ബംഗളൂരു: കന്നഡ സിനിമാ നടി ചേതനാരാജ് വണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ടു. മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചേതന ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്ന് പൊലീസ് പറഞ്ഞു. ആസ്പത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് ചേതന മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കൃത്യമായ ഉപകരണങ്ങളില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇവര്‍ പറയുന്നു.
തിങ്കളാഴ്ച രാവിലെ 8.30നാണ് മകളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ചേതന രാജിന്റെ പിതാവ് ഗോവിന്ദ രാജ് പറഞ്ഞു. വിവരമറിഞ്ഞപ്പോഴേക്കും ശസ്ത്രക്രിയ തുടങ്ങിയിരുന്നു.
വൈകുന്നേരമായപ്പോഴേക്കും ശ്വാസകോശത്തില്‍ വെള്ളവും കൊഴുപ്പും നിറയുകയും ശ്വാസതടസ്സം നേരിടുകയും ചെയ്തു. ഐസിയുവില്‍ ശരിയായ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ചേതനരാജ് തങ്ങളോട് അനുവാദം ചോദിച്ചിരുന്നുവെന്നും എന്നാല്‍ ശസ്ത്രക്രിയ വേണ്ടെന്നാണ് തങ്ങള്‍ പറഞ്ഞതെന്നും ഗോവിന്ദരാജ് വ്യക്തമാക്കി. കുടുംബാംഗങ്ങളെ അറിയിക്കാതെയാണ് മകള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്ന് ഗോവിന്ദരാജ് വിശദീകരിച്ചു. മാതാപിതാക്കളുടെ സമ്മതമില്ലാതെയും ശരിയായ ഉപകരണങ്ങളില്ലാതെയുമാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയതെന്നും ആസ്പത്രി അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗീത, ദൊരേസാനി, ഒളവിന നില്‍ദാന എന്നീ ജനപ്രിയ സീരിയലുകളില്‍ ചേതന രാജ് അഭിനയിച്ചിട്ടുണ്ട്. കന്നഡ ചിത്രമായ ഹവയയാമിയിലും അഭിനയിച്ചിരുന്നു.