ദുബായില്‍ വിരിഞ്ഞ കാസര്‍കോടന്‍ ജൈത്രയാത്ര ജന്മനാട്ടിലേക്കും
ഫില്ലി കഫെയുടെ ഫ്ലാഗ്ഷിപ്പ് സ്റ്റോർ കാസർകോട്ടൊരുങ്ങുന്നു

കാസര്‍കോട്: രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എളിയ നിലയില്‍ ദുബായില്‍ ആരംഭിച്ച് ലോകോത്തര ബ്രാന്‍ഡായി മാറിയ 'ഫില്ലി' ഇനി ജന്മനാട്ടിലും. 'റാഫി ഫില്ലി' എന്ന ചെറുപ്പക്കാരന്‍ പടുത്തുയര്‍ത്തിയ 'ഫില്ലി കഫെ'യുടെ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറിന് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം ദേശീയപാതയോരത്ത് ശിലാസ്ഥാപനം നിര്‍വഹിച്ചു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. അബ്ദുല്ലക്കുഞ്ഞി, വ്യവസായി യഹ്‌യ തളങ്കര തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
'ഫില്ലി കഫെ'യുടെ ദുബായിലേതിന് സമാനമായ സൗകര്യങ്ങളോട് കൂടിയ കഫെ ജന്മനാട്ടിലും വേണമെന്ന ആഗ്രഹമാണ് ഈ ഉദ്യമത്തിന് പിന്നിലെന്ന് റാഫി ഫില്ലി ഉത്തരദേശത്തോട് പറഞ്ഞു. പ്ലാനും മറ്റ് സാങ്കേതിക കാര്യങ്ങളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ടെന്നും ഈ വര്‍ഷം തന്നെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2004ല്‍ പിതാവിന്റെ ദുബായ് മംസാറില്‍ കഫെറ്റീരിയ വ്യത്യസ്തമായി ബ്രാന്‍ഡ് ചെയ്താണ് ഫില്ലി ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇവരുടെ സാഫ്രാന്‍ ടീ അറബികള്‍ക്കിടയില്‍ ഏറെ പരിചിതമാണ്. 2007ല്‍ മന്‍ഖൂലില്‍ രണ്ടാമത്തെ സ്റ്റോറൂം തുടര്‍ന്ന് മറ്റ് ബ്രാഞ്ചുകളും ആരംഭിച്ചത് ബ്രാന്‍ഡിന്റെ ജൈത്രയാത്രയുടെ തുടക്കമായിരുന്നു. 2016ല്‍ ആദ്യത്തെ ഫ്രാഞ്ചൈസി സ്റ്റോര്‍ ഖത്തറില്‍ ആരംഭിച്ചത് വഴിത്തിരിവായി. പിന്നീട് യു.കെ., യു.എസ്.എ., മൗറീഷിയസ് തുടങ്ങിയ 11 ഓളം രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് ലോകത്തിലെ മുന്‍നിര ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന നാമമായി വളരുകയായിരുന്നു.

