എന്ന് സജീവമാകും ആലാമിപ്പള്ളി ബസ്സ്റ്റാന്റ്..!

കടമുറിക്കായി ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ ആശങ്കയില്‍

ആലാമിപ്പള്ളി ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സില്‍ മുറികള്‍ ലേലം ചെയ്ത് എട്ട് മാസം കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല. ബസ്സ്റ്റാന്റ് പ്രവര്‍ത്തനയോഗ്യമാക്കാനുള്ള നടപടികള്‍ കാഞ്ഞങ്ങാട് നഗരസഭ സ്വീകരിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ ആക്ഷേപം. കഴിഞ്ഞ ഫെബ്രുവരിയിലാണ് കടമുറികള്‍ ലേലം ചെയ്തത്. 55,000 മുതല്‍ 25 ലക്ഷം രൂപ വരെ നിക്ഷേപിച്ചാണ് വ്യാപാരികള്‍ കടമുറികള്‍ ലേലത്തിലെടുത്തത്. ലേല സമയത്ത് ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങും എന്നായിരുന്നു നഗരസഭയുടെ ഉറപ്പ്. എന്നാല്‍ മിക്ക ബസുകളും സ്റ്റാന്റിനകത്ത് ഇപ്പോഴും കയറുന്നില്ല. നഗരസഭയുടെ മെല്ലെപ്പോക്ക് കാരണം വ്യാപാരികള്‍ക്ക് ഭീമമായ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും നഗരസഭയ്ക്ക് ലഭിക്കേണ്ട വരുമാനവും ഇക്കാരണത്താല്‍ നഷ്ടപ്പെടുകയാണെന്നും വ്യാപാരികള്‍ പറയുന്നു. ഷോപ്പിംഗ് കോംപ്ലക്‌സിലെ ശുചിമുറികള്‍ തകര്‍ന്ന് പ്രവര്‍ത്തന രഹിതമാണ്. മുറികള്‍ മലിനവും വൃത്തിഹീനവുമായി കിടക്കുകയാണ്. മുറികളില്‍ പലതിന്റെയും ഷട്ടറുകള്‍ ദ്രവിച്ചുതുടങ്ങി. മുറികള്‍ വൃത്തിയാക്കിത്തരാമെന്നും അതിനുശേഷം മാത്രം വാടകയും ബാക്കി ഡെപ്പോസിറ്റ് തുകയും നല്‍കിയാല്‍ മതിയെന്നുമായിരുന്നു ലേലം വിളി സമയത്ത് നഗരസഭ നല്‍കിയ ഉറപ്പ്. എന്നാല്‍ ഈ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് മാത്രമല്ല നഗരസഭ വാടക നിയമങ്ങള്‍ ലംഘിക്കുകയാണെന്നും വ്യാപാരികള്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ ഡെപ്പോസിറ്റ് തുക 15 ലക്ഷം രൂപയായതിനാല്‍ കട മുറികള്‍ ആരും ലേലത്തില്‍ ഏറ്റെടുത്തിരുന്നില്ല. പിന്നീട് ബൈലോയില്‍ മാറ്റം വരുത്താന്‍ നഗരസഭ കൗണ്‍സിലിന് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.


ബസുകളില്ലാത്ത ബസ്സ്റ്റാന്റ്

2019 ഫെബ്രുവരി 22നാണ് കോടികള്‍ മുടക്കി നിര്‍മ്മിച്ച ആലാമിപ്പള്ളി ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം നടത്തി എന്നതൊഴിച്ചാല്‍ ബസുകള്‍ ഇല്ലാത്ത ബസ്സ്റ്റാന്റായി മാറുകയായിരുന്നു ആലാമിപ്പള്ളി ബസ്സ്റ്റാന്റ്. സര്‍ക്കാറിന്റെയും മറ്റ് സംഘടനകളുടെയും പരിപാടി നടത്താനുള്ള വേദിയായി ചുരുങ്ങി. പരിപാടി കഴിഞ്ഞാല്‍ പിന്നെ അടുത്ത പരിപാടിവരെ നിശ്ചലമാകും.

ഇടയ്ക്ക് സ്വകാര്യ-കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സ്റ്റാന്റിനകത്ത് പ്രവേശിച്ചിരുന്നുവെങ്കിലും പിന്നീട് അതും നിലച്ചു. സ്റ്റാന്റിനകത്ത് കയറിയാല്‍ സമയനഷ്ടം സംഭവിക്കുന്നു എന്നായിരുന്നു ബസുടമകളുടെ പരാതി. ബസ്സ്റ്റാന്റ് ഉദ്ഘാടനത്തിന് മുമ്പ് ചില സര്‍ക്കാര്‍ സ്ഥാപനങ്ങളെ ആലാമിപ്പള്ളിയിലേക്ക് മാറ്റാന്‍ ധാരണയുണ്ടായെങ്കിലും അത് നടന്നില്ല. കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആരംഭിച്ചാല്‍ ബസ്സ്റ്റാന്റ് സജീവമാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കടകള്‍ തുറക്കൂ... ബസ്സ്റ്റാന്റ് സജീവമാകും

ആലാമിപ്പള്ളി ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സില്‍ മുറികള്‍ വാടകക്കെടുത്തവര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതോടെ ബസ്സ്റ്റാന്റ് സജീവമാകുമെന്നും ആളുകള്‍ എത്തിത്തുടങ്ങുമെന്നും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത പറഞ്ഞു.

ആലാമിപ്പള്ളിയിലെ കടമുറികള്‍ എടുത്ത വ്യാപാരികള്‍ എഗ്രിമെന്റ് അംഗീകരിച്ചതാണ്. ബസ് സ്റ്റാന്റുമായി നിലനില്‍ക്കുന്ന പ്രധാന പ്രശ്‌നം ബസുകള്‍ സ്റ്റാന്റില്‍ കയറി നില്‍ക്കുന്നില്ല എന്നതാണ്. ട്രാഫിക് എസ്.ഐ, പൊലീസ് എന്നിവരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. ബസുകള്‍ക്ക് രണ്ട് ട്രിപ്പുകള്‍ക്കിടയില്‍ സ്റ്റാന്റിലേക്ക് കയറാന്‍ സമയം കിട്ടാത്ത പ്രശ്‌നമുണ്ട്. ഇത് ട്രാഫിക് റെഗുലേഷന്‍ കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത് ഘട്ടംഘട്ടമായി പരിഹരിക്കും.

രണ്ട് ക്ഷേമനിധി ഓഫീസുകള്‍ ആലാമിപ്പള്ളിയില്‍ നിലവില്‍ വരാനുണ്ട്. അതോടെ ആളുകള്‍ എത്തിത്തുടങ്ങും. മുറികള്‍ ലേലത്തിനെടുത്ത വ്യാപാരികള്‍ എല്ലാവരും മുറികളുടെ പ്രവര്‍ത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. ശുചിമുറി വൃത്തിയാക്കിയെങ്കിലും സുരക്ഷാ ജീവനക്കാരന്‍ ഇല്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധര്‍ കയറി നശിപ്പിക്കുകയും വൃത്തിഹീനമാക്കുകയും ചെയ്യുന്ന പ്രശ്നമുണ്ട്. ഇതിന് പരിഹാരം കണ്ടെത്തും.

-കെ.വി. സുജാത, നഗരസഭാ ചെയര്‍പേഴ്‌സണ്‍




ബസ് കയറിയാല്‍ മാത്രമേ ബസ്സ്റ്റാന്റ് സജീവമാകൂ

രണ്ട് മുറികള്‍ക്കായി ഒമ്പത് ലക്ഷം രൂപയാണ് ഡെപ്പോസിറ്റ് ചെയ്തത്. ബസുകള്‍ സ്റ്റാന്റില്‍ കയറി കുറച്ച് നേരം നില്‍ക്കണമെന്നായിരുന്നു ആവശ്യം. ഇത് ജൂണ്‍ മാസത്തോടെ പരിഹരിക്കാം എന്നായിരുന്നു മറുപടി. എന്നാല്‍ ഇപ്പോഴും ബസ് കയറുന്നില്ല. ബസ് കയറിയാല്‍ മാത്രമേ ജനങ്ങള്‍ ഉണ്ടാവൂ, ബസ്സ്റ്റാന്റ് സജീവമാകൂ. ബസ് നിര്‍ത്തുന്നതിന് ഹോം ഗാര്‍ഡിനെ നിര്‍ത്താം എന്നൊക്കെ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ലൈറ്റ് സംവിധാനം ഒരുക്കിത്തന്നിരുന്നു. ശുചിമുറി വൃത്തിഹീനമായിരിക്കുകയാണ്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാമെന്ന് പറഞ്ഞ് രണ്ടാഴ്ചയായി.

-അബ്ദുല്‍ റഷീദ്, വ്യാപാരി







നിധീഷ് ബാലന്‍
നിധീഷ് ബാലന്‍ - ഓണ്‍ലൈന്‍ എഡിറ്റര്‍, ഉത്തരദേശം ഓണ്‍ലൈന്‍  
Related Articles
Next Story
Share it