ഉത്തരദേശം എക്‌സ്‌ക്ലൂസീവ്: ആഘോഷിച്ച് പ്രമുഖ പത്രങ്ങളും, സന്തോഷം പങ്കിട്ട് മുന ശംസുദ്ദീന്‍

കാസര്‍കോട്: ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട് തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റ് സ്വദേശി ഡോ. പി. ശംസുദ്ദീന്റെ മകള്‍ മുന ശംസുദ്ദീന്‍ നിയമിതയായ വാര്‍ത്ത ആഘോഷിച്ച് മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍. ഇന്നലെ ഉത്തരദേശം ദിനപത്രത്തില്‍ ന്യൂസ് എഡിറ്റര്‍ ടി.എ ഷാഫിയാണ് ആദ്യമായി ഈ എക്‌സ്‌ക്ലൂസീവ് സ്റ്റേറി പുറം ലോകത്തെ അറിയിച്ചത്. ഇന്നത്തെ ഒട്ടുമിക്ക മലയാള പത്രങ്ങളിലും പ്രധാന്യമുള്ള വാര്‍ത്തയായി ഇത് ഇടം പിടിച്ചു. ഇന്ന് മലയാളമനോരമ ആദ്യ പേജില്‍ പത്രത്തിന്റെ ടൈറ്റിലിനൊപ്പം, ജനറല്‍ പേജില്‍ ഇടം പിടിച്ച വാര്‍ത്തയുടെ ഫോട്ടോ അടക്കം 'ചാള്‍സ് രാജാവിന്റെ സെക്രട്ടറിയായി മലയാളി' എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍, 'ചാള്‍സ് രാജാവിനൊപ്പം കാസര്‍കോട്ടെ മുന ശംസുദ്ദീന്‍' എന്ന ടൈറ്റിലില്‍ മാതൃഭൂമി മൂന്ന് കോളം വാര്‍ത്ത നിരത്തി. മാധ്യമം ദിനപത്രവും മുന ശംസുദ്ദീന്റെ സ്ഥാനലബ്ധിയെ 'തളങ്കര ഗള്‍ഫില്‍ മാത്രമല്ല, ബക്കിങ്ഹാം പാലസിലും ആളുണ്ട്' എന്ന തലവാചകത്തോടെ പ്രസിദ്ധീകരിച്ചു. മറ്റ് ചില മലയാള പത്രങ്ങളിലും മുന ശംസുദ്ദീന്റെ പുതിയ പദവി മലയാളികള്‍ക്കാതെ അഭിമാനം പകര്‍ന്ന തരത്തില്‍ വാര്‍ത്തയായി നിറഞ്ഞു.

ചാള്‍സ് രാജാവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന അസി. പ്രൈവറ്റ് സെക്രട്ടറിയായി താന്‍ നിയമിതയായ വാര്‍ത്ത വാപ്പ ജനിച്ച് വളര്‍ന്ന നാട്ടിലെ പത്രങ്ങളില്‍ വലിയ വാര്‍ത്തയായതില്‍ മുന ശംസുദ്ദീന്‍ സന്തോഷം അറിയിച്ചു. കാസര്‍കോടിനെ ഓര്‍ക്കാറുണ്ടെന്നും മുന ശംസുദ്ദീന്‍ പറഞ്ഞു.

ചെമ്മനാട് സ്വദേശിയും തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റില്‍ താമസക്കാരനുമായിരുന്ന അഡ്വ. പി. അഹ്മദിന്റെ മകനാണ് മുന ശംസുദ്ദീന്റെ പിതാവ് പരേതനായ ഡോ. ശംസുദ്ദീന്‍. ശംസുദ്ദീന്റെ സഹോദരന്‍ പരേതനായ മുഹമ്മദ് ഹബീബിന്റെ മകളാണ് പോളണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍ നഗ്മ ഫരീദ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it