകയും പൊട്ടിത്തെറിച്ച് ചാവുകയുമായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമെന്ന് ഭയന്ന് സംഘം തങ്ങള്‍ വന്ന വാഹനങ്ങളില്‍ രക്ഷപ്പെടുകയായിരുന്നു. കൊറഗപ്പയുടെ പരാതിയിലാണ് കേസ്. അനധികൃതമായി സ്ഫോടക വസ്തു കൈവശം വെച്ചതിനുംമറ്റുമുള്ള വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ ജാമ്യമില്ലാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. തിരകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കൈവശം തോക്കുണ്ടായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ഏഴ് പ്രതികളെയും ഓട്ടോയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.