കേരള സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിക്കും-മന്ത്രി വി. ശിവന്‍കുട്ടി

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു കാഞ്ഞങ്ങാട്: കേരള സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി പറഞ്ഞു. ചായോത്ത് ജി.എച്ച്.എസ്.എസില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ കാലഘട്ടത്തിനനുസരിച്ച് കലോത്സവ മാന്വല്‍ പരിഷ്‌കരിക്കും. അടുത്ത വര്‍ഷം പുതുക്കിയ മാന്വലിന്റെ അടിസ്ഥാനത്തില്‍ കലോത്സവം സംഘടിപ്പിക്കും. അപ്പീലുകളില്ലാത്ത മത്സരങ്ങള്‍ നടക്കാന്‍ നാം മുന്‍ കൈയെടുക്കണം. മത്സരങ്ങള്‍ കുട്ടികള്‍ തമ്മില്‍ ആയിരിക്കണം. രക്ഷാകര്‍ത്താക്കളും അധ്യാപകരും […]

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരള സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി പറഞ്ഞു. ചായോത്ത് ജി.എച്ച്.എസ്.എസില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ കാലഘട്ടത്തിനനുസരിച്ച് കലോത്സവ മാന്വല്‍ പരിഷ്‌കരിക്കും. അടുത്ത വര്‍ഷം പുതുക്കിയ മാന്വലിന്റെ അടിസ്ഥാനത്തില്‍ കലോത്സവം സംഘടിപ്പിക്കും. അപ്പീലുകളില്ലാത്ത മത്സരങ്ങള്‍ നടക്കാന്‍ നാം മുന്‍ കൈയെടുക്കണം. മത്സരങ്ങള്‍ കുട്ടികള്‍ തമ്മില്‍ ആയിരിക്കണം. രക്ഷാകര്‍ത്താക്കളും അധ്യാപകരും മത്സരത്തിലോ ഫലത്തിലോ ഇടപെടരുത്. മത്സര ഫലത്തിനെതിരെ കോടതിയില്‍ നിന്ന് അപ്പീല്‍ വാങ്ങുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം. എല്ലാ കുട്ടികളെയും ഒരേ മനസ്സോടെ കാണാനാകണം. അവരുടെ വിജയത്തില്‍ സന്തോഷിക്കണം.
കലോത്സവ പാനലിനെ നിശ്ചയിക്കുന്ന രീതി കാലോചിതമായി പരിഷ്‌കരിക്കും. ചില ആളുകള്‍ സ്ഥിരമായി പാനലില്‍ വരുന്നത് പുനപരിശോധിക്കേണ്ട സമയമായി. ഇത്തരത്തില്‍ കലോത്സവം കുറ്റമറ്റ രീതിയില്‍ നടത്താനുള്ള ഇടപെടലുകള്‍ നടത്തും. മത്സര പരിപാടികള്‍ സമയബന്ധിതമായി നടത്തണം. കലോത്സവ വിജയികള്‍ക്ക് നല്‍കുന്ന സമ്മാനത്തുക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കലാപ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് പരിശീലനം നല്‍കാന്‍ ഗ്രാമ പഞ്ചായത്തുകളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ സോവനീര്‍ പ്രകാശനം ചെയ്തു. എം.രാജഗോപാലന്‍ എം.എല്‍.എ ലോഗോ രൂപകല്പന ചെയ്തവര്‍ക്കുള്ള ഉപഹാരം നല്‍കി. സി എച്ച് കുഞ്ഞമ്പു എം എല്‍ എ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സ്വാഗതഗാനം അണിയറ പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരം നല്‍കി. മുന്‍ എംപി പി. കരുണാകരന്‍, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി. ശാന്ത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ശകുന്തള, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, ചലച്ചിത്ര താരം പി.പി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ചായോത്ത് ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ പി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.കെ. വാസു സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ യൂസഫ് ആമത്തല നന്ദിയും പറഞ്ഞു.
ഡിസംബര്‍ 2 വരെയാണ് കലോത്സവം. ജില്ലയിലെ 7 ഉപജില്ലകളില്‍ നിന്നും അയ്യായിരത്തോളം കലാപ്രതിഭകള്‍ മുന്നൂറോളം ഇനങ്ങളില്‍ 12 വേദികളിലായി മത്സരിക്കും.
ചിറ്റാരിക്കാല്‍ ഉപജില്ലയില വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ സ്വാഗത ഗാനവും നൃത്ത ശില്‍പവും അരങ്ങേറി.

Related Articles
Next Story
Share it