കാസര്‍കോടിന്റെ ഹണേബാറം
ഏതാണ്ട് അഞ്ചുദശകം കൊണ്ട് എന്റെ ദേശമായ 'കാസര്‍കോടിന്റെ ഹണേബാറം' (തലയിലെഴുത്ത്- തലവര) വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു പൗരനാണ് ഞാന്‍. 1975 മുതല്‍ നാലുവര്‍ഷം കൗമുദി ന്യൂസ് സര്‍വ്വീസിന്റെ ലേഖകനായി കാസര്‍കോടിന്റെ അകത്തളങ്ങളെപ്പറ്റി നിരന്തരം എഴുതിയിട്ടുണ്ട്.ഏതാണ്ട് 25 ലേഖനങ്ങള്‍. അതൊന്നുമല്ല ഈ ആഖ്യാനങ്ങള്‍. ഞാന്‍ ഡോക്യുമെന്ററി മാധ്യമം സ്വീകരിച്ചശേഷം 12 ഡോക്യുമെന്ററികള്‍ ചെയ്തപ്പോഴും അതില്‍ അഞ്ചെണ്ണം കാസര്കോടിനെക്കുറിച്ചായിരുന്നു. 1. ഇശല്‍ഗ്രാമം വിളിക്കുമ്പോള്‍, 2. ഗോത്രസ്മൃതി, 3. സപ്തസ്വരങ്ങളുടെ ബാബേല്‍, 4. അരജീവിതങ്ങ ള്‍ക്കൊരു സ്വര്‍ഗം, 5. ബേക്കല്‍ കണ്ണൂര്‍ […]
ഏതാണ്ട് അഞ്ചുദശകം കൊണ്ട് എന്റെ ദേശമായ 'കാസര്‍കോടിന്റെ ഹണേബാറം' (തലയിലെഴുത്ത്- തലവര) വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു പൗരനാണ് ഞാന്‍. 1975 മുതല്‍ നാലുവര്‍ഷം കൗമുദി ന്യൂസ് സര്‍വ്വീസിന്റെ ലേഖകനായി കാസര്‍കോടിന്റെ അകത്തളങ്ങളെപ്പറ്റി നിരന്തരം എഴുതിയിട്ടുണ്ട്.ഏതാണ്ട് 25 ലേഖനങ്ങള്‍. അതൊന്നുമല്ല ഈ ആഖ്യാനങ്ങള്‍. ഞാന്‍ ഡോക്യുമെന്ററി മാധ്യമം സ്വീകരിച്ചശേഷം 12 ഡോക്യുമെന്ററികള്‍ ചെയ്തപ്പോഴും അതില്‍ അഞ്ചെണ്ണം കാസര്കോടിനെക്കുറിച്ചായിരുന്നു. 1. ഇശല്‍ഗ്രാമം വിളിക്കുമ്പോള്‍, 2. ഗോത്രസ്മൃതി, 3. സപ്തസ്വരങ്ങളുടെ ബാബേല്‍, 4. അരജീവിതങ്ങ ള്‍ക്കൊരു സ്വര്‍ഗം, 5. ബേക്കല്‍ കണ്ണൂര്‍ […]
ഏതാണ്ട് അഞ്ചുദശകം കൊണ്ട് എന്റെ ദേശമായ 'കാസര്‍കോടിന്റെ ഹണേബാറം' (തലയിലെഴുത്ത്- തലവര) വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു പൗരനാണ് ഞാന്‍. 1975 മുതല്‍ നാലുവര്‍ഷം കൗമുദി ന്യൂസ് സര്‍വ്വീസിന്റെ ലേഖകനായി കാസര്‍കോടിന്റെ അകത്തളങ്ങളെപ്പറ്റി നിരന്തരം എഴുതിയിട്ടുണ്ട്.
ഏതാണ്ട് 25 ലേഖനങ്ങള്‍. അതൊന്നുമല്ല ഈ ആഖ്യാനങ്ങള്‍. ഞാന്‍ ഡോക്യുമെന്ററി മാധ്യമം സ്വീകരിച്ചശേഷം 12 ഡോക്യുമെന്ററികള്‍ ചെയ്തപ്പോഴും അതില്‍ അഞ്ചെണ്ണം കാസര്കോടിനെക്കുറിച്ചായിരുന്നു. 1. ഇശല്‍ഗ്രാമം വിളിക്കുമ്പോള്‍, 2. ഗോത്രസ്മൃതി, 3. സപ്തസ്വരങ്ങളുടെ ബാബേല്‍, 4. അരജീവിതങ്ങ ള്‍ക്കൊരു സ്വര്‍ഗം, 5. ബേക്കല്‍ കണ്ണൂര്‍ കോട്ടകള്‍ എന്നിവയാണവ. എന്നിട്ടും എനിക്കിപ്പോള്‍ കാസര്‍കോട് ആഖ്യാനങ്ങള്‍ എഴുതേണ്ടിവരുന്നു. ഈ ആഖ്യാനങ്ങളിലെ ഓരോ ലേഖനവും ഓരോ പ്രശ്നകാലങ്ങളിലെ നിരന്തര ജാഗ്രതയോടെയുള്ള നിരീക്ഷണത്തില്‍ നിന്നുണ്ടായവയാണ്. ഓരോ ദേശത്തിനും അതിന്റേതായ സ്വത്വവും താന്‍ പോരിമയും ഉണ്ട്. ഭാഷ തന്നെയാണ് ആദ്യത്തേത്. എന്റെ രണ്ട് കോട്ടയം സുഹൃത്തുക്കള്‍ സംസാരിക്കുമ്പോള്‍ 'ശരി' എന്നതിന് തുല്യമായ 'ഉവ്വ്', 'ഒവ്വ്' എന്നും രണ്ടു രീതിയില്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഒരു കാസര്‍കോട്ടുകാരനായ ഞാന്‍ ആ ഉച്ചാരണ വ്യത്യാസത്തെ വളരെ ബഹുമാനത്തോടെയാണ് കേള്‍ക്കുക. എന്നാല്‍ ഒരു കാസര്കോട്ടുകാരന് ഈ 'ശരി'ക്ക് ഇവിടത്തെ പ്രാദേശിക ഭാഷാഭേദത്തിലെ 'ഒക്കും' 'ഒക്കു' എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഈ വരത്തര്‍ക്ക് ബഹുമാനം ഉണ്ടാകുന്നില്ല. ഈ അവമതികളില് നിന്നാണ് എന്റെ ഈ ആഖ്യാന ങ്ങളുടെ ഉദയം 'ഒക്കും' എന്നതിന് 'ഉവ്വ്' എന്ന അതേ അര്‍ത്ഥമുണ്ട്. തുല്യം, ശരി, അതേ, സമ്മതം എന്നീ പദങ്ങള്‍ തന്നെയാണത്. മഴ നിന്നു പോയാല്‍ കാസര്‍കോട്ടുകാര്‍ പറയുന്ന 'മഴ തമ്പി' എന്ന വാക്യം എത്ര കാവ്യാത്മകമാണ്. തമ്പ് എന്ന നാമപദത്തില്‍ നിന്നാണ് 'തമ്പി' എന്ന ക്രിയാപദം ഉണ്ടാകുന്നത്. ഒരിടത്തു നില്‍ക്കുന്നതാണ് തമ്പ്. ഇവിടെ വ്യാകരണമല്ല, ആശയവിനിമയമാണ് പ്രധാനം. ഇത്തരം പ്രയോഗങ്ങള്‍ ദേശത്തനിമയാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് കാസര്‍കോട് ആഖ്യാനങ്ങളുടെ ആമുഖത്തിന് ഞാന്‍ 'കാസര്‍കോടിന്റെ ഹണേബാറം' എന്ന തലക്കെട്ട് നല്‍കുന്നത്. ഹണേബാറം എന്ന വാക്ക് കാസര്‍കോട്ടെ ഒരു ഭാഷയായ കന്നഡയിലായിട്ടും മറ്റു ഭാഷകളായ മലയാളത്തിലും ഉറുദുവിലും കൊങ്ങിണിയിലും തുളുവിലും ബ്യാരിയിലും അതേ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നു അഭിമാനത്തോടെ, വിനീതമായി.
ചില സ്ഥലങ്ങള്‍ നിരന്തരം അവമതിക്കപ്പെടുമ്പോള്‍ അതിലെ പൗര സമൂഹത്തിന് ഏല്ക്കുന്ന ആഘാതങ്ങളെ ഉണക്കാന്‍ നമ്മുടെ ഭരണഘടനയില്‍ വല്ല വകുപ്പുമുണ്ടോ? പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും പുറന്തള്ളപ്പെട്ട വ്യക്തികള്‍ക്കും ലിംഗവ്യത്യാസത്താല് വിവേചനം അനുഭവിക്കുന്നവര്‍ക്കും ഭരണഘടനയില്‍ ചില ഇടങ്ങള്‍ ഉണ്ട് എന്നത് നേര്.
കഴിഞ്ഞ രണ്ട് മൂന്ന് ദശകമായി കേരളീയ പൊതുസമൂഹം അത്തരം ഇടങ്ങള്‍ കണ്ടെടുക്കുകയും അവര്‍ മുഖ്യധാരാ പൗരസമൂഹത്തിന്റെ ഭാഗമായി തീര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിന്റെ തീരദേശവും മലമ്പ്രദേശവും ഒരു പോലെ സന്ധിക്കുന്ന സ്ഥലരാശിയില്പ്പെട്ട ചിലദേശങ്ങള് മുഖ്യധാരയുടെ മാന്യപദവികളും ആദരവുകളും പരിഗണനയും കിട്ടാതെ അപരവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഉരുക്കള്‍ നിര്‍മ്മിച്ച് ലോകം മുഴുവന്‍ ചരക്കുകള്‍ കടത്തിയിരുന്ന കാസര്‍കോട്ടെ ജനത ഇന്ന് നിശ്ചലരാണ്. പൈതൃകങ്ങളെപ്പോലും പരാജയമായി ചിത്രീകരിക്കുന്ന ചില സ്ഥലങ്ങള്‍ ഇങ്ങനെ നിരന്തരം പീഡിപ്പിക്കപ്പെട്ടും അപമാനിക്കപ്പെട്ടും കൊണ്ടിരിക്കുന്നതിന്റെ പൊരുള്‍ എന്താണ്?
മലയാളത്തിലെ ചില സിനിമകളില്‍ പ്രത്യക്ഷപ്പെടുന്ന കുറ്റവാളികളായ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുന്നത് കാസര്‍കോട്ടേക്കാണ്. തിരിച്ച് ജീവിതത്തിലും അങ്ങനെ തന്നെകാണുന്നു. കുറ്റവാളികള്‍ക്ക് ശിക്ഷാര്‍ഹമായ എന്തു 'ഗുണ'മാണ് കാസര്‍കോട്ടുള്ളത്. ഫിക്ഷനും യാഥാര്‍ത്ഥ്യവും ഒരുപോലെ വര്‍ത്തിക്കുന്ന ഒരപൂര്‍വ്വ മേഖലയാണിത്. കാസര്‍കോട്ടും കുറ്റവാളികളുടെ പറുദീസയായി മാറുകയാണോ? സമൂഹം തന്നെ സ്വയമേവ അങ്ങനെയൊരു വിവക്ഷ നല്കുന്നുണ്ടോ? കാസര്‍കോടിനെ ഒരു ക്രിമിനല്‍ ബെല്‍റ്റാക്കി മാറ്റാനുള്ള അജണ്ട ആരുടേതാണ്? എന്റെ മുമ്പിലുള്ള പ്രശ്നവും ഇതുതന്നെയാണ്.
ജൈവവൈവിധ്യത്തിന്റെയും പ്രകൃതി ജന്യമായ വാസസ്ഥലങ്ങളുടേയും ബഹുവംശീയതയുടേയും പറുദീസയായ കാസര്‍കോടിന്റെ മൂന്നിലൊന്നു ഭാഗമുള്ള അളവറ്റ പ്രകൃതി ജലവും ജനജീവിതവുമുള്ള ഇടനാടന്‍ ചെങ്കല്‍ കുന്നുകളുടെ താഴ്വാരമായ ഈ പ്രദേശത്തിലേക്ക് വികസനമെന്ന പേരില്‍ മനുഷ്യ വിരുദ്ധവും പ്രകൃതി വിരുദ്ധവുമായ പദ്ധതികളാണ് എപ്പോഴും തള്ളിവിടുന്നത്. ഒരു ഭൂപ്രദേശത്തെയും അവിടത്തെ ജീവജാലങ്ങളേയും പരിസ്ഥിതി മലിനീകരണത്തിനും മഹാരോഗങ്ങള്‍ക്കും വിധേയമാക്കുന്നത് ഈ സ്ഥലത്തെ അവമതിക്കലല്ലാതെ മറ്റെന്താണ്? അത്തരമൊരു ദുരന്തത്തിന്റെ പില്ക്കാല ഫലങ്ങളാണല്ലോ ഇന്ന് നാം കാസര്‍കോട്ട് കാണുന്നത്. ദേശ രാഷ്ട്രങ്ങളുടെ ഉദയത്തിനുശേഷവും ഇത്തരം നിര്‍മ്മിതികള്‍ ഉണ്ടാകുന്നത് ജനാധിപത്യത്തിന് അകത്ത് തന്നെ സംഭവിക്കുന്ന ആന്തര വൈജാത്യങ്ങളുടെ ഫലം കൂടിയാണ്. അത് ഇവിടത്തെ പൗരസമൂഹത്തിന്റെ തലക്കടിച്ചുകൊണ്ട് അവരുടെ ദൈനംദിന ജീവിതത്തെ താറുമാറാക്കുന്നു. പൗരാവകാശങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. മുഖ്യധാരയില്‍ പെട്ടിട്ടില്ലാത്ത കീഴാള പ്രദേശങ്ങളില്‍ ജനങ്ങളെയും അവരുടെ ഗോത്രസംസ്കാരത്തേയും ദേശഭരണകൂടങ്ങള് സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്ന് നരവംശ ശാസ്ത്രജ്ഞനായ ക്ളിഫോര്‍ഡ് ഗീറ്റ്സ് നിരീക്ഷിക്കുന്നുണ്ട്.
പൗരധര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു ജീവിക്കുന്ന സാധാരണ മനുഷ്യന് അവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ തങ്ങള്‍ സൃഷ്ടിച്ച എല്ലാ ആഘാതങ്ങളെയും അപ്രത്യക്ഷതകളില്‍ ഒളിപ്പിച്ചു വെച്ച് അതിന്റെ കാരണക്കാരായ കുറ്റവാളികളും സാമൂഹ്യദ്രോഹികളും നാട്ടില്‍ സൈ്വരവിഹാരം നടത്തും.
ജീവിച്ചിരിക്കുന്ന ഒരു ജനത ഒരു സാങ്കല്പിക സൃഷ്ടിയല്ല. ചിന്തയും വികാരവും പൗരാവകാശ ബോധവും സ്വത്വപരമായ അസ്തിത്വവുമുള്ള ഒരു ജൈവികതയാണത്. അവര്‍ക്ക് അഭിമാനവും അന്തസ്സും അഭിവാഞ്ജയും ആത്മബോധവുമുണ്ട്. അതിനേല്ക്കുന്ന ഏതുമുറിവും അവരെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കും. ഇന്ന് കാസര്‍കോട് ജീവിച്ചിരിക്കുന്ന ജനതയും ഇതില്‍ നിന്ന് വ്യത്യസ്തരല്ല. അടിക്കടി പൗരസമൂഹത്തിന്റെ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന അപരസ്ഥലിയായി കാസര്‍കോട് മാറിയിരിക്കുന്നു. ദേശരാഷ്ട്രത്തിന്റെ നിഹിതമായ ആധുനികതയുടെ യുക്തിക്ക് മറ്റുവംശങ്ങളെയോ കീഴാളരേയോ സ്ത്രീകളേയോ ഉള്‍ക്കൊള്ളാനാവുകയില്ല. ഇത്തരം അധികാര രൂപത്തിനകത്ത് പൗരാവകാശവും രാഷ്ട്രീയാധികാരവും നിഷേധിക്കപ്പെടുമ്പോള്‍ അപരവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ തീവ്രമായ ചെറുത്തുനില്‍പ്പുകള്‍ നടത്തുമെന്നത് ലോക ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. പലകാലങ്ങളില്‍ ഇത്തരം പ്രതിരോധങ്ങള്‍ കാസര്‍കോട്ടും ഉണ്ടായിട്ടുണ്ട്.
കാസര്‍കോട് നഗരത്തിന് ഒരു നഗരപ്രാന്തത്തിന്റെ വലുപ്പവും ആഴവുമേയുള്ളൂ. അടുത്ത കാലത്ത് പൊന്തിവന്ന ചില ബഹുനിലകെട്ടിടങ്ങളും സ്വര്‍ണ്ണക്കടകളും ഒഴിവാക്കിയാല്‍ നഗരവിസ്തൃതി ഉള്‍ക്കൊള്ളുന്ന വാണിഭ സമുച്ചയങ്ങള്‍ ഒരുമണിക്കൂര്‍ മാത്രം സഞ്ചരിച്ചാല്‍ എത്തുന്ന കോസ്മോ പൊളിറ്റന്‍ നഗരമായ മംഗലാപുരത്തിന്റെ ഉപഗ്രഹം മാത്രമാണ്. വേണ്ടത്ര നഗരാസൂത്രണമില്ലാത്ത പരിമിതികള്‍ മാത്രമുള്ള ഒരു അങ്ങാടി. പഴയ ബസ്സ്റ്റാന്റ് പുതുക്കിപ്പണിതപ്പോള്‍ അത് വെറുമൊരു ഷോപ്പിംഗ് കോംപ്ലക്സ് മാത്രമായി ചുരുങ്ങി. അന്ന് പൊതുജനത്തിന് പബ്ലിക് ടോയ്ലെറ്റ് സൗകര്യം പോലും നിഷേധിക്കപ്പെട്ടു. പല വംശീയതകളുടെ ഒരു റിപ്പബ്ലിക്കിന്റെ അവസ്ഥ നോക്കൂ.
ഇതില്‍ നിന്നും ഒട്ടും വിദൂരമായിരുന്നില്ല നഗരത്തില്‍ നിന്നകന്ന മലമ്പ്രദേശങ്ങളില്‍ ഒരു ആരോഗ്യമുന്നറിയിപ്പുമില്ലാതെ ആകാശത്തില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ കോരിയൊഴിച്ച പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കീടനാശിനി വര്‍ഷം. അതും ഇരുപത്തിരണ്ടു വര്‍ഷം! അതിന്റെ ദുരിതം അതിജീവിക്കാന്‍ ഇനിയും കാസര്കോടിനായിട്ടില്ല. പാവപ്പെട്ടവന് മൂത്രപ്പുര നല്‍കാതെ ആകാശത്തുനിന്ന് കീടനാശിനി കോരിയൊഴിച്ചത് എന്തൊരു അശ്ലീലമാണ്?!
1801ല്‍ കാസര്‍കോടിലൂടെ യാത്ര ചെയ്ത ബുക്കാനന്റെ സഞ്ചാരക്കുറിപ്പുകളില്‍ പോലും കാസര്‍കോടിന്റെ സാമുദായിക വൈവിധ്യത്തെപ്പറ്റി പരാമര്‍ശമുണ്ട്. അദ്ദേഹം കൊടുത്ത കണക്ക് നോക്കുക.
അടിമവേലക്കാര്‍ - 7924
ക്രൈസ്തവര്‍ - 2545
മുസ്ലിങ്ങള്‍ - 5223
ബ്രാഹ്മണര്‍ - 7187
ജൈനമതക്കാര്‍ - 2700
നായര്‍ - 788
ബണ്ടന് - 7123
ജൈന ബണ്ടന് - 1060
കൊങ്ങിണികള്‍ - 2434
ഈ കണക്കുകള്‍ ഒരു വംശീയ ബഹുത്വത്തിന്റെ സുഗന്ധം പരത്തുന്നില്ലേ? ഇതിനെയല്ലേ ആധുനിക ജനാധിപത്യം വംശീയ ദുരന്തമാക്കി മാറ്റുന്നത്. കാസര്‍കോട്ടെ കൊറഗര്‍, മറാട്ടികള്‍, മലക്കുടിയര്‍, മലയരയര്‍, മലവേടര്‍, പുലയര്‍, മാവിലര്‍, വേട്ടുവര്‍, വേലന്‍, കോപ്പാളന്‍, ബൈറര്, മലയര്‍, വണ്ണാന്‍, നരസണ്ണര്‍, പറയര്, പുള്ളുവര്‍, മാദിഗര്‍, ബാക്കുടര്, മൊഗേര്‍ തുടങ്ങി ഇരുപതിലധികം വരുന്ന മലയരികിലേക്ക് ആട്ടിയകറ്റിയ ആദിവാസി ഗോത്രവര്‍ഗങ്ങളെ ജാതി വിവേചനകാലത്ത് അടിമ വേലക്കാരാക്കിയാണ് ബുക്കാനന്റെ ഈ കണക്ക്. പിന്നെയും ഒന്നരനൂറ്റാണ്ടു കഴിഞ്ഞാണ് നമുക്ക് വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശന വിളംബരവും ഉണ്ടായത്!
ഇന്ന് കേരളത്തിലെ മൂന്നാമത്തെ ആദിവാസി ജില്ലയാണ് കാസര്‍കോട്. ഇവര്‍ക്കു മാത്രമായി 969 കോളനികളുള്ള ഒരു ഭൂപ്രദേശം. അവരുടെ ഭൂമിയെടുത്താണ് പ്ലാന്റേഷന് കോര്‍പ്പറേഷനുണ്ടാക്കിയത്. തെക്കന്‍ മേഖലയില്‍ മലയാളം, ഹാരിസണ്‍ പ്ലാന്റേഷന് തുടങ്ങിയ സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് ലഭ്യമായത് ഇവിടെ സര്‍ക്കാറിന് തന്നെയാണ് കിട്ടിയത്. ബുക്കാനന് പറയുന്ന പല വംശീയതകളുടെ പെരുപ്പം രണ്ടേകാല്‍ നൂറ്റാണ്ടുകൊണ്ടുണ്ടാക്കിയ മിശ്രസമൂഹവല്ക്കരണം എന്‍ഡോസള്‍ഫാന്‍ ആകാശത്തളിയില്ലാതായിരുന്നെങ്കില് ഈ സമൂഹത്തിന് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുമായിരുന്നു. ആ വളര്‍ച്ച പോലും മുരടിപ്പിച്ചാണ് ചിലര്‍ നേട്ടങ്ങള്‍ കൊയ്യുന്നത്. അതുകൊണ്ടാണ് സുപ്രീംകോടതി ഭരണഘടനാപരമായി തന്നെ വിധിച്ച പാലിയേറ്റീവ് കെയര്‍ ആതുരാലയം പോലും രോഗികള്‍ക്ക് നിഷേധിക്കുന്നത്.
ഒരു കാലത്ത് ബോംബെ പ്രസിഡന്‍സിയുടേയും സൗത്ത് കനറയുടെയും ഭാഗമായിരുന്ന കാസര്‍കോട് കേരളത്തിലാവുന്നത് ഭാഷാ സ്റ്റേറ്റുകളാവുന്നതോടെയാണ്. കാസര്‍കോടിനെ കേരളത്തിലേക്ക് ചേര്‍ക്കപ്പെട്ടപ്പോള്‍ തിരുവനന്തപുരത്തു നിന്ന് പി.എസ്.സി നോട്ടിഫിക്കേഷന്‍ ഉള്ള ഗസറ്റുകള്‍ കാസര്‍കോടെത്തുമ്പോള്‍ ആ പേജുകള്‍ നീക്കം ചെയ്ത രീതിയിലാണ് വന്നിരുന്നത്. ഈ ഇരവല്‍ക്കരണത്തിന്റെ തുടര്ച്ചയാണിന്നത്തെ കാസര്‍കോടും. ഈ മിശ്രസമൂഹത്തിന്റെ ബൗദ്ധികഘടനയില് പോലും കൈകടത്തുന്ന ഇത്തരം താല്പര്യങ്ങള് ആരാണ് തിരിച്ചറിയുക? എന്‍ഡോസള്‍ഫാന്‍ മിശ്രിതം തയ്യാറാക്കാനായി പ്ലാന്റേഷന് കോര്പ്പറേഷന് തയ്യാറാക്കിയ സിമന്റ് ടാങ്കുകള്‍ ഇനിയും അവിടെ നിന്ന് മാറ്റാതെ ഒരു ഫോസില്‍ പോലെ ടൂറിസ്റ്റുകള്‍ക്ക് കാണാനായി നിലനിര്‍ത്തിയിരിക്കുന്നത് തങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന ശവഫാക്ടറികളുടെ അനശ്വര പ്രതീകംപോലെ സൂക്ഷിക്കാനാണോ? ആ കീടനാശിനി ആഗോളതലത്തില്‍ നിരോധിച്ച് കാല്‍നൂറ്റാണ്ടായിട്ടും ഇവിടെ സുപ്രീംകോടതി നിരോധിച്ചിട്ടും നാമതും പേറി നടക്കുന്നു.
പതിനാലു ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന കാസര്‍കോടിന്റെ മൂന്നിലൊന്നാണ് എന്‍ഡോസള്‍ഫാന്‍ ശ്വസിച്ച ജനത. ഭാഷാസ്റ്റേറ്റുകള് വന്നപ്പോള്‍ ആദ്യതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായത് കാസര്‍കോട് ജില്ലയില്‍ നിന്ന് (തൃക്കരിപ്പൂര്‍) ജയിച്ച എം.എല്‍.എയായ ഇ.എം.എസ് ആണ്. മറ്റൊരു മുഖ്യമന്ത്രിയായ ഇ.കെ നായനാര്‍ ജയിച്ചതും ഇതേ ജില്ലയില്‍ നിന്നാണ്. രണ്ടു മുഖ്യമന്ത്രിമാര്‍ ഇവിടന്നുണ്ടായിട്ടും കാസര്‍കോട് ഇപ്പോഴും ഇരയായി തന്നെ തുടരുന്നു.
രാഷ്ട്രം എന്ന കൂട്ടായ്മയെത്തന്നെ ചോദ്യംചെയ്യുന്ന ഉപദേശീയതകള്‍ ഉണ്ടാകുന്നത് ഇത്തരം വിമര്ദ്ദിത സ്ഥലികളില്‍ നിന്നാണെന്ന് രഞ്ജിത് ഗുഹയെപ്പോലുള്ള ചരിത്ര പഠിതാക്കള്‍ പറയുന്നത് നാമോര്‍ക്കുന്നു.
കര്‍ണാടകത്തോട് ചേര്‍ന്ന അതിര്‍ത്തി ഗ്രാമങ്ങളിലെ സ്കൂളുകളില്‍ പഠിക്കുന്ന മലയാളം കുട്ടികള്‍ക്ക് മലയാള ഭാഷയില്‍ പഠനം സാധ്യമാകാത്ത നിലയാണ് ഇന്ന്. അതിനായി പ്രത്യേകം മലയാളം ക്ലാസുകള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അവ വിജയപ്രദമാണെന്ന് പറഞ്ഞുകൂടാ. കന്നഡ പഠിച്ചാല്‍ തൊട്ടപ്പുറമുള്ള മംഗലാപുരത്ത് ജോലിസാധ്യത ഉള്ളതിനാല്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ കന്നഡ മീഡിയത്തിലേക്ക് മാറുന്നവരുമുണ്ട്. മലയാളത്തിന്റെ ഈ ഹണേബാറം ഭരണകൂടം ശ്രദ്ധിക്കണം. മലയാളഭാഷയ്ക്ക് (മാതൃഭാഷയ്ക്ക്) വേണ്ടി സര്‍ക്കാര്‍ എല്ലാം ചെയ്യുന്നു എന്ന് പറയുമ്പോഴും കാസര്‍കോട്ട് ക്രിയാത്മകമായി ഇടപെടുന്നില്ല എന്നതാണ് സത്യം. തുളുഭാഷയോടും അവാന്തര വിഭാഗങ്ങളായ ഗോത്രഭാഷകളോടും അതേ സ്ഥിതി തന്നെ. കാസര്‍കോടുള്ള ഗോത്രസമൂഹങ്ങള്‍ക്ക് അവരുടെ മാതൃഭാഷയില്‍ പഠിക്കാനുള്ള സംവിധാനമാണ് നഷ്ടപ്പെടുന്നത്. കേരളം ഉണ്ടായ കാലത്ത് മുണ്ടശ്ശേരി മാഷ് കന്നഡക്കാര്‍ക്ക് ആ ഭാഷയില്‍ എം.എയും ഗവേഷണവും സാധ്യമാക്കിയെങ്കിലും ഉറുദു ഭാഷയുടെ ഒരു ബെല്‍റ്റ് തന്നെയുള്ള കാസര്‍കോടിന് കിട്ടേണ്ട ഉറുദു പഠനം തലശേരിക്കാണ് നല്‍കിയത്.
എന്‍ഡോസള്‍ഫാന്‍ പ്രശ്നം സര്‍ക്കാറിന്റെ പിടിപ്പുകേടുകൊണ്ട് വന്നതാണെന്ന് സുപ്രീംകോടതി തെളിയിച്ചിട്ടും അവര്‍ക്ക് ആവശ്യമുള്ള ഭരണഘടനാ അവകാശമായ സെന്‍ട്രലൈസ്ഡ് പാലിയേറ്റീവ് കെയര്‍ ആസ്പത്രി ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും കാസര്‍കോട് വന്നില്ല. പകരം ജില്ലയിലും പുറത്തും അന്യസംസ്ഥാനത്തും പതിനേഴ് ആസ്പത്രികള്‍ എംപാനല്‍ ചെയ്ത് ആവതില്ലാത്ത ഇരകളോട് പോകാനാണ് പറഞ്ഞത്. അവര്‍ക്ക് ഭരണഘടന പറഞ്ഞ ആശ്വാസധന (നഷ്ടപരിഹാരമല്ല) നിര്‍ദ്ദേശങ്ങളില്‍ മായം ചേര്‍ത്താണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2012ല്‍ നല്‍കിയത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ആശ്വാസധനവും മരുന്നും നിര്‍ത്തി. ആ ഘട്ടത്തില്‍ സെര്‍വ്വ് കളക്ടീവ്സ് എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചു. കോവിഡ് കാലത്തായിരുന്നു അത്. 6277 രോഗികള്‍ക്ക് ആശ്വാസധനമായി അഞ്ച് ലക്ഷം രൂപ വീതം 2022 മെയ് മാസത്തില്‍ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് (ഏതാണ്ട് 210 കോടി രൂപ) ഇരകള്‍ക്കായി ചെലവഴിച്ചതിലൂടെ നൈതികമായ ഒരു ധര്‍മ്മം സുപ്രിംകോടതി നടപ്പിലാക്കി. ഇതിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമായ ഗ്രീന്‍ ട്രിബ്യൂണലിലെ നഷ്ടപരിഹര ട്രിബ്യൂണലില്‍ എത്താനുള്ള (92ലെ റിയോസമ്മിറ്റ് ഉടമ്പടി ) നൈതിക വഴിയാണ് സെര്‍വ്വ് കളക്ടീവ്സ് ഇരകള്‍ക്കായി തുറന്നിട്ടിരിക്കുന്നത്. പ്ലാച്ചിമട ട്രിബ്യൂണല്‍ ഇല്ലാതായതുപോലെ ആവില്ല എന്‍ഡോസള്‍ഫാന്‍ പ്രശ്നം. രോഗികള്‍ പാലിയേറ്റീവ് കെയര്‍ ആസ്പത്രി ഇല്ലാതെ വലയുന്നുണ്ട്. അതിനുവേണ്ടി സെര്‍വ്വ് കളക്ടീവ്സ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ കാസര്‍കോടിനെ അനാഥമാക്കിവിടുമ്പോള് 'എങ്കില്‍ കര്‍ണ്ണാടകത്തോട് ചേര്‍ത്തോട്ടെ' എന്ന് പ്രശ്നത്തെ ലളിതവല്‍ക്കരിക്കുന്ന രീതിയും ഇവിടെ ഉണ്ടായി. ഭരണഘടനയോ ഫെഡറലിസത്തിന്റെ അന്തസ്സത്തയോ അറിയാത്ത ചിലര്‍ ഇങ്ങനെ വെറുംവാക്കില്‍ പറയുമ്പോഴാണ് ഇത്തരത്തില്‍ 'കാസര്‍കോട് ആഖ്യാനങ്ങള്‍' എഴുതാന്‍ ഒരു പൗരന് നിര്‍ബന്ധിതനാവുന്നത്. വായനക്കാരുടെ കണ്ണും കാതും ഈ ആഖ്യാനങ്ങളിലേക്ക് തുറന്നുവെക്കാനാണ് ഞാന്‍ ആവശ്യപ്പെടുന്നത്.
ജാതി സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് കീഴാളരായി മുദ്രകുത്തപ്പെട്ട ഹുബാഷിക എന്ന കൊറഗ രാജാവ് കാഞ്ഞന്‍ എന്ന പുലയ രാജാവും മൂഷിക വംശത്തിലെ നന്ദനും ഭരിച്ചിരുന്ന ഈ ദേശത്തിന്റെ ഹണേബാറം നീക്കാന്‍ ഇനി ഏതു ഭരണാധികാരിയെയാണ് നാം പ്രതീക്ഷിക്കേണ്ടത്?
(ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന കാസര്‍കോടിന്റെ ആഖ്യാനങ്ങള്‍ എന്ന പുസ്തകത്തില്‍ എഴുതിയ ആമുഖത്തില്‍ നിന്ന് ഒരു ഭാഗം
-എം.എ. റഹ്മാന്