കോവിഡ് വ്യാപനം തടയുന്നതിന് കാസര്‍കോട്ട് ശക്തമായ നടപടികള്‍; നഗരത്തില്‍ ബാരിക്കേടുകള്‍ വെച്ച് പരിശോധന തുടങ്ങി, അനാവശ്യമായി നഗരത്തില്‍ ഇറങ്ങുന്നത് നിയന്ത്രിക്കും

കാസര്‍കോട്: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ പ്രവേശനത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അനാവശ്യമായി നഗരത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനും പൊലീസ് കര്‍ശന നടപടികളിലേക്ക്. ഇതിന്റെ ഭാഗമായി പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പരിശോധന തുടങ്ങി. ഇന്ന് ഉച്ചയോടെ കറന്തക്കാട്ട് ബാരിക്കേഡ് സ്ഥാപിച്ച് വാഹന ഉടമകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് വിട്ടയച്ചത്. ചെമനാട്, പുതിയ ബസ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രധാന വ്യാപാര […]

കാസര്‍കോട്: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ പ്രവേശനത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അനാവശ്യമായി നഗരത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനും പൊലീസ് കര്‍ശന നടപടികളിലേക്ക്. ഇതിന്റെ ഭാഗമായി പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പരിശോധന തുടങ്ങി. ഇന്ന് ഉച്ചയോടെ കറന്തക്കാട്ട് ബാരിക്കേഡ് സ്ഥാപിച്ച് വാഹന ഉടമകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് വിട്ടയച്ചത്. ചെമനാട്, പുതിയ ബസ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിക്കുമെന്നും പൊലീസ് പറഞ്ഞു.
പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിന് 14 ദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷന്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റോ വേണമെന്ന് ഇന്നലെ ചേര്‍ന്ന ദുരന്ത നിവാരണ സമിതി യോഗം നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ രാത്രിയോടെയാണ്, നഗരങ്ങളില്‍ അനാവശ്യമായി ഇറങ്ങുന്നത് തടയാന്‍ കര്‍ശന നടപടികളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ഉപ്പള, കുമ്പള എന്നീ ടൗണുകളില്‍ പ്രവേശിക്കാനും ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടിവരുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് പൊലീസ് പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവും പറഞ്ഞു.
കടകള്‍ രാത്രി ഒമ്പത് മണിയോടെ അടക്കണമെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയപാതയ്ക്കരികിലെയും കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡരികിലെയും തട്ടുകടകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പാര്‍സലായി മാത്രമേ ഭക്ഷണം വില്‍ക്കാന്‍ പാടുള്ളൂ. ഈ കടകളും രാത്രി 9 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. കടകള്‍ക്ക് മുന്നില്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കണം. ട്യൂഷന്‍ സെന്ററുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയം ക്ലാസെടുക്കുന്നത് അനുവദിക്കില്ല. ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ഥികളുമായി മാത്രമേ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
തുറന്ന ഗ്രൗണ്ടുകളിലും ഇന്‍ഡോര്‍ ഗ്രൗണ്ടുകളിലുമുള്ള എല്ലാവിധ കായിക വിനോദങ്ങളും നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും നടക്കുന്ന കല്യാണം, മറ്റ് ചടങ്ങുകള്‍ എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ നടത്താന്‍ പാടുള്ളൂ. പരമാവധി 100 പേരെ മാത്രമേ പരിപാടികളില്‍ പങ്കെടുപ്പിക്കാവൂ. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് നല്‍കുന്ന അനുമതികളുടെ വിവരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ അറിയിക്കേണ്ടതാണ്.
നിലവില്‍ അനുമതി നല്‍കിയിട്ടുള്ളവ ഒഴികെയുള്ള ഒരു ഉല്‍സവങ്ങള്‍ക്കും അടുത്ത രണ്ട് ആഴ്ച അനുമതി നല്‍കില്ല. ബീച്ചുകള്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ പ്രവേശനം അനുവദിക്കുകയുള്ളൂ.
അതേസമയം അധികൃതര്‍ നടപടി കടുപ്പിച്ചത് വ്യാപാരികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ റമദാനില്‍ ലോക്ഡൗണ്‍ മൂലം വ്യാപാരം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇപ്രാവശ്യമെങ്കിലും റമദാനില്‍ കച്ചവടം നടത്തി നഷ്ടം തരണം ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികള്‍. അതിനിടെയാണ് കോവിഡ് രോഗികളുടെ എണ്ണം രൂക്ഷമായതും കടുത്ത നടപടികളുമായി അധികൃതര്‍ രംഗത്തുവന്നത്. ഈ സാഹചര്യത്തില്‍ കച്ചവടം എങ്ങനെ മുന്നോട്ട് പോകുമെന്ന ചോദ്യചിഹ്നമാണ് ഓരോ വ്യാപാരിക്ക് മുന്നിലുമുള്ളത്.

വീഡിയോ കാണാം:

Related Articles
Next Story
Share it