കരിവെള്ളൂര്‍ സൂപ്പര്‍ ഫാസ്റ്റ്

മാസ്റ്റേഴ്‌സ് മീറ്റുകളില്‍ മിന്നല്‍ വേഗത്തിലോടി സ്വര്‍ണം വാരിക്കൂട്ടി കരിവെള്ളൂരിന് അഭിമാനമായി തീര്‍ന്നതമ്പായി എന്ന 52കാരിയെ കുറിച്ച്...2023 നവംബര്‍ 27, 28, 29 തിയ്യതികളില്‍ ദുബായില്‍ നടന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേര്‍സ് മീറ്റില്‍ പങ്കെടുത്ത് തിരിച്ചു വന്ന തമ്പായി എന്ന ഗ്രാമീണ സ്ത്രീയെ ഫോണില്‍ വിളിച്ചു അഭിനന്ദിച്ചു. 5000 മീ., 1500 മീ., 800 മീ. ഓട്ടമത്സരത്തില്‍ സ്വര്‍ണ്ണ മെഡലും 400 മീ. വെങ്കലവും ഇന്ത്യക്ക് വേണ്ടി നേടിെക്കാടുത്ത അമ്പത്തിരണ്ടുകാരിയാണ് ദിനേശ് ബീഡിെത്താഴിലാളിയായ തമ്പായി. സ്‌പോര്‍ട്‌സ് വുമണ്‍ സ്പിരിറ്റോടെ തമ്പായി […]

മാസ്റ്റേഴ്‌സ് മീറ്റുകളില്‍ മിന്നല്‍ വേഗത്തിലോടി സ്വര്‍ണം വാരിക്കൂട്ടി കരിവെള്ളൂരിന് അഭിമാനമായി തീര്‍ന്ന
തമ്പായി എന്ന 52കാരിയെ കുറിച്ച്...

2023 നവംബര്‍ 27, 28, 29 തിയ്യതികളില്‍ ദുബായില്‍ നടന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേര്‍സ് മീറ്റില്‍ പങ്കെടുത്ത് തിരിച്ചു വന്ന തമ്പായി എന്ന ഗ്രാമീണ സ്ത്രീയെ ഫോണില്‍ വിളിച്ചു അഭിനന്ദിച്ചു. 5000 മീ., 1500 മീ., 800 മീ. ഓട്ടമത്സരത്തില്‍ സ്വര്‍ണ്ണ മെഡലും 400 മീ. വെങ്കലവും ഇന്ത്യക്ക് വേണ്ടി നേടിെക്കാടുത്ത അമ്പത്തിരണ്ടുകാരിയാണ് ദിനേശ് ബീഡിെത്താഴിലാളിയായ തമ്പായി. സ്‌പോര്‍ട്‌സ് വുമണ്‍ സ്പിരിറ്റോടെ തമ്പായി പറയുന്നു. 'എന്റെ മത്സര ഇനങ്ങളില്‍ ഞാന്‍ ആര്‍ക്കും തോറ്റുകൊടുക്കില്ല.' ആ പറച്ചിലിന് ആര്‍ജ്ജവമുണ്ട്. ത്യാഗമനോഭാവമുണ്ട്. നാടിനോടുള്ള കൂറുമുണ്ട്.
ഡിസംബര്‍ 2, 3 തിയ്യതികളില്‍ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന മാസ്റ്റേര്‍സ് മീറ്റിലും തമ്പായി തിളങ്ങി. പതിനാല് ജില്ലകളില്‍ നിന്നും പങ്കെടുത്ത കായിക താരങ്ങളോട് മത്സരിച്ച് മുന്നിലെത്താന്‍ തമ്പായിക്ക് സാധിച്ചു.
ഡിസംബര്‍ 9, 10 തിയ്യതികളില്‍ തലശേരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ സമയത്തായിരുന്നു എന്റെ ഫോണ്‍ വിളി. 1500 മീ., 800 മീ., 400 മീ. ഓട്ട മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ കിട്ടി എന്ന സന്തോഷ വാര്‍ത്തയാണ് ആദ്യം പറഞ്ഞത്.
ദുബായില്‍ അനുഭവിച്ച ദുരിതങ്ങളെ കുറിച്ചും തമ്പായി വാചാലയായി. കേരളത്തില്‍ നിന്ന് പോയ കായിക താരങ്ങളെ ഏജന്റ് വഞ്ചിച്ചു. സംഭാവന വഴിയും സ്വയം ഉണ്ടാക്കിയെടുത്ത സംഖ്യയും അടക്കം 55,000 രൂപ ഏജന്റിന് നല്‍കിയിരുന്നു. ദുബായിലേക്കും തിരിച്ചുമുള്ള യാത്ര, താമസം, ഭക്ഷണം എല്ലാം ഉള്‍പ്പെടുത്തിയാണ് അത്രയും തുക ഏജന്റ് കൈപ്പറ്റിയത്. തിരിച്ചു വരാനാകുമ്പോഴാണറിഞ്ഞത് ഹോട്ടലില്‍ തുക കൊടുത്തിട്ടില്ല. തിരിച്ചു വരാനുള്ള വിമാന ടിക്കറ്റുമില്ല. ഏജന്റിനെ കുറിച്ച് ഒരു വിവരവുമില്ല. ഞങ്ങള്‍ പരിഭ്രാന്തരായി. വിവരം ദുബായിലുള്ള മലയാളികള്‍ അറിഞ്ഞു. അവര്‍ താങ്ങായി നിന്നു. ഞങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും അവര്‍ ചെയ്തു തന്നു-തമ്പായിയുടെ വാക്കുകളില്‍ ഏജന്റിനോടുള്ള അമര്‍ഷം നിറഞ്ഞു.
കേരള ഗ്രാമീണ സ്ത്രീകള്‍ ദേശീയ തലത്തില്‍ സ്‌പോര്‍ട്‌സിലും കലാരംഗത്തും സാമൂഹ്യരംഗത്തും പേരും പെരുമയും ആര്‍ജ്ജിക്കുന്നുണ്ട്. പക്ഷേ അവരര്‍ഹിക്കുന്ന അംഗീകാരവും നേട്ടങ്ങളും ലഭിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ്യം. സംസ്ഥാന-ദേശീയ തലത്തില്‍ ഏതെങ്കിലുമൊരു സ്‌പോര്‍ട്‌സ് ഇനത്തില്‍ സമ്മാനാര്‍ഹരായവര്‍ക്ക് അനുയോജ്യമായൊരു ജോലി തരപ്പെടാറുണ്ട്. അത്തരം പ്രതീക്ഷകളോടെയാണ് കഠിന ശ്രമത്തിലൂടെയും ത്യാഗപൂര്‍ണ്ണമായ പരിശീലനത്തിലൂടേയും വിജയശ്രീലാളിതരായവര്‍ കാത്തിരിക്കുന്നത്. നേട്ടങ്ങളില്‍ പ്രോത്സാഹിപ്പിക്കാനും അനുമോദിക്കാനും നാട്ടുകരും സഹപ്രവര്‍ത്തകരും സന്നദ്ധത കാണിക്കുന്നുണ്ട്. പൊന്നാടകളും മെമൊന്റോകളും നല്‍കി സന്തോഷിപ്പിക്കാറുണ്ട്. പക്ഷേ സ്ഥായിയായ ജീവാതായോധനത്തിനുതകുന്ന ഒരു തൊഴില്‍ മോഹം ലഭ്യമാവാതെ പോവുന്നു.
അമ്പത്തിരണ്ട് പിന്നിട്ട ബീഡിത്തൊഴിലാളിയായ ഗ്രാമീണ സ്ത്രീയാണ് കരിവെള്ളൂര്‍ കുതിരുമ്മലിലെ ടി.വി. തമ്പായി. തമ്പായിയുടെ രണ്ട് പെണ്‍മക്കളും സ്‌പോര്‍ട്‌സ് രംഗത്ത് മികവ് തെളിയിച്ചവരാണ്. അവരുടെ കൊച്ചു വീടിന്റെ സ്വീകരണ മുറി നിറയെ അമ്മയും മക്കളും നേടിയ മെഡലുകളാണ്. പ്രായമായ തനിക്ക് ജോലി ലഭിച്ചില്ലെങ്കിലും ദേശീയ തലത്തില്‍ അയ്യായിരം മീറ്റര്‍ ഓട്ടത്തിലും ഹര്‍ഡ്ല്‍സിലും സമ്മാനം നേടിയ മക്കള്‍ക്കെങ്കിലും ജോലി ലഭ്യമായാല്‍ വലിയ സന്തോഷമായേനെ എന്നാണ് തമ്പായി പറയുന്നത്. മൂത്ത മകള്‍ പ്രിയ ഇക്കണോമിക്‌സില്‍ ഡിഗ്രി എടുത്തിട്ടുണ്ട്. രണ്ടാമത്തെ മകള്‍ പ്രബിത പൊളിറ്റിക്‌സില്‍ പി.ജി എടുത്തു. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഏതെങ്കിലും തരത്തിലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍. ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തിയവളാണ് തമ്പായി. പട്ടിണിയില്‍ നിന്ന് മോചനം നേടാന്‍ ഭാരത് ബീഡി തെറുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടു. പിന്നീട് കരിവെള്ളൂരിലെ ദിനേശ് ബീഡിക്കമ്പനിയില്‍ ജോലി ലഭിച്ചു. ബീഡി കമ്പനിയിലെ തൊഴിലാളി കൂട്ടായ്മയില്‍ നിന്ന് സാമൂഹ്യ ഇടപെടലിലൂടെ പൊതുകാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ കഴിഞ്ഞു. 2017 ലാണ് മെയ്ദിന ദീപശിഖാ റാലിയില്‍ പങ്കെടുക്കണമെന്ന നിര്‍ദ്ദേശവുമായി പാര്‍ട്ടി പ്രവര്‍ത്തകനായ ടി. ഗോപാലന്‍ തമ്പായിയെ സമീപിക്കുന്നത്. ആവില്ലായെന്ന് പറഞ്ഞിട്ടും ആത്മ വിശ്വാസം പകര്‍ന്നു തന്ന ഗോപാലേട്ടനാണ് ഓടാന്‍ പ്രോത്സാഹിപ്പിച്ചത്. ആ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ലഭിച്ച ഊര്‍ജ്ജമാണ് തുടര്‍ന്നുള്ള ഓട്ട മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രചോദിപ്പിച്ചത്. 2018 മുതല്‍ മാസ്റ്റേര്‍സ് മീറ്റില്‍ പങ്കെടുക്കാന്‍ തുടങ്ങി. തുടര്‍ച്ചയായി അഞ്ച് വര്‍ഷവും മാസ്റ്റേര്‍സ് മീറ്റില്‍ സ്വര്‍ണ്ണം നേടിയ തിളക്കവുമായി കരിവെള്ളൂരിന്റെ കണ്ണിന് അഭിമാനമായി തമ്പായി മുന്നേറുകയാണ്. ഇത്തവണ നാസിക്കില്‍ നടന്ന ദേശീയ മാസ്റ്റേര്‍സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് അഞ്ച് വിഭാഗത്തിലും സ്വര്‍ണ്ണം കൊയ്ത അഭിമാനത്തിലാണ് തമ്പായി. 5000 മീറ്റര്‍, 1500 മീറ്റര്‍, 800 മീറ്റര്‍, 4*400 മീറ്റര്‍ റിലേ എന്നിവയില്‍ സ്വര്‍ണ്ണവും 400 മീറ്ററില്‍ വെള്ളിയും സ്വന്തമാക്കി. കഠിനമായ പരിശീലനത്തിലൂടെയാണ് തമ്പായി നേട്ടം കൊയ്യുന്നത്. രാവിലെ അഞ്ചര മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങി ഓട്ടം തുടങ്ങും. ഏഴുകിലോമീറ്ററോളം ഓട്ടം തന്നെ. ആദ്യമാദ്യം ചില പരിഹാസങ്ങളൊക്കെ ഉണ്ടായിരുന്നുവെങ്കിലും സമ്മാനങ്ങള്‍ കൊയ്തപ്പോള്‍ എല്ലാവരും പ്രോത്സാഹനവുമായി മുന്നോട്ടു വന്നു. ബീഡി കമ്പനിയിലെ സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും പിന്തുണയും പ്രോത്സാഹനവും കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു. തുച്ഛമായ വരുമാനത്തില്‍ കുടുംബം പുലര്‍ത്താന്‍ കഷ്ടപെടുകയാണെങ്കിലും സ്വീകരണ മുറിയില്‍ നിറഞ്ഞിരിക്കുന്ന മെഡലുകളും മെമന്റോകളും കണ്ണിനു കുളിര്‍മ്മ പകരുന്നു. മംഗലാപുരത്തും എറണാകുളത്തും വെച്ച് നടന്ന മാസ്റ്റേര്‍സ് ചാമ്പ്യന്‍ഷിപ്പ് മീറ്റിലും പങ്കെടുത്തു. വിജയം ചൂടുമ്പോള്‍ മൈക്കിലൂടെ ഉച്ചത്തില്‍ 'കരിവെള്ളൂര്‍ തമ്പായി' എന്ന് കേള്‍ക്കുമ്പോള്‍ നാടിനെക്കുറിച്ച് ഞാന്‍ അഭിമാനം കൊള്ളുന്നു.


-കൂക്കാനം റഹ്മാന്‍

Related Articles
Next Story
Share it