കൊല്‍ക്കത്ത: പൊതുപ്രവര്‍ത്തന രംഗത്ത് വൈവിധ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് യു.ആര്.ബി ഗ്ലോബല്‍ അവാര്‍ഡ്. 1995ല്‍ അന്നത്തെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ടായി 21-ാം വയസ്സില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പി. ബേബി ബാലകൃഷ്ണന് 2000ല്‍ ജനറല്‍ സീറ്റില്‍ സംവരണം കൂടാതെ വീണ്ടും മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ന്യൂഡല്‍ഹിയില്‍ നിന്ന് മികച്ച വനിതാ ലീഡര്‍ അവാര്‍ഡ് നേടി. പഞ്ചായത്തിന് രണ്ട് തവണ കേരള സര്‍ക്കാരില്‍ നിന്ന് മികച്ച പഞ്ചായത്ത് അവാര്‍ഡ് ലഭിച്ചു. 2005ല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും പ്രസിഡണ്ടുമാരുടെ പ്രസിഡണ്ടുമായി. സൗത്ത് ഏഷ്യ പങ്കാളിത്ത പരിപാടിയില്‍ പങ്കെടുത്തു. 2004ല്‍ ബംഗ്ലാദേശും 2008ല്‍ ലണ്ടന്‍, സ്വിറ്റ്സര്‍ലന്‍ഡും സന്ദര്‍ശിച്ചത് കേരള സര്‍ക്കാറിന്റെ പ്രതിനിധി സംഘമെന്ന നിലയിലാണ്. ജില്ലാ പഞ്ചായത്തിന് അക്ഷയ എനര്‍ജി അവാര്‍ഡ് 2021, സംസ്ഥാന ജാഗ്രതാ സമിതി അവാര്‍ഡ് 2023 എന്നിവ ലഭിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്വന്തം ഔദ്യോഗിക വൃക്ഷം, പക്ഷി, മൃഗം, ചെടികള്‍ എന്നിവ പ്രഖ്യാപിക്കുകയും അവയുടെ സംരക്ഷണത്തിനായി നടപടികള്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ പഞ്ചായത്താണ്. ഈ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.