കാറഡുക്ക സഹകരണസംഘം തട്ടിപ്പ്: സെക്രട്ടറി രതീഷിനെയും കൂട്ടുപ്രതി ജബ്ബാറിനെയും സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു

മുള്ളേരിയ: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ മൂന്നുപ്രതികളില്‍ രണ്ടുപേരെ ക്രൈംബ്രാഞ്ച് സൊസൈറ്റിയില്‍ എത്തിച്ച് തെളിവെടുത്തു. സൊസൈറ്റി സെക്രട്ടറി കെ.രതീഷ്, കൂട്ടുപ്രതിയായ കണ്ണൂര്‍ സിറ്റി ഉരുവച്ചാല്‍ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ മഞ്ചക്കണ്ടി അബ്ദുള്‍ ജബ്ബാര്‍ എന്നിവരെയാണ് ഇന്നലെ മുള്ളേരിയയിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്.മുള്ളേരിയ-ബദിയടുക്ക റോഡിലെ വ്യാപാരസമുച്ചയത്തിന്റെ ഒന്നാംനിലയില്‍ സൊസൈറ്റി […]

മുള്ളേരിയ: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ മൂന്നുപ്രതികളില്‍ രണ്ടുപേരെ ക്രൈംബ്രാഞ്ച് സൊസൈറ്റിയില്‍ എത്തിച്ച് തെളിവെടുത്തു. സൊസൈറ്റി സെക്രട്ടറി കെ.രതീഷ്, കൂട്ടുപ്രതിയായ കണ്ണൂര്‍ സിറ്റി ഉരുവച്ചാല്‍ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ മഞ്ചക്കണ്ടി അബ്ദുള്‍ ജബ്ബാര്‍ എന്നിവരെയാണ് ഇന്നലെ മുള്ളേരിയയിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
മുള്ളേരിയ-ബദിയടുക്ക റോഡിലെ വ്യാപാരസമുച്ചയത്തിന്റെ ഒന്നാംനിലയില്‍ സൊസൈറ്റി ഓഫീസിലെ സെക്രട്ടറിയുടെ മുറിയിലും ലോക്കറിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. ലോക്കറിന്റെ താക്കോല്‍ കൈവശപ്പെടുത്തിയത് സംബന്ധിച്ചും ഇടപാടുകാരില്‍ ആരുടെയൊക്കെ എത്ര സ്വര്‍ണ്ണം എടുത്തുവെന്നതിനെക്കുറിച്ചും രതീഷ് അന്വേഷണസംഘത്തോട് വിശദീകരിച്ചു. രതീഷ് രണ്ട് ദിവസങ്ങളിലായാണ് ലോക്കറില്‍ നിന്ന് സ്വര്‍ണ്ണം കടത്തിക്കൊണ്ടുപോയതെന്ന് വ്യക്തമായി. പണയസ്വര്‍ണ്ണം എടുത്ത ശേഷം ഉപേക്ഷിച്ച കവറുകളും ഇതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഡയറിയും കേസിലെ മറ്റൊരു പ്രതിയായ അനില്‍കുമാറിന്റെ നെല്ലിക്കാട്ടെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്തു. അബ്ദുല്‍ ജബ്ബാര്‍ താമസിക്കുന്ന പയ്യന്നൂരിലെ വീട്ടിലെത്തിയും തെളിവെടുപ്പ് നടത്തി.
രതീഷിനും അബ്ദുള്‍ ജബ്ബാറിനും പുറമെ കോഴിക്കോട് അരക്കിണര്‍ സ്വദേശി സി.നബിനിനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. രതീഷില്‍ നിന്ന് കൈപ്പറ്റിയ പണം പലര്‍ക്കും കൈമാറിയെന്നാണ് ജബ്ബാര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്. എന്നാല്‍ പണമിടപാട് സംബന്ധിച്ച രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണ്. തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ രതീഷിനെയും അബ്ദുള്‍ ജബ്ബാറിനെയും തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് നിരവധി പേരാണ് സഹകരണസംഘം ഓഫീസ് പരിസരങ്ങളില്‍ തടിച്ചുകൂടിയത്. തെളിവെടുപ്പിനിടയിലും യാതൊരു ഭാവഭേദവും പ്രതികളില്‍ പ്രകടമായിരുന്നില്ല.

Related Articles
Next Story
Share it