കാസര്‍കോട് നഗരസഭാ ചെയര്മാന് പദവി കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകളും തര്‍ക്കങ്ങളും സജീവമായിരിക്കെ നഗരസഭാ ചെയര്മാന് വി.എം. മുനീര്‍
ഉത്തരദേശത്തോട് മനസ് തുറക്കുന്നു
നിലപാട് വ്യക്തമാക്കി അഡ്വ. വി.എം മുനീര്‍
രാഷ്ട്രീയ കേന്ദ്രങ്ങളുടെ ചര്ച്ചകളിലിപ്പോള് കാസര്‍കോട് നഗരസഭയിലെ അധികാര കൈമാറ്റത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളാണ് നിറയുന്നത്. നഗരസഭാ ചെയര്മാന് അഡ്വ. വി.എം. മുനീര്‍ രാജിവെച്ച് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അബ്ബാസ് ബീഗത്തിന് ചെയര്മാന് പദവി കൈമാറണമെന്ന മുന്‍ധാരണ നടപ്പിലാക്കാന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ഒരുങ്ങുമ്പോള്‍ മുനീര്‍ അനുകൂലികളുടെ നിരാശയും പ്രകടമാണ്. മുനീര്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരത്തുന്ന കാരണങ്ങളിലൊന്ന് കാസര്‍കോട് നഗരസഭയുടെ ചരിത്രത്തില്‍ മുസ്ലീംലീഗ് ഭരിച്ചിരുന്ന കാലത്തൊന്നും ഇത്തരം ഒരു അധികാര കൈമാറ്റത്തിന്റെ കഥകള്‍ കേട്ടിട്ടില്ലെന്നതാണ്. എന്നാല്‍ ഈ ഭരണസമിതി അധികാരത്തിലേറുന്നതിന് തൊട്ട് മുമ്പ് എന്തിന്, മൂന്ന് വര്‍ഷം കഴിഞ്ഞ് അധികാര കൈമാറ്റ ധാരണക്ക് തയ്യാറായി എന്ന ചോദ്യം മറുഭാഗവും ഉയര്‍ത്തുന്നു.
2020 ഡിസംബറില്‍ അഡ്വ. വി.എം. മുനീറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കാസര്‍കോട് നഗരസഭയില്‍ അധികാരത്തിലേറുന്നതിന് മുമ്പ് പാര്‍ട്ടി ജില്ലാ നേതൃത്വം ഒരു ധാരണ ഉണ്ടാക്കിയിരുന്നു. ആദ്യത്തെ മൂന്നുവര്‍ഷം മുനീര്‍, പിന്നീട് രണ്ടുവര്‍ഷം അബ്ബാസ്-ഇതായിരുന്നു ധാരണ. ഇപ്രകാരം മുനീറിന്റെ കാലാവധി ഡിസംബര്‍ 28ന് പൂര്‍ത്തിയായി. ധാരണപ്രകാരം അബ്ബാസിന് അധികാര കൈമാറ്റം നടത്തണമെന്നും ഈ മാസം 15ന് മുമ്പായി മുനീര്‍ ചെയര്മാന് പദവി ഒഴിയണമെന്നും പാര്‍ട്ടി ജില്ലാ നേതൃത്വം രേഖാമൂലം ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതിനിടയിലാണ് ചില തര്‍ക്കങ്ങള്‍ ഉടലെടുത്തത്. മുനീറിന് പകരം ചെയര്മാന് പദവി തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ട് ചിലര്‍. ചെയര്മാന് പദവി ഒഴിയേണ്ടിവരികയാണെങ്കില് വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനവും മുനീര്‍ രാജിവെയ്ക്കണമെന്ന് മുസ്ലീംലീഗ് വാര്‍ഡ് കമ്മിറ്റി. ലോക്സഭാ തിരഞ്ഞെടുപ്പുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മുസ്ലീം ലീഗ് പ്രതിനിധികള്‍ക്ക് മാറ്റം വേണ്ടെന്ന് സംസ്ഥാന കമ്മിറ്റിയുടെ സര്‍ക്കുലര്‍ ഉണ്ടെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് വരെ രാജി വെക്കേണ്ടതില്ലെന്നും വേറെ ചിലര്‍… ഇങ്ങനെ ഓരോരോ വിഷയങ്ങള്‍ തലപൊക്കുമ്പോള്‍ മുനീറിന്റെ രാജിയും നീളുന്നു. മുനീര്‍ രാജിക്ക് സന്നദ്ധനാവില്ലേ എന്ന ചോദ്യം പോലും ഉയരാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനിടയില്‍ തന്റെ നിലപാട് പരസ്യപ്പെടുത്തുകയാണ് മുനീര്‍.
? മൂന്ന് വര്‍ഷം കഴിഞ്ഞ് ചെയര്മാന് പദവി അബ്ബാസിന് കൈമാറുമെന്ന ധാരണ ഉണ്ടായിരുന്നതല്ലേ.
= മൂന്നുവര്‍ഷം മുമ്പ് അങ്ങനെയൊരു ധാരണയുണ്ടായിരുന്നു എന്നത് ശരിയാണ്. അക്കാര്യം എന്നെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ധാരണ ഉണ്ടാക്കുന്നതിന് മുമ്പ് ആരും ഞാനുമായി ആലോചിച്ചിരുന്നില്ല. തീരുമാനം എടുത്തശേഷമാണ് പാര്‍ട്ടി എന്നെ അറിയിച്ചത്. പാര്‍ട്ടിതീരുമാനം എന്തായാലും അത് അംഗീകരിക്കുന്ന അച്ചടക്കമുള്ള പ്രവര്‍ത്തകനാണ് ഞാന്‍. എന്റെ കാലാവധി മൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നതിന് മൂന്ന് ആഴ്ച മുമ്പ് തന്നെ പാര്‍ട്ടിയുടെ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടും സെക്രട്ടറിയും എന്റെ ക്യാബിനില്‍ വന്നപ്പോള്‍ ഞാന്‍ അവരോട് അങ്ങോട്ട് ആവശ്യപ്പെട്ടതാണ്; എപ്പോഴാണ് രാജിവെക്കേണ്ടത് എന്ന്. മുന്‍കൂട്ടി പറയണമെന്നും ചെയര്മാന് പദവി ഒഴിയുമ്പോള്‍ ചെയ്തുതീര്‍ക്കേണ്ട കുറെ കാര്യങ്ങളൊക്കെയുണ്ട് എന്നും അവരോട് ഞാന്‍ സൂചിപ്പിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ധാരണയായിട്ടുണ്ടെങ്കിലും പാര്‍ട്ടി പറയാതെ രാജി വെക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ടാണ് മുനിസിപ്പല്‍ ലീഗ് നേതാക്കളോട് ഞാന്‍ അക്കാര്യം പറഞ്ഞത്.
? എന്തായിരുന്നു അവരുടെ മറുപിടി.
= ഇക്കാര്യത്തില്‍ മുനിസിപ്പല്‍ കമ്മിറ്റിക്ക് റോളൊന്നുമില്ലെന്നും ജില്ലാ പാര്‍ലമെന്ററി ബോഡാണ് തീരുമാനിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. പിന്നീട് രാജിയുമായി ബന്ധപ്പെട്ട് എന്നോട് ആരും സംസാരിച്ചില്ല. എന്നാല്‍ എന്റെ കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ ചില പത്രങ്ങളില്‍ അധികാരകൈമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ അച്ചടിച്ചുവരാന്‍ തുടങ്ങി. പല വാര്‍ത്തകള്‍ക്കും പരിഹാസത്തിന്റെ ട്രോളായിരുന്നു. ഞാന്‍ രാജിവെക്കാന്‍ തയ്യാറില്ലെന്നും അധികാരക്കൊതിയനാണെന്നും വരുത്തിത്തീര്‍ക്കുന്ന തരത്തിലും ചിലര്‍ പ്രചരിപ്പിച്ചു. പാര്‍ട്ടി ആവശ്യപ്പെടാതെ അങ്ങോട്ട് കയറിച്ചാടി രാജിവെക്കുന്നത് ശരിയല്ലല്ലോ. പാര്‍ട്ടിയുടെ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. ഇതിനിടയില്‍ കാലിന് അസുഖവുമായി വീട്ടില്‍ വിശ്രമത്തിലുമായി.
? ജനുവരി 15നകം രാജിവെക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടോ
= അടുത്തിടെ മുസ്ലീംലീഗ് പാര്‍ലമെന്ററി ബോഡ് ചേര്‍ന്ന് കൈകൊണ്ടതീരുമാനം ജില്ലാ നേതൃത്വം എന്നെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. മുന്‍ ധാരണ പ്രകാരം രാജി സമര്‍പ്പിക്കാനാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നേതൃത്വത്തിന്റെ ഏത് തീരുമാനവും ഞാന്‍ അനുസരിക്കും. എന്നെ വളര്‍ത്തിയതും ചെയര്മാന് പദവി വരെ എത്തിച്ചതും മുസ്ലീംലീഗാണ്. പാര്‍ട്ടിയെ ഒരിക്കലും ധിക്കരിക്കില്ല.
? രാജി വൈകാന്‍ സാധ്യതയുണ്ടോ
= എനിക്കനുവദിച്ച ദിവസത്തിനകം തന്നെ രാജിവെക്കാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍. അതിനുവേണ്ട നടപടികളും നടത്തിയിരുന്നു. ഇതിനിടയിലാണ് സംസ്ഥാന കമ്മിറ്റിയുടെ ഒരു സര്‍ക്കുലര്‍ എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഡിസംബര്‍ 11ന് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാന പ്രകാരം ഡിസംബര്‍ 25ന് ജില്ലാ കമ്മിറ്റികള്‍ക്ക് അയച്ച സര്‍ക്കുലറിന്റെ കോപ്പിയാണ് അത്. അതില്‍; ത്രിതല പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ അധികാര സ്ഥാനങ്ങളിലിരിക്കുന്ന മുസ്ലീംലീഗ് പ്രതിനിധികളുടെ പ്രസ്തുത സ്ഥാനങ്ങളില്‍ മാറ്റം വരുത്തുന്ന സംബന്ധിച്ച ചര്‍ച്ചകളും നടപടികളും 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ മാറ്റിവെക്കേണ്ടതാണെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ, സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അത്തരം കാര്യങ്ങള്‍ ചര്ച്ചയ്ക്കെടുക്കാവൂ എന്നും കൃത്യമായി പറയുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ ഇത്തരം ഒരു സര്‍ക്കുലറിനെ കുറിച്ച് ജില്ലാ നേതാക്കളോട് ഞാന്‍ വിവരം ആരാഞ്ഞിട്ടുണ്ട്. സര്‍ക്കുലര്‍ അവര്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത്തരം ഒരു സര്‍ക്കുലര്‍ സംസ്ഥാന നേതൃത്വം ഇറക്കിയിട്ടുണ്ടെങ്കില്‍ അതിനോട് കൂറുപുലര്‍ത്തേണ്ടത് ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ ബാധ്യതയാണ്. ഇങ്ങനെയൊരു സര്ക്കുലറിരിക്കെ ഞാന്‍ രാജിവെച്ചാല്‍ അത് സര്‍ക്കുലറിന്റെ ലംഘനമാവും. അങ്ങനെ വന്നാല്‍ എന്റെ ഭാഗത്ത് നിന്ന് പാര്‍ട്ടി വിരുദ്ധ നടപടി ഉണ്ടായി എന്ന് വിലയിരുത്തപ്പെടും. അതുകൊണ്ട് സര്‍ക്കുലറിന്റെ കാര്യത്തില്‍ വ്യക്തത വരുത്താനുള്ള കാത്തിരിപ്പിലാണ് ഞാന്‍. എന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട സമയപരിധിക്ക് രണ്ടുദിവസം കൂടിയുണ്ട്. അതിനുമുമ്പായി സര്‍ക്കുലറില്‍ പറയുന്ന കാര്യത്തില്‍ ഒരു വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഞാന്‍.
? ഒരു ഭാഗത്ത് സംസ്ഥാന നേതൃത്വത്തിന്റേതെന്നു പറയുന്ന സര്‍ക്കുലര്‍. മറുഭാഗത്ത് രാജിവെക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ജില്ലാ നേതൃത്വത്തിന്റെ കത്ത്. കണ്‍ഫ്യൂഷനിലാണോ
= സംസ്ഥാന നേതൃത്വം പറയുന്നത് അനുസരിക്കാന്‍ ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകനും ബാധ്യസ്ഥനാണ്. ഞാനും അക്കൂട്ടത്തില്തന്നെ. പലതെറ്റായ വാര്‍ത്തകളും പ്രചരിപ്പിച്ച് എന്നെ അധികാരക്കൊതിയനാണെന്നും ചെയര്മാന് പദവിയില്‍ നിന്ന് ഒഴിയാന്‍ കൂട്ടാക്കാത്തയാളെന്നും പറഞ്ഞു പരത്തുന്നുണ്ട്. അതിനു പിന്നിലെ വിരോധം എന്താണെന്ന് എനിക്കറിയില്ല. നേരത്തെതന്നെ എനിക്കെതിരായ ചില നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആറുമാസം മുമ്പ് കാസര്‍കോട് നഗരത്തില്‍ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചപ്പോള്‍ അതില്‍ നിന്ന് സ്ഥാപന ഉടമയെ പിന്തിരിപ്പിക്കാനുള്ള ശ്രമം എന്റെ പാര്‍ട്ടിയില്‍ തന്നെയുള്ള ചിലരില്‍നിന്നുണ്ടായി. നഗരസഭ ചെയര്‍മാനല്ല, എം.എല്‍.എയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കേണ്ടതെന്നും അവര്‍ സ്ഥാപന ഉടമയില്‍ ശക്തമായ സമ്മര്‍ദ്ദംചെലുത്തി. എന്നാല്‍ തങ്ങളുടെ സ്ഥാനപങ്ങളെല്ലാം അതാത് നഗരങ്ങളിലെ ചെയര്‍മാനാണ് നിര്വ്വഹിക്കാറുള്ളതെന്ന് പറഞ്ഞ് സ്ഥാപന ഉടമ എന്നെ കൊണ്ട് തന്നെ ഉദ്ഘാടനം നിര്‍വ്വഹിപ്പിച്ചു. എന്തുകൊണ്ടാണ് എന്നോട് ചിലര്‍ വിരോധം കാണിക്കുന്നതെന്ന് മനസ്സിലാക്കുന്നില്ല. നഗരത്തിന്റെ വികസനത്തിനുവേണ്ടി ഈ മൂന്നുവര്‍ഷത്തിനിടയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതിന്റെ സംതൃപ്തി എനിക്കുണ്ട്. നഗരത്തിന്റെ വികസനം മാത്രമാണ് ഞാന്‍ ശ്രദ്ധിച്ചത്. പാര്‍ട്ടിയോ നിറമോ നോക്കി പ്രവര്‍ത്തിച്ചിട്ടില്ല.
? മൂന്നുവര്‍ഷത്തിനിടയില്‍ ചെയ്ത പ്രധാനപ്പെട്ട വികസനപ്രവര്‍ത്തനങ്ങള്‍ പറയാമോ
= എല്ലാ മേഖലയുമായും ബന്ധപ്പെട്ട് വികസനങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഫലമായാണ് ഐ.എസ്.ഒ റാങ്കിംഗില്‍ കാസര്‍കോട് നഗരസഭ ഉള്‍പ്പെട്ടത്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ മികവിന് നമ്മുടെ നഗരസഭ ഒ.ഡി.എഫ് പ്ലസിലും ഇടം നേടി. പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ 2022-23 കാലത്ത് ജില്ലയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിച്ചു. സംസ്ഥാനത്ത് മുമ്പൊക്കെ കാസര്‍കോട് നഗരസഭ ഉണ്ടായിരുന്നത് തൊണ്ണൂറോ മറ്റോ സ്ഥാനത്തായിരുന്നുവെങ്കില്‍ അതിപ്പോള്‍ 36ലേക്ക് എത്തിക്കാന്‍ സാധിച്ചു. ഇതൊക്കെ നേട്ടങ്ങളുടെ ശബ്ദിക്കുന്ന തെളിവുകളാണ്. വിദ്യാനഗറില്‍ നഗരസഭാ സ്റ്റേഡിയത്തിന് സമീപം എച്ച്.എ.എല്ലിന്റെ ഫണ്ടോടുകൂടി സ്വിമ്മിംഗ്പൂള്‍ നിര്‍മ്മിച്ചു. 1.77 കോടി രൂപ ചെലവിലാണ് 22 മീറ്റര്‍ നീളമുള്ള സ്വിമ്മിംഗ്പൂള്‍ പണിതത്. പുലിക്കുന്നില്‍ ഗവ. ഗസ്റ്റ് ഹൗസ് എതിര്‍വശം ലെഫ്. മുഹമ്മദ് ഹാഷിം സ്മാരകവും ഓപ്പണ്‍ ജിമ്മും സ്ഥാപിച്ചു. തെരുവു കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചു.
ഞാന്‍ ചെയര്‍മാനായി വരുമ്പോള്‍ കോവിഡിന്റെ അതിരൂക്ഷമായ കാലമായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് നഗരസഭ മാതൃകാപരമായി സേവനങ്ങള്‍ നടത്തി. ഡിജിറ്റല്‍ അസ്സറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചത് കാസര്‍കോട് നഗരസഭയിലെ മറ്റൊരു നേട്ടമായിരുന്നു. വനിതാ സാംസ്ക്കാരികോത്സവവും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തിയ വായനാദിന പരിപാടികളും ശ്രദ്ധിക്കപ്പെട്ടു. അഖിലേന്ത്യാ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് നടത്തിയത് നഗരസഭക്ക് വലിയ കൈയടി നേടിത്തന്നു. കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള 11 കോടി രൂപ ചെലവഴിച്ചുള്ള അമൃതം-2 പദ്ധതിയുടെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി. ഇതിന്റെ രണ്ടാംഘട്ട പദ്ധതി 7 കോടി രൂപ ചെലവില്‍ നിര്‍വ്വഹിക്കുന്നതിനും അനുമതി നല്കി. തളങ്കരയില്‍ ആരോഗ്യകേന്ദ്രം ആരംഭിച്ചു. രണ്ടാമത്തേത് അണങ്കൂരില്‍ 15ന് ഉദ്ഘാടനം ചെയ്യും. തളങ്കര മുസ്ലീം ഹൈസ്കൂളില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിച്ചു. എല്ലാം സഹപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനം കൊണ്ട് സാധിച്ചതാണ്. ഇതിന് നേതൃത്വം നല്കാന് കഴിഞ്ഞതില്‍ എനിക്കഭിമാനമുണ്ട്.
? പാതിവഴിക്ക് ചെയര്മാന് സ്ഥാനം ഒഴിയുമ്പോള്‍ പല പദ്ധതികളും പാതിവഴിയിലായിരിക്കില്ലേ
= ശരിയാണ്. പല പദ്ധതികളും പാതിവഴിക്കാണ്. ഒരു നഗരസഭാ ചെയര്‍മാന്റെ പൂര്ണ്ണകാലാവധി ലഭിക്കുമായിരുന്നുവെങ്കില്‍ ഞാന്‍ അതൊക്കെ സഹപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടുകൂടി പൂര്‍ത്തീകരിക്കുമായിരുന്നു. ടൗണ്‍ ഹാളിന് പിറകില്‍ മുനിസിപ്പാലിറ്റിക്ക് പ്രത്യേക ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. കൈറ്റ്സ് എന്ന പദ്ധതിയും പാതിവഴിയിലാണ്.
തളങ്കരയിലെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ പൈതൃക പ്രദേശവും ആലോചനയിലുണ്ടായിരുന്നു. ഇതിന് വേണ്ടി വകുപ്പ് മന്ത്രിയുമായി സംസാരിച്ച് 10.50 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. താളിപ്പടുപ്പ് സ്റ്റേഡിയം പിങ്ക് സ്റ്റേഡിയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ആരംഭം കുറിച്ചിരുന്നു.
-ടി.എ. ഷാഫി