കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷയായി സി.പി.എമ്മിലെ കെ.വി. സുജാതയും നീലേശ്വരം നഗരസഭാ അധ്യക്ഷയായി സി.പി.എമ്മിലെ തന്നെ ടി.വി. ശാന്തയും അധികാരമേറ്റു. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ കൗണ്‍സില്‍ ഹാളുകളില്‍ നടന്ന വോട്ടെടുപ്പിന് ശേഷമാണ് ഇരുവരും സ്ഥാനമേറ്റത്. കാഞ്ഞങ്ങാട്ട് മുസ്ലിം ലീഗിലെ രണ്ട് അംഗങ്ങലുടെ വോട്ട് ഇടത് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ചര്‍ച്ചയായി. ലീഗിലെ ഒരംഗത്തിന്റെയും ബി.ജെ.പി.യിലെ മൂന്ന് അംഗങ്ങളുടെയും വോട്ടുകള്‍ അസാധുവായി.
കാഞ്ഞങ്ങാട്ട് ടി.കെ. സുമയ്യയും ബി.ജെ.പിയിലെ വന്ദനാ ഹെഗ്ഡെയുമായിരുന്നു എതിര് സ്ഥാനാര്‍ത്ഥികള്‍. നീലേശ്വരത്ത് യു.ഡി.എഫിലെ പി. ബിന്ദു എതിര് സ്ഥാനാര്‍ത്ഥിയായി.
ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപികയായിരിക്കെയാണ് സുജാത തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. മാണിയാട്ടെ പരേതനായ തമ്പാന്റെയും തമ്പായിയുടെയും രണ്ടു മക്കളില്‍ മൂത്തയാളാണ്. റിട്ട. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കുഞ്ഞമ്പുവാണ് ഭര്‍ത്താവ്. ഇറിഗേഷന്‍ വകുപ്പില്‍ ക്ലര്‍ക്കായ അശ്വിന്, കോഴിക്കോട് ബീച്ച് ആസ്പത്രിയിലെ ഡേ. അശ്വേത എന്നിവര്‍ മക്കളാണ്. കെ.എസ്.ടി.എ. ജില്ലാ ജോ. സെക്രട്ടറി, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വാഗ്മിയും സംഘാടകയുമാണ്. കഴിഞ്ഞ മുനിസിപ്പല്‍ കൗണ്‍സിലില്‍ ആസൂത്രണ സമിതി അംഗമായിരുന്നു.
നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ടി.വി. ശാന്ത 1995ല്‍ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. 2000ല്‍ നീലേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി. 2010ല്‍ നഗരസഭാ ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും പിന്നീട് വൈസ് ചെയര്‍പേഴ്സണുമായി. സി.പി.എം. നീലേശ്വരം ഏരിയാകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ വൈസ് പ്രസിഡണ്ടുമാണ്.