ബംഗളൂരു: ശനിയാഴ്ച അധികാരമേറ്റ സിദ്ധരാമയ്യ മന്ത്രിസഭയുടെ വിപുലീകരണം ഉടനെയുണ്ടാകും. എന്‍ എ ഹാരിസിനെയും യു ടി ഖാദറിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ബംഗളൂരു ശാന്തിനഗര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച മലയാളി കൂടിയായ എന്‍.എ ഹാരിസ് 7721 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്. കാസര്‍കോട് മേല്‍പ്പറമ്പ് സ്വദേശിയാണ് എന്‍ എ ഹാരിസ്. കാസര്‍കോട്ട് കുടുംബവേരുകളുള്ള യു.ടി ഖാദര്‍ മംഗളൂരു റൂറല്‍ മണ്ഡലത്തില്‍ 15928 വോട്ടുകള്‍ക്കാണ് വിജയിച്ചത്. രണ്ട് തവണ ഉള്ളാളിനെ പ്രതിനിധീകരിച്ച യു.ടി ഖാദര്‍ ഇക്കുറി മംഗളൂരു റൂറലില്‍ നിന്നാണ് മത്സരിച്ചത്. ദക്ഷിണ കന്നഡയിലെ മറ്റു മണ്ഡലങ്ങളെല്ലാം ബി.ജെ.പി തൂത്തുവാരിയപ്പോള്‍ യു.ടി ഖാദര്‍ മാത്രമാണ് ആശ്വാസ വിജയം നേടിയത്. ഹാരിസും ഖാദറും മന്ത്രിമാരാകുന്നത് മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മറ്റൊരു മലയാളിയായ കെ.ജെ ജോര്‍ജിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സിദ്ധരാമയ്യ തന്റെ സര്‍ക്കാര്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പ് നല്‍കി.
ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത സൗജന്യങ്ങള്‍ സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും യഥാക്രമം കര്‍ണാടക മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എട്ട് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കൂടുതല്‍ പേരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കും.