കുണ്ടാര്‍ ബാലന്‍ വധക്കേസില്‍ ഒന്നാംപ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും

കാസര്‍കോട്: കോണ്‍ഗ്രസ് കാറടുക്ക മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന ആദൂര്‍ കുണ്ടാറിലെ ടി. ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ(45) കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയെ കോടതി ജീവപര്യന്തം തടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബി.ജെ.പി പ്രവര്‍ത്തകനായ കുണ്ടാറിലെ വി. രാധാകൃഷ്ണനാ(55)ണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ പ്രതി നാലുമാസം അധികതടവ് അനുഭവിക്കണം. രാധാകൃഷ്ണന്‍ കുറ്റക്കാരനാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ട് മുതല്‍ നാല് വരെ പ്രതികളായ വിജയന്‍(40), കുമാരന്‍(45), ദിലീപ്(38) എന്നിവരെ കോടതി വിട്ടയച്ചിരുന്നു. 16 വര്‍ഷക്കാലം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ വിധിയുണ്ടായത്. 2008 മാര്‍ച്ച് 27 ന് രാത്രി ഏഴുമണിക്ക് സുഹൃത്തുക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന ബാലനെ കുണ്ടാര്‍ ബസ് സ്റ്റോപ്പിനടുത്ത് തടഞ്ഞ് കാറില്‍ നിന്ന് വലിച്ചിറക്കി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയവിരോധമാണ് കൊലപാതകത്തിന് കാരണ മായത്. ആദ്യം ആദൂര്‍ പൊലീസാണ് കേസില്‍ അന്വേഷണം നടത്തിയിരുന്നത്. തുടര്‍ന്ന് ക്രൈം ഡിറ്റാച്ച്‌മെന്റ് യൂണിറ്റും പിന്നീട് ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കേസ് സി.ബി.ഐക്ക് വിട്ടുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഏറ്റെടുത്തിരുന്നില്ല. ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.പ്രോസിക്യൂഷന് വേണ്ടി ആദ്യം അബ്ദുള്‍സത്താറും പിന്നീട് ജി ചന്ദ്രമോഹനനുമാണ് കോടതിയില്‍ ഹാജരായത്. അതിനിടെ രണ്ടുമതല്‍ നാലുവരെ പ്രതികളെ വിട്ടയച്ചതിനെതിരെ നിയമപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it