ആനവണ്ടിയും കെ.എസ്.ആര്‍.ടി.സിയും കേരളത്തിന് സ്വന്തം; കര്‍ണാടകയുമായുള്ള വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവില്‍ കെ.എസ്.ആര്‍.ടി.സി എന്ന പേര് ഉപയോഗിക്കാനുള്ള അവകാശം കേരളത്തിന്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എന്ന പേര് ഇനി കേരളത്തിന് സ്വന്തം. കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കെഴുത്തും ലോഗോയും ആനവണ്ടി എന്ന പേരും ഇനി മുതല്‍ കേരളം മാത്രം ഉപയോഗിക്കും. ട്രേഡ് മാര്‍ക്‌സ് ആക്ട് 1999 പ്രകാരം കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കെഴുത്തും എംബ്ലവും ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി. ഇതോടെ വര്‍ഷങ്ങളായി കേരളവും കര്‍ണാടകയും തുടരുന്ന നിയമപോരാട്ടം അവസാനിച്ചേക്കും. കേരളത്തിന്റെയും കര്‍ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി […]

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എന്ന പേര് ഇനി കേരളത്തിന് സ്വന്തം. കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കെഴുത്തും ലോഗോയും ആനവണ്ടി എന്ന പേരും ഇനി മുതല്‍ കേരളം മാത്രം ഉപയോഗിക്കും. ട്രേഡ് മാര്‍ക്‌സ് ആക്ട് 1999 പ്രകാരം കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കെഴുത്തും എംബ്ലവും ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി. ഇതോടെ വര്‍ഷങ്ങളായി കേരളവും കര്‍ണാടകയും തുടരുന്ന നിയമപോരാട്ടം അവസാനിച്ചേക്കും.

കേരളത്തിന്റെയും കര്‍ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ച് വരികയായിരുന്നു കെ.എസ്.ആര്‍.ടി.സി (KSRTC) എന്ന പേര്. എന്നാല്‍ ഇത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ല്‍ കര്‍ണാടക നോട്ടീസ് അയക്കുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ സി.എം.ഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് കേരളത്തിന് വേണ്ടി അപേക്ഷിക്കുകയായിരുന്നു.

'ജനങ്ങളുടെ ജീവിതവുമായി ഇഴകി ചേര്‍ന്നതാണ് കേരളത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രമെന്നും വെറുമൊരു വാഹന സര്‍വീസ് മാത്രമല്ല, അതെന്നും ഗതാഗതമന്ത്രി ആന്റണി രാജു പ്രതികരിച്ചു. സിനിമയിലും സാഹിത്യത്തിലും ഉള്‍പ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ ഈ പൊതുഗതാഗത സംവിധാനത്തിന്റെ മുദ്രകള്‍ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തില്‍ മായ്ച്ചു കളയാന്‍ പറ്റുന്നതല്ല ഇത്. ട്രേഡ് മാര്‍ക്ക് രജിസ്ട്രിക്ക് അതു മനസിലാക്കി ഉത്തരവിറക്കാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ട്. ഒപ്പം ഇതിനു വേണ്ടി പ്രയത്‌നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും ഇത് കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച നേട്ടമാണെന്നും ആന്റണി രാജു പറഞ്ഞു.

പേര് ട്രേഡ് മാര്‍ക്ക് ചെയ്ത് ലഭിച്ച സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി എന്ന് ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ, അതുകൊണ്ട് തന്നെ കര്‍ണ്ണാടകത്തിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ അറിയിച്ചു. 'ആനവണ്ടി' എന്ന പേരും പലരും പല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ ഐ.എ.എസ് അറിയിച്ചു.

Related Articles
Next Story
Share it