യാത്രയയപ്പ് യോഗത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അഴിമതി ആരോപണം; കണ്ണൂര്‍ എ.ഡി.എം തൂങ്ങിമരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എമ്മും മുന്‍ കാസര്‍കോട് എ.ഡി.എമ്മുമായ നവീന്‍ ബാബുവിനെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പള്ളിക്കുന്നിലുള്ള വീട്ടിലാണ് അദ്ദേഹത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സംഭവം.പത്തനംതിട്ടയിലേക്ക് സ്ഥലമാറ്റം ലഭിച്ച നവീന്‍ ബാബുവിന് ഇന്നലെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. യാത്രയയപ്പ് […]

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എമ്മും മുന്‍ കാസര്‍കോട് എ.ഡി.എമ്മുമായ നവീന്‍ ബാബുവിനെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പള്ളിക്കുന്നിലുള്ള വീട്ടിലാണ് അദ്ദേഹത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സംഭവം.
പത്തനംതിട്ടയിലേക്ക് സ്ഥലമാറ്റം ലഭിച്ച നവീന്‍ ബാബുവിന് ഇന്നലെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ ക്ഷണിച്ചിരുന്നില്ല. എങ്കിലും അസാധാരണ എന്‍ട്രിയായി അവര്‍ യോഗത്തിലേക്ക് കടന്നുവരികയായിരുന്നു. ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ അടക്കമുള്ളവര്‍ ചടങ്ങിനുണ്ടായിരുന്നു.
സംസാരിക്കാന്‍ വേണ്ടി ക്ഷണിക്കട്ടേ എന്ന് ചോദിച്ചപ്പോള്‍ ക്ഷണിച്ചോളൂ, എനിക്ക് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് പ്രസംഗപീഠത്തിന് അരികിലെത്തിയ ദിവ്യ, നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു. ചെങ്ങളയിലുള്ള പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കിയതില്‍ അഴിമതി നടത്തിയെന്നായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് യാത്രയയപ്പ് യോഗത്തില്‍ ആരോപിച്ചത്.
പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയിലാണ് വിമര്‍ശനം ഉന്നയിച്ചത്.
സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുമ്പ് അനുമതി നല്‍കിയെന്നും അത് എങ്ങനെയെന്ന് തനിക്ക് അറിയാമെന്നും ഇതിന്റെ വിശദാംശങ്ങള്‍ രണ്ട് ദിവസത്തിനകം വെളിപ്പെടുത്തുമെന്നും ദിവ്യ പറഞ്ഞു.
അവര്‍ ഇന്ന് കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് നവീന്‍ ബാബു ജീവനൊടുക്കിയത്.

നവീന്‍ ബാബു മുന്‍ കാസര്‍കോട് എ.ഡി.എം; സ്ഥലം മാറി പോയത് ഈവര്‍ഷം ആദ്യം
കാസര്‍കോട്: കാസര്‍കോട് എ.ഡി.എം ആയിരുന്ന നവീന്‍ ബാബു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ഇവിടെ നിന്ന് സ്ഥലം മാറി കണ്ണൂരിലേക്ക് പോയത്. 2023 ഏപ്രിലിലാണ് അദ്ദേഹം കാസര്‍കോട് എ.ഡി.എം ആയി ചുമതലയേറ്റത്. അതിന് മുമ്പും ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടറായുമൊക്കെ അദ്ദേഹം കാസര്‍കോട്ടുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെല്ലാം നവീന്‍ ബാബുവിനെ കുറിച്ച് നല്ല അഭിപ്രായമാണ്.
എന്നാല്‍ കണ്ണൂര്‍ എ.ഡി.എം ആയി സേവനം അനുഷ്ഠിക്കുന്നതിനിടെ ചെങ്ങളയിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. പെട്രോള്‍ പമ്പിന് അനുമതി ലഭിക്കാന്‍ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ ചെന്ന് ഒരുലക്ഷം രൂപ കൈമാറിയിരുന്നുവെന്ന് പ്രശാന്ത് എന്നൊരാള്‍ പരാതിപ്പെട്ടതായാണ് കണ്ണൂരില്‍ നിന്ന് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിക്ക് പരാതി അയച്ചതായാണ് പറയുന്നത്. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് 4 മണിക്ക് കണ്ണൂര്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാത്ത അതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ കടന്നുവന്നതും നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതും.
ദിവ്യ ആരോപണം ഉന്നയിച്ച രീതി ശരിയായില്ലെന്ന് പരക്കെ വിമര്‍ശനമുണ്ട്. യു.ഡി.എഫ്, ബി.ജെ.പി നേതാക്കള്‍ ദിവ്യക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ഡി.സി.സി പ്രസിഡണ്ട് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.

Related Articles
Next Story
Share it