കാസര്‍കോട്ട് വിന്‍ടെച്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉദ്ഘാടനം ഒമ്പതിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

കാസര്‍കോട്: കോവിഡ് കാലത്ത് കര്‍ണാടകയിലേക്കുള്ള വാതില്‍ കൊട്ടിയടച്ചപ്പോള്‍ മികച്ച ചികിത്സ ലഭിക്കാതെ ജീവന്‍ പൊലിഞ്ഞുപോയവരുടെ കുടുംബങ്ങളുടെ കണ്ണീരു കണ്ട് മനസലിഞ്ഞ വിന്‍ടെച്ച് ഗ്രൂപ്പ് വാക്കുപാലിച്ചു. കാസര്‍കോട്ട് അത്യാധുനിക രീതിയിലുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് പലരും ഒരു കൂസലുമില്ലാതെ പിന്മാറിക്കളഞ്ഞപ്പോള്‍ വിന്‍ടെച്ച് ഗ്രൂപ്പ് വെറും രണ്ടരവര്‍ഷം കൊണ്ട് നൂറ് ബെഡ്ഡുകളും ഏറ്റവും ആധുനികമായ അത്യാധുനിക സൗകര്യങ്ങളുമുള്ള അഞ്ചുനില മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രി കെട്ടിടം നിര്‍മ്മിച്ച് ഉദ്ഘാടനത്തിന് സജ്ജമാക്കി. കാസര്‍കോട് ബാങ്ക് റോഡില്‍ ആക്സിസ് ബാങ്കിന് സമീപം […]

കാസര്‍കോട്: കോവിഡ് കാലത്ത് കര്‍ണാടകയിലേക്കുള്ള വാതില്‍ കൊട്ടിയടച്ചപ്പോള്‍ മികച്ച ചികിത്സ ലഭിക്കാതെ ജീവന്‍ പൊലിഞ്ഞുപോയവരുടെ കുടുംബങ്ങളുടെ കണ്ണീരു കണ്ട് മനസലിഞ്ഞ വിന്‍ടെച്ച് ഗ്രൂപ്പ് വാക്കുപാലിച്ചു. കാസര്‍കോട്ട് അത്യാധുനിക രീതിയിലുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് പലരും ഒരു കൂസലുമില്ലാതെ പിന്മാറിക്കളഞ്ഞപ്പോള്‍ വിന്‍ടെച്ച് ഗ്രൂപ്പ് വെറും രണ്ടരവര്‍ഷം കൊണ്ട് നൂറ് ബെഡ്ഡുകളും ഏറ്റവും ആധുനികമായ അത്യാധുനിക സൗകര്യങ്ങളുമുള്ള അഞ്ചുനില മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രി കെട്ടിടം നിര്‍മ്മിച്ച് ഉദ്ഘാടനത്തിന് സജ്ജമാക്കി. കാസര്‍കോട് ബാങ്ക് റോഡില്‍ ആക്സിസ് ബാങ്കിന് സമീപം നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിന്‍ടെച്ച് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഒമ്പതിന് രാവിലെ 10 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, അഡ്വ. സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.വി രാംദാസ് തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കും.
കാസര്‍കോട്ട് അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ഹോസ്പിറ്റലിന്റെ അഭാവം ഏറ്റവും കൂടുതല്‍ പ്രകടമായി അനുഭവപ്പെട്ടത് കോവിഡ് കാലത്താണ്. എന്നും ചികിത്സയ്ക്ക് മംഗലാപുരത്തെ ആശ്രയിക്കേണ്ടി വരുന്ന കാസര്‍കോട് ജില്ലക്കാര്‍ക്ക് കോവിഡ് കാലത്ത് മംഗലാപുരത്തേക്കുള്ള പ്രവേശനം തടയപ്പെട്ടപ്പോള്‍ യഥാവിധം ചികിത്സ ലഭിക്കാതെ നിരവധി ജീവനുകള്‍ പൊഴിഞ്ഞുവീഴുന്ന സങ്കടകരമായ കാഴ്ച കണ്ട് കണ്ണീര്‍ പൊഴിക്കാനാണ് വിധിയുണ്ടായത്. ഈ കാഴ്ച എല്ലാവരുടെയും മനസില്‍ നൊമ്പരമുണ്ടാക്കി. പലരും കാസര്‍കോട്ട് അത്യാധുനിക സൗകര്യങ്ങളോടെ മെഡിക്കല്‍ കോളേജിന് സമാനമായ ആസ്പത്രികള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം നടത്തി. പക്ഷെ കൊട്ടിഘോഷിക്കാതെ, വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താതെ വിന്‍ടെച്ച് ഗ്രൂപ്പ് കോവിഡ് കാലത്ത് തന്നെ മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രിക്ക് വേണ്ടി കുറ്റിയടിക്കുകയും മൂന്ന് വര്‍ഷത്തിനകം എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ആസ്പത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് വാഗ്ദത്തം ചെയ്യുകയും ചെയ്തു. എന്നാല്‍ രണ്ടര വര്‍ഷം തികയും മുമ്പേ ആ വാക്ക് പാലിച്ചിരിക്കുകയാണ്. കാസര്‍കോട്ടെ ജനങ്ങളോടുള്ള വിന്‍ടെച്ച് ഗ്രൂപ്പിന്റെ പ്രതിബദ്ധതയാണിത്. വലിയ നഗരങ്ങളില്‍ ആസ്പത്രി പണിത് അവിടത്തെ സൗകര്യങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി വലിയ ലാഭം കൊയ്യാമെന്നിരിക്കെ, കാസര്‍കോട് പതിറ്റാണ്ടുകളായി അനുഭവിക്കുന്ന വലിയൊരു ദുരിതത്തിന് മേല്‍ ഇത്തിരിയെങ്കിലും ആശ്വാസം പകരുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ആസ്പത്രി അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആതുര സേവന സ്ഥാപനങ്ങളുടെ നേതൃരംഗത്ത് നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവര്‍ത്തന പരിചയമുള്ള വിന്‍ടെച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റാണ് ഈ മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രിക്ക് നേതൃത്വം നല്‍കുന്നതെന്നത് കാസര്‍കോടിന് വലിയ സന്തോഷവും പ്രതീക്ഷയും പകരുന്നു. അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ ആദ്യം സൗദിഅറേബ്യയില്‍ തുടങ്ങി ഒമാനിലും ബഹ്റൈനിലും വികസിപ്പിച്ചെടുത്ത ആസ്പത്രി ശൃംഖലകള്‍ നിരവധിയാണ്. ഗള്‍ഫ് മേഖലയില്‍ മാത്രം അബ്ദുല്‍ ലത്തീഫ് ചെയര്‍മാനായുള്ള 29 മള്‍ട്ടി സ്പെഷ്യാലിറ്റി ക്ലിനിക്ക് ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ ഹാസന്‍, ചിത്രദുര്‍ഗ, കാഞ്ഞങ്ങാട് (ഐഷാല്‍ ഹോസ്പിറ്റല്‍) അടക്കം എല്ലാവിധ സൗകര്യങ്ങളുമുള്ള 6 ആസ്പത്രികള്‍ ഇന്ത്യയിലും നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഒമാനിലും ബഹ്റൈനിലും അടക്കം ഗള്‍ഫ് സെക്ടറില്‍ ഇദ്ദേഹത്തിന്റെ കീഴില്‍ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ടീമും മറ്റു ജീവനക്കാരുമടക്കം അയ്യായിരത്തിലധികം പേര്‍ സേവനം ചെയ്തുവരുന്നു. ഗള്‍ഫ് സെക്ടറിലടക്കം വിവിധ ഭാഗങ്ങളില്‍ മികച്ച രീതിയിലുള്ള നിരവധി ആസ്പത്രി ശൃംഖലകള്‍ നടത്തിവരുന്ന ഒരു വ്യക്തി നേതൃത്വം നല്‍കുന്ന വിന്‍ടെച്ച് ഗ്രൂപ്പിന്റെ കീഴിലുള്ള ആസ്പത്രി എന്ന നിലയില്‍ കാസര്‍കോട് ജില്ലക്കാര്‍ക്കും കര്‍ണാടക അതിര്‍ത്തികളിലുള്ളവര്‍ക്കും ഇനി മറ്റൊരു സംസ്ഥാനത്തെയും ആശ്രയിക്കേണ്ടി വരാതെ ഇവിടെ തന്നെ മികച്ച രീതിയിലും എല്ലാവിധ സൗകര്യങ്ങളിലുമുള്ള ഒരു ആസ്പത്രിയാണ് ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്.
ആസ്പത്രിയുടെ സോഫ്റ്റ് ലോഞ്ചിംഗ് കഴിഞ്ഞ മാസം 22ന് കുമ്പോള്‍ സയ്യിദ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയാല്‍ നിര്‍വഹിക്കപ്പെട്ടിരിക്കുകയാണ്. ഇതുവരെയുള്ള നിരീക്ഷണ കാലയളവില്‍ തന്നെ ഏതാനും പ്രസവങ്ങള്‍ വിജയകരമായി നടന്നു. നിരവധി പേര്‍ക്ക് കിടത്തി ചികിത്സ നല്‍കി. ഏതാനും ശസ്ത്രക്രിയകളും വിജയകരമായി നടത്തി. പരീക്ഷണ കാലയളവില്‍ തന്നെ നിരവധി രോഗികളാണ് ചികിത്സ തേടി വിന്‍ടെച്ച് മള്‍ട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയിലെത്തിയത്. കാസര്‍കോട്ടെ ജനങ്ങള്‍ വിന്‍ടെച്ച് ഹോസ്പിറ്റലിനെ ഏറ്റെടുത്ത് കഴിഞ്ഞു. ചുരുങ്ങിയ ചെലവില്‍ മികച്ച ചികിത്സയാണ് ഞങ്ങളുടെ ടാഗ് ലൈന്‍. ഏത് സാധാരണക്കാരനും പോക്കറ്റിലൊതുങ്ങുന്ന ചികിത്സയാണ് ആസ്പത്രി അധികൃതര്‍ വാഗ്ദാനം ചെയ്യുന്നത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ടീം, സി.ടി സ്‌കാന്‍, എം.ആര്‍.ഐ, ഡയബിറ്റ് സ്പെഷ്യല്‍ കെയര്‍ തുടങ്ങി മികച്ച സ്പെഷ്യാലിറ്റി സൗകര്യം നിലവില്‍ ലഭ്യമാണ്. ആദ്യത്തെ ഒരു മാസം ഡോക്ടര്‍മാരുടെ സേവനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ലാബടക്കമുള്ള പരിശോധനകള്‍ക്ക് ഉദ്ഘാടനത്തിന്റെ ഭാഗമായി 25 ശതമാനം ഇളവ് നല്‍കുന്നുണ്ട്.
പത്രസമ്മേളനത്തില്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് (ചെയര്‍മാന്‍), അബ്ദുല്‍ കരീം കോളിയാട് (ഡയറക്ടര്‍), ഹനീഫ് അരമന (ഡയറക്ടര്‍), ഡോ. ഹസീന ഹനീഫ് (ഡയറക്ടര്‍), ഡോ. ആയിഷത്ത് ഷക്കീല (ഡയറക്ടര്‍), ഡോ. ഇസ്മയില്‍ ഫവാസ് (മാനേജിംഗ് ഡയറക്ടര്‍), ദില്‍ഷാദ് (ഡയറക്ടര്‍), ഡോ. ഡാനിഷ് (മെഡിക്കല്‍ ഡയറക്ടര്‍) സംബന്ധിച്ചു.

Related Articles
Next Story
Share it