കാസര്‍കോട്ട് എയിംസ് അത്യാവശ്യം; കഴിഞ്ഞ 5 വര്‍ഷവും ഈ ആവശ്യം ഉന്നയിച്ചു -രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള ദുരിതങ്ങള്‍ അനുഭവിക്കുന്ന ജില്ലക്ക് അന്താരാഷ്ട്ര ഗവേഷണങ്ങള്‍ നടത്താന്‍ എയിംസ് അത്യാവശ്യമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു വര്‍ഷവും ഓരോ പാര്‍ലമെന്റ് സമ്മേളനങ്ങളിലും കാസര്‍കോട്ട് എയിംസിന് വേണ്ടി താന്‍ നിരന്തരമായി വാദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പോലും കോഴിക്കോടിന് വേണ്ടി വാദിക്കുമ്പോള്‍ കോഴിക്കോടിനൊപ്പം കാസര്‍കോട് ജില്ലയെ കൂടി ഉള്‍പ്പെടുത്തി വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിച്ചു ആര്‍ക്കാണ് ആവശ്യമുള്ളതെന്ന് തീരുമാനിക്കട്ടെയെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ജില്ലയില്‍ നിരവധി […]

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള ദുരിതങ്ങള്‍ അനുഭവിക്കുന്ന ജില്ലക്ക് അന്താരാഷ്ട്ര ഗവേഷണങ്ങള്‍ നടത്താന്‍ എയിംസ് അത്യാവശ്യമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു വര്‍ഷവും ഓരോ പാര്‍ലമെന്റ് സമ്മേളനങ്ങളിലും കാസര്‍കോട്ട് എയിംസിന് വേണ്ടി താന്‍ നിരന്തരമായി വാദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പോലും കോഴിക്കോടിന് വേണ്ടി വാദിക്കുമ്പോള്‍ കോഴിക്കോടിനൊപ്പം കാസര്‍കോട് ജില്ലയെ കൂടി ഉള്‍പ്പെടുത്തി വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിച്ചു ആര്‍ക്കാണ് ആവശ്യമുള്ളതെന്ന് തീരുമാനിക്കട്ടെയെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ജില്ലയില്‍ നിരവധി സര്‍ക്കാര്‍ ആസ്പത്രികള്‍ ഉണ്ടെങ്കിലും ശസ്ത്രക്രിയയ്‌ക്കോ അനസ്‌തേഷ്യയ്‌ക്കോ പോലും സൗകര്യമില്ല. ട്രോമാകെയര്‍ സൗകര്യവുമില്ല. ഇ. ചന്ദ്രശേഖരന്‍ മന്ത്രിയായിരുന്ന സമയത്ത് എയിംസിനെക്കുറിച്ച് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച വരുമ്പോള്‍ ജില്ലയുടെ കാര്യം പറയാമെന്ന് അറിയിച്ചിരുന്നെങ്കിലും ചര്‍ച്ച വരുമ്പോള്‍ അദ്ദേഹം മിണ്ടിയില്ല. ജില്ലയില്‍ എയിംസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് ഏതറ്റം വരെയും പോകാന്‍ മുന്‍കൈയെടുക്കും. അതിന് രാഷ്ട്രീയം നോക്കില്ല. എല്ലാ രാഷ്ട്രീയ കക്ഷികളും ചേര്‍ന്ന് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
പുതിയ പാര്‍ലമെന്റില്‍ ഇനി കാണാന്‍ പോകുന്നത് ദുര്‍ബലമായ ഭരണപക്ഷവും ശക്തമായ പ്രതിപക്ഷവുമാണ്. പ്രധാനമന്ത്രിയുടെ ധാര്‍ഷ്ട്യവും പ്രതിപക്ഷത്തെ കളിയാക്കലും ഇനി അവസാനിക്കും. ആര്‍.എസ്.എസ് പിന്തുണ പോലും ഇപ്പോള്‍ മോദിക്കില്ല. അദ്ദേഹത്തിന്റെ അധികാരത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടു കൊണ്ടിരിക്കുകയാണ് -എം.പി ചൂണ്ടിക്കാട്ടി. ടി.കെ നാരായണന്‍ അധ്യക്ഷനായി. ഫസലു റഹ്മാന്‍, ബാബു കോട്ടപ്പാറ പ്രസംഗിച്ചു.

വിമര്‍ശനങ്ങളെ ആസ്വദിക്കുന്നുണ്ടെന്ന് എം.പി;
എയിംസിന്റെ പേരില്‍ സുരേഷ് ഗോപിക്ക് കുത്ത്

കാഞ്ഞങ്ങാട്: മുഖത്തുനോക്കി പറയാനുള്ള ആര്‍ജവം ഇല്ലാത്തതുകൊണ്ട് ചില നേതാക്കള്‍ അവരുടെ വികാരം ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇതൊന്നും പ്രതികാരത്തോടെ കാണാതെ താന്‍ ആസ്വദിക്കുന്നുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. തന്നെ വിമര്‍ശിച്ച് ജില്ലയിലെ ചില നേതാക്കള്‍ ഓണ്‍ലൈനിലൂടെ സൃഷ്ടിച്ച വിവാദങ്ങളെ ഉദ്ദേശിച്ചാണ് നേതാക്കളുടെ പേര് പറയാതെ എം.പി ഇങ്ങനെ പറഞ്ഞത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഉണ്ണിത്താന്‍ പ്രതികരിച്ചു. സുരേഷ് ഗോപി തൃശൂരില്‍ എയിംസ് കൊണ്ടുവരാന്‍ ശ്രമിക്കുമെന്നാണ് പറയുന്നത്. കേന്ദ്രമന്ത്രിക്ക് ചില കാര്യങ്ങളെക്കുറിച്ച് സാമാന്യം ധാരണ വേണം. എവിടെ വരണമോ അവിടെ സ്ഥലം ഏറ്റെടുത്ത് കൊടുക്കണം. അത് കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. തൃശൂരില്‍ വന്നാല്‍ നല്ലതു തന്നെ. വ്യവസ്ഥാപിത സര്‍ക്കാര്‍ ഇവിടെയുണ്ട്. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിയെ ധിക്കരിച്ച് എങ്ങനെ എയിംസ് കൊണ്ടുവരാന്‍ കഴിയും. ആളുകളെ സുഖിപ്പിക്കാന്‍ സിനിമയില്‍ കഴിയും. മുഖ്യമന്ത്രിയെ വരെ തല്ലുന്ന രംഗങ്ങള്‍ ഉണ്ടാകാം. പക്ഷേ കലയ്ക്ക് ജീവിതവുമായി കാതങ്ങളുടെ അകലം ഉണ്ടെന്നാണ് മഹാന്മാര്‍ പറയുന്നത് -ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.

Related Articles
Next Story
Share it