കാന്തപുരം വിഭാഗം പ്രവര്‍ത്തകരെ ലീഗ് നിരന്തരം വേട്ടയാടുന്നു, ഔഫ് വധത്തിന് പിറകില്‍ ഉന്നത തല ഗൂഢാലോചന; കടുത്ത ആരോപണങ്ങളുമായി ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയപ്രസിഡണ്ട് സലീം മടവൂര്‍

കാഞ്ഞങ്ങാട്: എസ്.വൈ.എസ് പ്രവര്‍ത്തകനും എല്‍.ഡി.എഫ് അനുഭാവിയുമായ അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുസ്‌ലിംലീഗിന്റെ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ലോക് താന്ത്രിക് യുവജനതാദള്‍ (എല്‍.വൈ.ജെ.ഡി) ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ അനുകൂലിക്കുന്ന സുന്നി വിഭാഗം പ്രവര്‍ത്തകരെ മുസ്ലിം ലീഗ് നിരന്തരം വേട്ടയാടുകയാണ്. മുസ്ലിംകള്‍ എല്ലാവരും മുസ്ലിംലീഗ് ആയിരിക്കണമെന്ന ധാര്‍ഷ്ട്യമാണ് ഇതിന് പിറകില്‍. ലീഗല്ലാത്ത മുസ്ലീങ്ങള്‍ കൊല്ലപ്പെടേണ്ടവരും ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരും ആണെന്ന […]

കാഞ്ഞങ്ങാട്: എസ്.വൈ.എസ് പ്രവര്‍ത്തകനും എല്‍.ഡി.എഫ് അനുഭാവിയുമായ അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുസ്‌ലിംലീഗിന്റെ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ലോക് താന്ത്രിക് യുവജനതാദള്‍ (എല്‍.വൈ.ജെ.ഡി) ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ അനുകൂലിക്കുന്ന സുന്നി വിഭാഗം പ്രവര്‍ത്തകരെ മുസ്ലിം ലീഗ് നിരന്തരം വേട്ടയാടുകയാണ്. മുസ്ലിംകള്‍ എല്ലാവരും മുസ്ലിംലീഗ് ആയിരിക്കണമെന്ന ധാര്‍ഷ്ട്യമാണ് ഇതിന് പിറകില്‍. ലീഗല്ലാത്ത മുസ്ലീങ്ങള്‍ കൊല്ലപ്പെടേണ്ടവരും ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരും ആണെന്ന മൗഢ്യ ചിന്തയാണ് മുസ്ലിം ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും നയിക്കുന്നത്. ഈ വിഭാഗത്തില്‍ പെട്ട പത്തോളം പേരെ ഇതിനകം തന്നെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് സലീം മടവൂര്‍ ആരോപിച്ചു. കേസിലെ മുഖ്യപ്രതി ഇര്‍ഷാദിനെ രക്ഷപ്പെടുത്താന്‍ മുസ്ലിം ലീഗ് ഉന്നതതല ഗൂഢാലോചന നടത്തിയിട്ടുണ്ട്. ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സതേടിയ ഇര്‍ഷാദ് പിന്നീട് കാസര്‍കോട്ടെ ആസ്പത്രിയിലും തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലും ചികിത്സതേടി. കാര്യമായ പരിക്കുകളില്ലാതെ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സതേടിയ ഇര്‍ഷാദിന് ഗുരുതര പരിക്കാണെന്ന് മുസ്ലിം ലീഗ് സൈബര്‍ വിഭാഗം പ്രചരിപ്പിച്ച് ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു. ഇത് പ്രതിയെ രക്ഷപ്പെടുത്താന്‍ നടത്തിയ ആസൂത്രിത ഗൂഢാലോചനയാണ്. ഇതില്‍ മുസ്ലിം ലീഗ് ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്-അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ ശബ്ദിക്കുന്ന മുസ്ലിം ലീഗ് കേരളത്തില്‍ സമുദായത്തിലെ അംഗങ്ങളെ തന്നെ കശാപ്പ് ചെയ്യുകയാണ്. സംഘ് പരിവാറല്ലാത്തവര്‍ കൊല്ലപ്പെടേണ്ടവരാണെന്ന സംഘ പരിവാര്‍ സംഘടനകളുടെയും ലീഗല്ലാത്തവര്‍ കൊല്ലപ്പെടേണ്ടവരാണെന്ന മുസ്ലിം ലീഗിന്റെയും നിലപാടുകള്‍ തമ്മില്‍ സാമ്യമുണ്ട്. നാല് മാസം ഗര്‍ഭിണിയായ ഭാര്യയുള്ള തബ്രേസ് അന്‍സാരിയെ കൊന്നവരും ആറു മാസം ഗര്‍ഭിണിയായ ഭാര്യയുള്ള അബ്ദുറഹ്‌മാനെ കൊന്നവരും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് മുസ്ലിം ലീഗ് വിശദീകരിക്കണം. ലീഗിന്റെ കൈകളെക്കൊണ്ട് കൊന്നവര്‍ക്ക് നരകവും സംഘപരിവാറുകാര്‍ കൊന്നവര്‍ക്ക് സ്വര്‍ഗവും ലഭിക്കുമെന്നാണോ ലീഗ് വിശ്വസിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. എല്‍.ജെ.ഡി ജില്ലാ പ്രസിഡണ്ട് ടി.വി ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം എ. കുഞ്ഞമ്പാടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. സലീം മടവൂരിന്റെ നേതൃത്വത്തില്‍ എല്‍.ജെ.ഡി നേതാക്കള്‍ ഔഫിന്റെ വസതി സന്ദര്‍ശിച്ചു.

Related Articles
Next Story
Share it