കാല്പന്തുകളിയില് അഴകാര്‍ന്ന കളി മികവോടെ കാസര്‍കോട് ജില്ലാ വനിതാ ടീം സംസ്ഥാന ജേതാക്കളായിരിക്കുകയാണ്. അടുത്ത കാലം വരെ വനിതാ ടീമിന് ജില്ലയില്‍ താരങ്ങളെ കിട്ടാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു. നിലവില്‍ അങ്ങനെയുള്ള അവസ്ഥകള്‍ മാറി, കളി മികവ് പുറത്തെടുക്കുന്ന ഒരുപാട് താരങ്ങള്‍ സെലക്ഷന് ക്യാമ്പിലെത്തുന്നുവെന്നത് ജില്ലക്ക് ഏറെ പ്രതീക്ഷകള്‍ നല്കുന്നു. പത്തനംതിട്ട തിരുവല്ലയില്‍ സമാപിച്ച സംസ്ഥാന സീനിയര്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ടീം കിരീടം ചൂടിയത് പ്രതീക്ഷയോടെയാണ് ഫുട്ബോള്‍ അസോസിയേഷനും ജില്ലയിലെ ഫുട്ബോള്‍ പ്രേമികളും കാണുന്നത്. ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് വനിതാ ടീം സീനിയര്‍ ഫുട്ബോളില്‍ ചാമ്പ്യന്മാരാവുന്നത്. ശക്തമായ കലാശപോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തൃശൂര്‍ ടീമിനെയാണ് കാസര്‍കോട് പരാജയപ്പെടുത്തിയത്. ബങ്കളം സ്വദേശിനി പി. മാളവികയുടെ മികവാര്‍ന്ന നേട്ടത്തോടെയാണ് കാസര്‍കോടിന്റെ വിജയം. മാളവിക മികച്ച താരമായും കളിയിലെ ടോപ്പ് സ്കോററായും തിരഞ്ഞെടുക്കപ്പെട്ടു. റണ്ണേഴ്സ് അപ്പ് ആയ തൃശൂര്‍ ടീമിലും ഒരു കാസര്‍കോട്ടുകാരി ഉണ്ടായിരുന്നു. നേരത്തെ 2013, 2015, 2022 വര്‍ഷങ്ങളില്‍ ജില്ലയിലെ സീനിയര്‍ ആണ്‍കുട്ടികള്‍ സംസ്ഥാന ജേതാക്കളായിരുന്നുവെങ്കിലും പെണ്‍കുട്ടികള്‍ ഇതാദ്യമാണ് സംസ്ഥാന കിരീടം ചൂടുന്നത്. കഴിഞ്ഞ വര്‍ഷം സബ് ജൂനിയറിലും ഈ വര്‍ഷം ജൂനിയര്‍ വിഭാഗത്തിലും പെണ്‍കുട്ടികള്‍ മൂന്നാം സ്ഥാനം നേടി എന്നതും ശ്രദ്ധേയമാണ്. അതേസമയം മറ്റ് ജില്ലകളിലേത് പോലെ പ്രൊഫഷണല്‍ സംവിധാനങ്ങളൊന്നും ഇല്ലാതെയാണ് കാസര്‍കോട്ടെ വനിതാ താരങ്ങള്‍ സംസ്ഥാനതല മത്സരത്തിനെത്തിയതും പോരാട്ടവീര്യം പുറത്തെടുത്ത് ജേതാക്കളായതും. ഒരുപക്ഷെ മതിയായ സംവിധാനങ്ങള്‍ കാസര്‍കോട്ടെ താരങ്ങള്‍ക്ക് കിട്ടിയാല്‍ ഒരുപാട് ദേശീയതാരങ്ങള്‍ ഇവിടെ നിന്ന് പിറവി കൊള്ളുമെന്ന് തീര്‍ച്ചയാണ്. വിവിധ പ്രായങ്ങളിലുള്ളവരുടെ പരിശീലന ക്യാമ്പുകളിലും സെലക്ഷന് ക്യാമ്പുകളിലും എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്നത് ജില്ലയുടെ കാല്പന്തുകളിയുടെ ഭാവിയില്‍ ശുഭ സൂചനകളാണ് വിളിച്ചോതുന്നത്.
ബങ്കളം സ്വദേശിനി എം അഞ്ജിതയാണ് സംസ്ഥാന സീനിയര്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കാസര്‍കോട് ജില്ലാ ടീമിനെ നയിച്ചത്. ബങ്കളത്തെ തന്നെ എസ്. ആര്യാശ്രീ, എം. അഞ്ജിത, നീലേശ്വരം ചിറപ്പുറത്തെ പ്രവീണ ഗിരീഷ്, ബന്തടുക്കയിലെ അനന്യ എന്നിവരാണ് പ്രതിരോധ നിരയില്‍ കുന്തമുനകളായി നിന്നത്. മധ്യനിരയില്‍ ബങ്കളത്തെ പി. അശ്വതി, ഉദിനൂരിലെ എം.പി ഗ്രീഷ്മ, പയ്യന്നൂരിലെ പി. ലക്ഷ്മിപ്രിയ, നൈനിക പിലാങ്കു, ജില്ലക്ക് പുറത്ത് നിന്നുള്ള താരങ്ങളായ എ. പൂജ മോള്, കെ.എം മന്യ എന്നിവര്‍ മികവ് പുറത്തെടുത്തു. പിലിക്കോട് വയലിലെ അഹന, ബങ്കളത്തെ പി. മാളവിക, ചെറുവത്തൂരിലെ എം. സ്നിയ, നീലേശ്വരത്തെ വി.വി ആരതി, മച്ചിക്കാട്ടെ കെ. ആദിത്യ, രമന്തളിയിലെ ടി. അശ്വിനി, കോഴിക്കോട് സ്വദേശിനി ജെ.എസ് അഭിരാമി എന്നിവര്‍ മുന്നേറ്റ നിരയിലെ തീപ്പൊരികളായി വര്‍ത്തിച്ചു. കക്കാട്ടെ എം. രേഷ്മ, തിരുവനന്തപുരം സ്വദേശിനി ബി.എസ് അഖില എന്നിവരായിരുന്നു ഗോള്‍ പുരക്ക് കാവല്‍ നിന്നത്. ആര്‍മിയിലെ കളിക്കാരനും പരിശീലകനുമായ തൃക്കരിപ്പൂര്‍ എടാട്ടുമ്മല്ലിലെ കെ. ഗണേഷനാണ് പരിശീലകന്. കരിവെള്ളൂര്‍ സ്വദേശിനി വി.വി ഷീബ മാനേജറാണ്. ജില്ലാ ഫുട്ബോള്‍ അസോസിയേഷന് എക്സിക്യൂട്ടീവ് അംഗവും കാസര്‍കോട് നഗരസഭാ കൗണ്‍സിലറുമായ സിദ്ദീഖ് ചക്കര സഹപരിശീലകനാണ്.
സംസ്ഥാന ജൂനിയര്‍ വനിതാ ടീമില്‍ കാസര്‍കോട്ടെ മൂന്ന് താരങ്ങളുണ്ടായിരുന്നു.
–ജാബിര്‍ കുന്നില്‍