ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയില്‍ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും കാസര്‍കോട്ട് ആരംഭിക്കും-ഗോപിനാഥ് മുതുകാട്

കാസര്‍കോട്: ഭിന്നശേഷിക്കുട്ടികള്‍ക്കായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും കാസര്‍കോട്ട് ആരംഭിക്കുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കാസര്‍കോട് ചെങ്കള സ്വദേശി അബ്ദുല്‍ റഹ്‌മാന് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സഹായകമായ ഇലക്ട്രോണിക് ക്രയിനും വീല്‍ചെയറും സമ്മാനിക്കുന്ന ചടങ്ങിലാണ് ഗോപിനാഥ് മുതുകാട് ഭിന്നശേഷി മേഖലയ്ക്ക് ആശ്വാസമാകുന്ന പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ബി.സി.എം കോളേജിലെ ഹിന്ദി പ്രൊഫസര്‍ ആയിരുന്ന ലൂക്കയാണ് പുനരധിവാസ കേന്ദ്രം നിര്‍മിക്കുന്നതിനുള്ള 16 ഏക്കര്‍ […]

കാസര്‍കോട്: ഭിന്നശേഷിക്കുട്ടികള്‍ക്കായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും കാസര്‍കോട്ട് ആരംഭിക്കുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കാസര്‍കോട് ചെങ്കള സ്വദേശി അബ്ദുല്‍ റഹ്‌മാന് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സഹായകമായ ഇലക്ട്രോണിക് ക്രയിനും വീല്‍ചെയറും സമ്മാനിക്കുന്ന ചടങ്ങിലാണ് ഗോപിനാഥ് മുതുകാട് ഭിന്നശേഷി മേഖലയ്ക്ക് ആശ്വാസമാകുന്ന പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ബി.സി.എം കോളേജിലെ ഹിന്ദി പ്രൊഫസര്‍ ആയിരുന്ന ലൂക്കയാണ് പുനരധിവാസ കേന്ദ്രം നിര്‍മിക്കുന്നതിനുള്ള 16 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖല കൂടിയായ കാസര്‍കോട് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. സ്മാര്‍ട്ട് മനോജ് ഒറ്റപ്പാലമാണ് പദ്ധതിയുടെ എഞ്ചിനീയറിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്.
ഭിന്നശേഷി സമൂഹത്തെ ചേര്‍ത്തുനിര്‍ത്താന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എന്തുചെയ്യാനാവും എന്ന വിഷയത്തെ ആസ്പദമാക്കി 2017ല്‍ കാസര്‍കോട് നടന്ന ഒരുപരിപാടിയാണ് ഗോപിനാഥ് മുതുകാടിനെ ഭിന്നശേഷി മേഖലയിലേയ്ക്ക് നയിച്ചത്. തുടര്‍ന്ന് അന്നത്തെ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജ ടീച്ചറുടെ പിന്തുണയോടെ ഭിന്നശേഷിക്കുട്ടികളെ മാജിക് പഠിപ്പിക്കുവാനുള്ള പദ്ധതി ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് 23 കുട്ടികളെ മാജിക് പഠിപ്പിക്കുകയും അന്നത്തെ ഇന്ത്യന്‍ വൈസ് പ്രസിഡന്റ് ഹാമിദ് അന്‍സാരിക്ക് മുമ്പില്‍ കുട്ടികള്‍ ഇന്ദ്രജാലാവതരണം നടത്തുകയും ചെയ്തു. അവരില്‍ നിന്ന് തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് മാജിക് പ്ലാനറ്റില്‍ എംപവര്‍ എന്നപേരില്‍ തൊഴിലവസരം നല്‍കി. തുടര്‍ന്നാണ് കലകളിലൂടെ കുട്ടികള്‍ക്ക് സമഗ്രമായ മാറ്റമുണ്ടാക്കുന്നതിനായി ഡിഫറന്റ് ആര്‍ട് സെന്റര്‍ 2019ല്‍ ആരംഭിക്കുന്നത്. ഇന്ന് 200ല്‍പ്പരം കുട്ടികള്‍ വിവിധ കലകളില്‍ സെന്ററില്‍ പരിശീലനം നേടികയും സന്ദര്‍ശകര്‍ക്ക് മുമ്പില്‍ കലാപ്രകടനങ്ങള്‍ അവതരിപ്പിച്ചുവരികയും ചെയ്യുന്നു. ഇവര്‍ക്കായി ആധുനിക രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന നിരവധി തെറാപ്പി സെന്ററുകളും പ്രവര്‍ത്തിക്കുന്നു. കാണികളുടെ നിരന്തരമായ പ്രോത്സാഹനം ഈ കുട്ടികളുടെ മാനസിക നിലവാരത്തില്‍ തന്നെ ഗണ്യമായ പുരോഗതിയുണ്ടായതായി കേരള സര്‍ക്കാരിന് കീഴിലുള്ള ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ കണ്ടെത്തുകയും ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കേരള സര്‍ക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ കുട്ടികള്‍ക്ക് തൊഴില്‍ ശാക്തീകരണം നല്‍കുന്നതിനായി യൂണിവേഴ്സല്‍ മാജിക് സെന്ററും അണിയറയില്‍ ഒരുങ്ങുകയാണ്. 2023 ജനുവരിയില്‍ പുതിയ 100 കുട്ടികളെ കൂടി പ്രവേശിപ്പിക്കുവാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. ഈയൊരു മാതൃകയാണ് കാസര്‍കോട്ടും നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 25നാണ് ഗോപിനാഥ് മുതുകാട് അബ്ദുല്‍ റഹ്‌മാന്റെ വീട് സന്ദര്‍ശിച്ചത്. 61 കഴിഞ്ഞ പിതാവ് അബ്ദുള്ള തന്റെ മകനെ വീടിനുള്ളിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന വാര്‍ത്ത അറിഞ്ഞാണ് മുതുകാട് അബ്ദുല്‍ റഹ്‌മാന്റെ വീട്ടിലെത്തിയത്. തറയുടെ ചൂടും തണുപ്പുമറിഞ്ഞ് നിരങ്ങിനീങ്ങാന്‍ പോലും കഴിയാതെ ദുരിതജീവിതം നയിക്കുന്ന അബ്ദുല്‍ റഹ്‌മാനെ സഹായിക്കുന്നതിന്റെ ഭാഗമായാണ് സ്വതന്ത്രമായി സഞ്ചരിക്കുവാന്‍ രണ്ടരലക്ഷം രൂപാ ചെലവില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കിയത്. കൂടാതെ വീല്‍ചെയറിന് സുഗമമായി വീടിനകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കുവാന്‍ വീടിന് മുന്‍വശം കോണ്‍ക്രീറ്റ് റാമ്പും പണിത് നല്‍കിയിട്ടുണ്ട്. ചടങ്ങില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ജ്യോതി തേക്കിന്‍കാട്ടില്‍, രാധാകൃഷ്ണന്‍, മനോജ് ഒറ്റപ്പാലം എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it