കാസര്‍കോട്: കഴിഞ്ഞദിവസം കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം ഉണ്ടായ വാഹനപകടവും അതിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങള്‍ക്ക് പിന്നിലും വലിയ കള്ളക്കടത്ത് സംഘമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കണ്ണുര്‍ കേന്ദ്രീകരിച്ചുള്ള സി.പി.എം ക്രിമിനല്‍ സംഘമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് പറഞ്ഞു. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ ചടങ്ങ് ഉദ്ഘാടനത്തിന് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ചെര്‍പ്പുളശ്ശേരിയില്‍ നിന്നും വന്ന സംഘത്തില്‍ ഡി.വൈ. എഫ്.ഐ-എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ് ഉണ്ടായത്. അപകടം നടന്ന ഉടന്‍ തന്നെ ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്മാന് എത്തിയത് പ്രതികളെ രക്ഷിക്കാനായിരുന്നു.
പ്രധാന രണ്ടുപ്രതികള്‍ മുങ്ങിയിരിക്കുകയാണ്. ഇവരെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. വിമാനത്താവളത്തിനു സമീപം 50 മീറ്റര്‍ അകലെ പ്ലാസ എന്ന സ്ഥലത്തുവച്ച് സംഘര്‍ഷം നടത്തിയിട്ടും പൊലീസിന് അറിഞ്ഞില്ല. വിമാനത്താവളത്തിന് സമീപമുള്ള സുരക്ഷ മേഖലയിലാണ് അക്രമം നടന്നത്. എന്നിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. കോവിഡ് കാലത്ത് പൊലീസ് പല സ്ഥലങ്ങളിലും അരിച്ച് പെറുക്കി പരിശോധന നടത്തുന്നുണ്ട്. എന്തുകൊണ്ട് സംഘര്‍ഷമുണ്ടാക്കിയ ക്രിമിനല്‍ സംഘത്തെ പിടികൂടാനായില്ല. ഒരു പരിശോധന നടന്നില്ലെന്നത് ഇവര്‍ക്ക് രാഷ്ട്രീയമായി സഹായം ലഭിച്ചതിന്റെ തെളിവാണ്. ഈ അപകടം നടന്നില്ലായിരുന്നെങ്കില്‍ കള്ളക്കടത്ത് സംഘത്തിന്റെ വിവരം പുറംലോകം അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സഹായം കള്ളക്കടത്ത് സംഘത്തിന് ലഭിച്ചുവെന്നത് ഗുരുതരമായ പ്രശ്നമാണ് ഉണ്ടാക്കുന്നത്. പൊലീസിന്റെ സഹായമില്ലാതെ രാമനാട്ടുകരയില്‍ ഒന്നും നടക്കില്ലായിരുന്നു. ബി.ജെ.പിക്കെതിരെ രാഷ്ട്രീയമായാണ് കേസുകള്‍ ഉപയോഗിക്കുന്നത്. ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടും. ബി.ജെ.പിക്കെതിരെ കള്ളക്കേസുണ്ടാക്കി വായടപ്പിക്കാന്‍ ശ്രമിച്ചാല്‍ ഭയപ്പെടില്ല. പൊലീസും സര്‍ക്കാറും പ്രതികാരം നടപടിയുമായി മുന്നോട്ടുപോവുകയാണ്, അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ. സുരേന്ദ്രന് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്തും ഒപ്പമുണ്ടായിരുന്നു.