കാസര്‍കോട്: തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനടിസ്ഥാനത്തില്‍ ജനറല്‍ ആസ്പത്രി വിഭാഗത്തില്‍ കായകല്‍പ പുരസ്‌കാരം (കമന്റേഷന്‍) കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് വേണ്ടി ബന്ധപ്പെട്ടവര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും ഏറ്റുവാങ്ങി. ജനറല്‍ ആസ്പത്രിക്ക് വേണ്ടി നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, നഴ്‌സിംഗ് സൂപ്രണ്ട് കമലാക്ഷി, സ്റ്റാഫ് സെക്രട്ടറി അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ശുചിത്വം, സേവനം എന്നിവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സംഘം പരിശോധിച്ച് കായല്‍പ അവാര്‍ഡ് നിര്‍ണയിക്കുന്നത്. അവാര്‍ഡിനൊപ്പം മൂന്ന് ലക്ഷം രൂപ സമ്മാനവും ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള അവാര്‍ഡുകളാണ് തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ നല്‍കിയത്. അടുത്ത വര്‍ഷം നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സിസ്റ്റം അവാര്‍ഡ് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കാസര്‍കോട് ജനറല്‍ ആസ്പത്രി. ഇതിനായുള്ള പരിശീലനം ഡോ. അംജിത് കുട്ടിയുടെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നു. കായകല്‍പ അവാര്‍ഡിന് വേണ്ടി യത്‌നിച്ച ജീവനക്കാരെ ആസ്പത്രി സൂപ്രണ്ട് ഡോ. രാജറാം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹമദ് എന്നിവര്‍ അഭിനന്ദിച്ചു.