കാഴ്ചയില്ലാ കണ്ണുകളില്‍ സമ്മേളനക്കുളിര്

കാഴ്ചപരിമിതരുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

കാസര്‍കോട്: കാഴ്ചയില്ലെങ്കിലും ഖല്‍ബുകളില്‍ നിറയെ സമ്മേളനക്കുളിരുമായി അവരെത്തി. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് 55-ാം സംസ്ഥാന സമ്മേളനത്തിന് കാസര്‍കോട്ട് ഇന്ന് രാവിലെ ഉജ്ജ്വല തുടക്കമായി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ കാഴ്ചയില്ലാത്ത ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം പുലിക്കുന്നിലെ മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് ആരംഭിച്ചത്. കാഴ്ചശക്തിയില്ലെങ്കിലും തങ്ങളുടെ സംഘടനാബലത്തിന്റെ കരുത്ത് തെളിയിച്ചാണ് അവര്‍ സമ്മേളനത്തിനെത്തിയത്. കാസര്‍കോട്ട് ഇത് മൂന്നാം തവണയാണ് സംസ്ഥാന സമ്മേളനം അരങ്ങേറുന്നത്. നേരത്തെ 1989ലും 2009ലും സമ്മേളനം കാസര്‍കോട്ട് നടന്നിരുന്നു.

ജനസംഖ്യയുടെ ഒരു ശതമാനം കാഴ്ച പരിമിതിയുള്ളവര്‍ ആണെന്നാണ് കണക്ക്. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് എന്ന സംഘടനയില്‍ കാഴ്ചയില്ലാത്ത ഏഴായിരം പേരുണ്ട്. ഇവരെ പ്രതിനിധീകരിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം പേര്‍ സമ്മേളനത്തിന് എത്തിയത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള സംഘാടക സമിതി സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

രാവിലെ സംസ്ഥാന പ്രസിഡണ്ട് ഡോ. ഹബീബ് സി. പതാക ഉയര്‍ത്തി. ഉദ്ഘാടനം സമ്മേളനം 10.30 ഓടെ ആരംഭിച്ചുവെങ്കിലും ഉദ്ഘാടകനായ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉച്ചയോടെ മാത്രമെ എത്തുകയുള്ളൂ. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം കെ.എം സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അവാര്‍ഡുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് നടക്കുന്ന സെമിനാര്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥന വൈസ് പ്രസിഡണ്ട് ഇ. രാജന്‍ അധ്യക്ഷത വഹിക്കും. അബൂബക്കര്‍ സിദ്ദീഖ് മോഡറേറ്ററാവും. തുടര്‍ന്ന് ജനറല്‍ ബോഡിയോഗം. വൈകിട്ട് 5 മണിക്ക് സാംസ്‌കാരിക സമ്മേളനം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡണ്ട് സതീശന്‍ ബേവിഞ്ച സ്വാഗതം പറയും. രാത്രി കെ.എഫ്.ബി ആര്‍ട്‌സിന്റെ കലാസന്ധ്യ അരങ്ങേറും.

സമ്മേളനം നാളെ സമാപിക്കും. രാവിലെ സംസ്ഥാന ജനറല്‍ ബോഡി യോഗത്തിന്റെ തുടര്‍ച്ച. ഉച്ചയ്ക്ക് 12 മണിക്ക് സമാപന സമ്മേളനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലന്‍ എം.എല്‍.എ മുഖ്യാതിഥിയാവും. സംസ്ഥാന പ്രസിഡണ്ട് ഡോ. ഹബീബ് സി. അധ്യക്ഷത വഹിക്കും.






Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it