ഒരു മെഡിക്കല്‍ കോളേജിന്റെ ഗതികേട് !

കാസര്‍കോട്ടെ ഏക മെഡിക്കല്‍ കോളേജ് എന്നാണ് വിശേഷണം. പക്ഷെ, ഫലത്തില്‍ ഒരു ഡിസ്പന്‍സറി, അല്ലെങ്കില്‍ ഒരു പ്രാദേശിക ഹെല്‍ത്ത് സെന്റര്‍. ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്ക് ചികിത്സാര്‍ത്ഥം ചെല്ലുന്നവര്‍ക്ക് അത്തരമൊരു അനുഭവമാണുണ്ടാവുക. അതിലപ്പുറം ലഭിക്കാത്തത് അവിടത്തെ സൗകര്യക്കുറവ് കൊണ്ടല്ല. ബില്‍ഡിങ്ങുകളുടെ അപര്യാപ്തത കൊണ്ടുമല്ല. മറിച്ച്, അധികൃതരുടെ അനാസ്ഥ, അവഗണന. അല്ലെങ്കില്‍ കാസര്‍കോട്ടുകാര്‍ക്ക് അത്ര മതി എന്ന കുടില മനോഭാവത്തിന്റെ നിദര്‍ശനം. കഴിഞ്ഞ ദിവസം ചികിത്സാര്‍ത്ഥം നേരില്‍ അവിടം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണീ എഴുത്ത്.2012ല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറാണ് […]

കാസര്‍കോട്ടെ ഏക മെഡിക്കല്‍ കോളേജ് എന്നാണ് വിശേഷണം. പക്ഷെ, ഫലത്തില്‍ ഒരു ഡിസ്പന്‍സറി, അല്ലെങ്കില്‍ ഒരു പ്രാദേശിക ഹെല്‍ത്ത് സെന്റര്‍. ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്ക് ചികിത്സാര്‍ത്ഥം ചെല്ലുന്നവര്‍ക്ക് അത്തരമൊരു അനുഭവമാണുണ്ടാവുക. അതിലപ്പുറം ലഭിക്കാത്തത് അവിടത്തെ സൗകര്യക്കുറവ് കൊണ്ടല്ല. ബില്‍ഡിങ്ങുകളുടെ അപര്യാപ്തത കൊണ്ടുമല്ല. മറിച്ച്, അധികൃതരുടെ അനാസ്ഥ, അവഗണന. അല്ലെങ്കില്‍ കാസര്‍കോട്ടുകാര്‍ക്ക് അത്ര മതി എന്ന കുടില മനോഭാവത്തിന്റെ നിദര്‍ശനം. കഴിഞ്ഞ ദിവസം ചികിത്സാര്‍ത്ഥം നേരില്‍ അവിടം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണീ എഴുത്ത്.
2012ല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറാണ് കാസര്‍കോട്ടുകാരുടെ ചിരകാല സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഈ മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടത്. സ്ഥലം തെരഞ്ഞെടുത്തതില്‍ അന്ന് ചില ഭാഗങ്ങളില്‍ നിന്ന് പരാതിയൊക്കെ കേട്ടിരുന്നെങ്കിലും അനുഭവം മറിച്ചാണ്. ഏറെ വികസന സാധ്യതയുള്ള, നഗരത്തിന്റെ തിരക്കോ ബഹളമോ ഇല്ലാത്ത, പ്രകൃതി രമണീയ പ്രദേശം. വിവിധ ബ്ലോക്കുകളിലായി ബഹുനില കെട്ടിടങ്ങള്‍ മിക്കവയും പണി പൂര്‍ത്തിയായി നില്‍ക്കുന്നു. അക്കാദമിക് ബ്ലോക്കിന്റെ മിനുക്കു പണിയടക്കം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. പൊതു റോഡില്‍ നിന്ന് ആസ്പത്രി കോമ്പൗണ്ടിലേക്ക് പണി പൂര്‍ത്തിയായ, എയര്‍ പോര്‍ട്ട് റോഡിനെ വെല്ലുന്ന വിശാലമായ പാത. എല്ലാം റെഡി. ഇപ്പോള്‍ ചെലവഴിച്ച തുകയുടെ ചെറിയ ഭാഗം കൂടി വിനിയോഗിച്ചാല്‍ അവിടം പൂര്‍ണ സജ്ജമാക്കാം. പക്ഷെ, അധികൃതര്‍ കനിയണ്ടേ?
കഴിഞ്ഞ കോവിഡ് കാലത്ത് കോവിഡ് രോഗികള്‍ക്ക് വേണ്ടി മാത്രമായി ഒരുക്കിക്കൊടുത്ത ഇവിടം പിന്നീട് 2022 ജനുവരിയിലാണ് ഒ.പി വിഭാഗം ആരംഭിച്ചത്. ഇപ്പോഴും അതേ നില തുടരുന്നു. രാവിലെ മുതല്‍ ഉച്ചവരെ ഏതാനും ജനറല്‍ ഡോക്ടര്‍മാരുടെ പരിശോധന. അത്യാവശ്യം ബ്ലഡ് ടെസ്റ്റുകള്‍, ഒന്ന് രണ്ട് സ്‌പെഷ്യലിസ്റ്റുകളുടെ സേവനം ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം. അത് തന്നെ സ്ഥിരമല്ല. നിര്‍ബന്ധിതാവസ്ഥയില്‍ എത്തിപ്പെട്ട വിദഗ്ധ ഡോക്ടര്‍മാര്‍ ഇവിടത്തെ അസൗകര്യം കാരണം സ്ഥലം മാറ്റം വാങ്ങി നാട് വിടുന്നതോടെ ആ സേവനത്തിന് വിരാമം. പിന്നെ ആരെങ്കിലും ഇങ്ങോട്ട് കടന്നു വരാന്‍ സന്‍മനസ്സ് കാണിക്കുന്നത് വരെ ഇവിടത്തുകാര്‍ രോഗങ്ങള്‍ക്ക് അവധി നല്‍കി കാത്തിരിക്കണം. ഉള്ള വിദഗ്ധര്‍ക്ക് പിടിപ്പത് പണിയാണ്. രോഗികള്‍ മണിക്കൂറുകള്‍ കാത്തിരിക്കണം. അതിനിടയില്‍ ദാഹമോ വിശപ്പോ തോന്നിയാല്‍ നടന്ന് വിഷമിച്ച് ഉക്കിനടുക്ക കൊച്ചു ബസാറിലെത്തണം. ആസ്പത്രി പരിസരത്ത് കാന്റീന്‍ പോകട്ടെ, ചായക്കടയോ പെട്ടിക്കട പോലുമോ ഇല്ല.
ഇപ്പോള്‍ അവിടെ നഴ്‌സിംഗ് ക്ലാസ് കൂടി തുടങ്ങുകയാണത്രെ. കിടത്തി ചികില്‍സിക്കാന്‍ സൗകര്യം ഒരുക്കാതെ, പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് 27 കി.മി. അകലെയുള്ള കാസര്‍കോട് ജനറല്‍ ആസ്പത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഹോസ്റ്റല്‍, കാന്റീന്‍, ലാബ്, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതെ, പഠിതാക്കളേയും പ്രദേശത്തുകാരെയും പരിഹസിക്കും വിധം 60 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരിക്കുകയാണത്രെ. ഇതേ കാലത്ത് ഇടുക്കിയില്‍ ആരംഭിച്ച മെഡിക്കല്‍ കോളേജ് എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞ വര്‍ഷം തന്നെ മെഡിക്കല്‍ ബാച്ചുകള്‍ തുടങ്ങി. ആസ്പത്രി സൗകര്യങ്ങളും പൂര്‍ണമാണെന്ന് പറയേണ്ടതില്ലല്ലോ.
കാസര്‍കോടുകാരുടെ കാര്യം വരുമ്പോള്‍ അങ്ങനെയൊക്കെ മതിയെന്നാണ് പൊതുവെ അധികൃത പക്ഷം. പിന്നെ ഇത് തുടങ്ങി വച്ചത് യു.ഡി .എഫ് ആയതിനാല്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് അതിനോട് ചിറ്റമ്മനയം സ്വാഭാവികം. ഇനി അത് മാറണമെങ്കില്‍ തെരഞ്ഞെടുപ്പ് അടുത്ത് വരണം. അപ്പോള്‍ ചാടിപ്പിടിച്ച് ഒരു മുഖം മിനുക്കലും ഉല്‍ഘാടന മഹാമഹവും പ്രതീക്ഷിക്കാം. പദ്ധതികള്‍ തുടങ്ങാന്‍ ഒരു കൂട്ടര്‍. അവ പൂര്‍ത്തിയാക്കി പിതൃത്വം അവകാശപ്പെട്ടു രംഗത്ത് വരാന്‍ വേറൊരു കൂട്ടര്‍. ഇതാണ് കേരളത്തിന്റെ കെമിസ്ട്രി. കൊച്ചിന്‍ എയര്‍പോര്‍ട്ട്, മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട് മുതല്‍ വിഴിഞ്ഞം തുറമുഖം വരെ അത് കണ്ടതാണല്ലോ. എന്നാലും കുഴപ്പമില്ല, ഒന്ന് പൂര്‍ത്തിയായി കിട്ടിയാല്‍ എന്നാണ് ഇപ്പോള്‍ പ്രദേശത്തുകാര്‍ ചിന്തിക്കുന്നത്.
കാസര്‍കോടിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മറ്റു ജില്ലകളുടെ ഒപ്പമെത്തിക്കുന്നതിന് ആരാണ് തടസ്സം? എവിടെയാണ് കുഴപ്പം? ജില്ല പുരോഗമിച്ചാല്‍ മറ്റ് ജില്ലകളില്‍ നിന്ന് ക്രിമിനല്‍ കുറ്റവാളികളായ ഉദ്യോഗസ്ഥരെ പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ നല്‍കി പറഞ്ഞയക്കാന്‍ വേറെ ഇടമില്ലാതാകുമെന്ന ഭയമാണോ? അതോ മംഗലാപുരത്തെ ആരോഗ്യ-വിദ്യാഭ്യാസ കച്ചവടത്തിന് കാര്യമായ സംഭാവനകള്‍ നല്‍കുന്ന ജില്ലക്കാരെ അതേ നിലയില്‍ നിലനിര്‍ത്തണമെന്ന് ആര്‍ക്കെങ്കിലും വാശിയുണ്ടോ?


-സിദ്ദിഖ് നദ്‌വി ചേരൂര്‍

Related Articles
Next Story
Share it