കയ്യൂരോര്‍മ്മയില്‍ മുളിയാറിലെ കല്യാണിയമ്മ

ഈയടുത്ത ദിവസം ഒരു സൗഹൃദ സന്ദര്‍ശനത്തിനായി ശംബു പണിക്കരുടെ വീട്ടില്‍ പോയി വരാന്തയിലിരുന്നപ്പോള്‍ അകത്തുനിന്നും പതിയെ ഊന്നുവടിയുമായി തൂവെള്ള വസ്ത്രവും ധരിച്ചു ഇളം പുഞ്ചിരിയുമായി അമ്മ കല്ല്യാണിയമ്മ പുറത്തിറങ്ങി. സ്‌നേഹവും സാന്ത്വനവും നിറഞ്ഞ ഹൃദ്യമായ പെരുമാറ്റം. പതിഞ്ഞ സ്വരത്തിലുള്ള നിഷ്‌കളങ്കമായ സംസാരം. കയ്യൂരിന്റെ മകളാണല്ലോ എന്ന് കരുതി കയ്യൂര്‍ സമരകാലത്തെ കുറിച്ച് തന്നെയായി വര്‍ത്തമാനങ്ങള്‍. മുഖത്ത് ഗൗരവത്തിന്റെ നിഴലാട്ടം പടര്‍ന്നു. കയ്യൂരോര്‍മ്മയുടെ പോരും പൊരുളും ഇന്നും മായാതെ സൂക്ഷിക്കുന്ന ചീറംകോട്ടെ പരേതനായ കൃഷ്ണന്‍ പെരുമലയന്റെ സഹധര്‍മ്മിണി കല്ല്യാണി […]

ഈയടുത്ത ദിവസം ഒരു സൗഹൃദ സന്ദര്‍ശനത്തിനായി ശംബു പണിക്കരുടെ വീട്ടില്‍ പോയി വരാന്തയിലിരുന്നപ്പോള്‍ അകത്തുനിന്നും പതിയെ ഊന്നുവടിയുമായി തൂവെള്ള വസ്ത്രവും ധരിച്ചു ഇളം പുഞ്ചിരിയുമായി അമ്മ കല്ല്യാണിയമ്മ പുറത്തിറങ്ങി. സ്‌നേഹവും സാന്ത്വനവും നിറഞ്ഞ ഹൃദ്യമായ പെരുമാറ്റം. പതിഞ്ഞ സ്വരത്തിലുള്ള നിഷ്‌കളങ്കമായ സംസാരം. കയ്യൂരിന്റെ മകളാണല്ലോ എന്ന് കരുതി കയ്യൂര്‍ സമരകാലത്തെ കുറിച്ച് തന്നെയായി വര്‍ത്തമാനങ്ങള്‍. മുഖത്ത് ഗൗരവത്തിന്റെ നിഴലാട്ടം പടര്‍ന്നു.
കയ്യൂരോര്‍മ്മയുടെ പോരും പൊരുളും ഇന്നും മായാതെ സൂക്ഷിക്കുന്ന ചീറംകോട്ടെ പരേതനായ കൃഷ്ണന്‍ പെരുമലയന്റെ സഹധര്‍മ്മിണി കല്ല്യാണി അമ്മ മുളിയാര്‍ ചീറംകോട്ടാണ് താമസം. ജന്മിത്വത്തിനും മുതലാളിത്തത്തിനും എതിരായ ഒരു ജനതയുടെ ചെറുത്തുനില്‍പ്പിന്റെ ഉജ്ജ്വലമായ ചരിത്രാധ്യായമായ കയ്യൂര്‍ എന്നും നമ്മിലെ രണസ്മരണകളെ ത്രസിപ്പിക്കുന്നു. അന്യായമായ പിരിവുകള്‍ക്കും ദൈവദത്തമായ അവകാശങ്ങള്‍ക്കുമെതിരെ കര്‍ഷക ജനത നടത്തിയ പ്രക്ഷോഭ സമര ചരിത്രത്തിലെ വര്‍ണ്ണാഭമായ ഒരു പേജ് കൂടിയാണ് കര്‍ഷകസമരം. ഡല്‍ഹിയില്‍ കര്‍ഷകര്‍ അവരുടെ അവകാശങ്ങള്‍ക്കായി അരയും തലയും വയറും മുറുക്കി പോരാടുന്ന സാഹചര്യം കൂട്ടി വായിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.1940കള്‍ വരെ മറ്റേതൊരു ഇന്ത്യന്‍ ഗ്രാമത്തെ പോലെയായിരുന്നു കയ്യൂരും. കയ്യൂര്‍ സമരത്തിലൂടെ ലോകത്തിലെ വിമോചന സമരങ്ങളുടെ ഭൂപടത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗ്രാമമായി കയ്യൂര്‍ മാറുകയായിരുന്നു. നീലേശ്വരം കോവിലകത്തിന്റേതായിരുന്നു ഭൂമി അധികവും. യുദ്ധകാല കെടുതികളില്‍ പൊറുതിമുട്ടിയ ഗ്രാമത്തില്‍ കര്‍ഷകര്‍ കൊടിയ വിഷമത്തിലും ദാരിദ്ര്യത്തിലുമായിരുന്നു.
ഗവണ്‍മെന്റിന്റെ യുദ്ധകാലത്തെ ഭീകരഭരണത്തിനെതിരായി 1941 മാര്‍ച്ച് 12ന് ഒരു ജാഥ കയ്യൂരില്‍ നടക്കുകയുണ്ടായി. ഈ ജാഥയില്‍ പങ്കെടുത്തവരെ മൃഗീയമായി മര്‍ദ്ദിക്കുകയായിരുന്നു ഭരണകൂടം ചെയ്തത്. മാര്‍ച്ച് 28ന് മര്‍ദ്ദനത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് ജാഥയും പൊതുയോഗവും നടത്താന്‍ കര്‍ഷകസംഘം തീരുമാനിച്ചു. ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍, വി.വി കുഞ്ഞമ്പു, അബുബക്കര്‍ എന്നിവര്‍ നയിച്ച ജാഥയില്‍ 200ല്‍ പരം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ജാഥ കടന്നുപോയ വഴിയരികിലെ പീടികയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ സുബ്രായനെ കണ്ടപ്പോള്‍ ജാഥ അംഗങ്ങള്‍ ആവേശത്തോടെ മുദ്രാവാക്യം വിളിക്കുകയും നേരത്തെ നടന്ന പൊലീസ് അക്രമത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന അദ്ദേഹത്തെ ജാഥയില്‍ പിടിച്ചു നിര്‍ത്തി.
ജാഥ കാര്യങ്കോട് പുഴയുടെ എടത്തിന്‍ കടവില്‍ എത്തിയപ്പോള്‍ സുബ്രായന്‍ നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി കയ്യിലുള്ള കൊടി കെട്ടിയ വടി കൊണ്ട് മുമ്പില്‍ നടന്നിരുന്ന പാലായി കൊട്ടനെ അടിക്കുകയും വഴിയിലൂടെ ഓടുകയും ചെയ്തു.
പ്രസ്തുത വഴിയുടെ എതിര്‍ ഭാഗത്തു നിന്ന് പൊടോര കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ വന്ന ചെറിയ സംഘത്തില്‍ മുന്നില്‍ അകപ്പെടുകയും ചെയ്തു. മുന്നിലും പിന്നിലും ഉണ്ടായിരുന്ന വളണ്ടിയര്‍മാരുടെ ഇടയില്‍ നിന്ന് രക്ഷപ്പെടാന്‍ സുബ്രായന്‍ പുഴയില്‍ ചാടി. യൂണിഫോമിലായിരുന്ന പൊലീസുകാരനെ ജനക്കൂട്ടം കല്ലെറിഞ്ഞതോടെ സുബ്രായന്‍ വെള്ളത്തില്‍ താണു മരിച്ചു.
കയ്യൂരിലെ അമ്പു അള്ളഡോന്റെയും കല്ല്യാണി അമ്മയുടേയും മകളായ കല്ല്യാണിയമ്മ ഭര്‍ത്താവ് കൃഷ്ണന്‍ പെരുമലയന്റെ കൂടെ തെയ്യം കെട്ടിന് പോകാറുണ്ടായിരുന്നു. തെയ്യത്തിന്റെ അനുഷ്ഠനപരമായ ചടങ്ങുകള്‍ കല്ല്യാണി ചേച്ചിക്ക് ഏറെക്കുറെ അറിയാം. കൃഷ്ണന്‍ പെരുമലയന്റെ ഓരോ തെയ്യം കെട്ട് യാത്രയിലും കൂടെ നടന്ന അവര്‍ ഭാര്യാഭര്‍തൃ ബന്ധത്തിന്റെ സുദൃഡ ഭാവം ഉള്‍ക്കൊണ്ട വനിതയാണ്. തെയ്യം കെട്ടുകാരുടെ വറുതിയും പൊറുതിയും അനുഭവിച്ചറിഞ്ഞ അവര്‍ നാട്ടുകാരുടെ സ്‌നേഹവും സ്‌നേഹവായ്പ്പും അനുഭവിച്ചറിഞ്ഞവരാണ്.
കയ്യൂര്‍ സമരത്തില്‍ സുബ്ബരായന്‍ മരിക്കുന്ന സമയത്ത് കല്ല്യാണി ചേച്ചിക്ക് ഏഴ് വയസ്സായിരുന്നു. കുട്ടികള്‍ കുളിച്ചു തേജസ്വിനി പുഴയില്‍ കളിക്കുമ്പോഴാണ് സുബ്ബരായന്‍ പൊലീസ് വെള്ളത്തില്‍ വീണ് മരിച്ച കാര്യം അവര്‍ അറിയുന്നത്. കയ്യൂരിലെ പുഴയോരത്തുകൂടെ കടന്നുപോയ ജാഥയിലെ ആള്‍ക്കാര്‍ പുഴയില്‍ തള്ളിയിട്ട് കല്ലെറിഞ്ഞു കൊന്നതാണെന്നാണ് ബ്രിട്ടീഷു സര്‍ക്കാറിന്റെ പിണിയാളുകള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇരുന്നൂറില്‍ പരം ആളുകള്‍ പങ്കെടുത്ത ജാഥയെ കണ്ട് തന്നെ ആക്രമിക്കാനായിരിക്കും ഇവരുടെ വരവ് എന്ന് കരുതി രക്ഷപ്പെടാനായി വെള്ളത്തിലേക്ക് എടുത്തുചാടിയാണ് സുബ്ബരായന്‍ മരിച്ചതെന്നാണ് മറുവാദം. നാടു മുഴുവന്‍ അരിച്ചുപെറുക്കി കര്‍ഷകസംഘം പ്രവര്‍ത്തകരെ തിരഞ്ഞുനടന്ന പൊലീസില്‍ നിന്നും രക്ഷ നേടാനായി ഒളിച്ചുനിന്ന പ്രവര്‍ത്തകരെ രക്ഷിച്ചത് അന്നത്തെ പോരാട്ട വീര്യമുള്ള അമ്മമാരായിരുന്നു.
കയ്യൂര്‍ സമരത്തിന്റെ ഭാഗമായി തൂക്കിലേറ്റിയ പൊടോര കുഞ്ഞമ്പു നായര്‍, മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പള്ളിക്കല്‍ അബൂബക്കര്‍ എന്നിവരെ കുറിച്ച് നേരിയ ഒരോര്‍മ്മ മാത്രമേ അവര്‍ക്കുള്ളൂ. അവരുടെ രൂപവും ഭാവവും പറഞ്ഞുകേട്ടതുകൊണ്ട് നിഴലനക്കം പോലെയുള്ള ഒരോര്‍മ്മ അവരുടെ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. ഇത്രയും ചരിത്രപ്രാധാന്യമുള്ള സ്ഥലത്തിന്റെ മകളാണ് താനെന്നതില്‍ അവര്‍ക്കിപ്പോഴും അഭിമാനബോധമുണ്ട്. അതവരുടെ വാക്കിലും നോക്കിലും സ്ഫുരിച്ചുനില്‍ക്കുന്നുണ്ട്. കയ്യൂര്‍ സമരത്തിന്റെ സഹനവും പീഡനവും പേറി എത്രയോ കുടുംബങ്ങള്‍ അവിടെ നിന്നും താമസം മാറി പോയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷുകാരാല്‍ പോലും ആരാധിക്കപ്പെടുന്ന കവിയും പേരുകേട്ട തെയ്യക്കാരനുമായ അമ്പു അള്ളടോന് അവിടം വിടാന്‍ മനസ്സുവന്നില്ല. ചാമുണ്ഡിയുടെ വലിയ മുടി വെച്ചു കെട്ടിയ അള്ളടോനെ ബ്രിട്ടീഷുകാര്‍ക്കുപോലും ആദരവായിരുന്നു. പൂരക്കളിപ്പാട്ട്, രാഷ്ട്രീയഗാനം എന്നിവയൊക്കെ അദ്ദേഹം എഴുതിയിരുന്നു.
എ.കെ.ജി, കെ.പി.ആര്‍ ഗോപാലന്‍, ഇ.കെ നായനാര്‍, വി.വി കുഞ്ഞമ്പു എന്നിവരെയൊക്കെ കണ്ട ഓര്‍മ്മകള്‍ കല്ല്യാണിയമ്മയുടെ മുഖത്ത് അത്യപൂര്‍വ്വമായ വിസ്മയം തീര്‍ത്തിരുന്നു. മഠത്തിലപ്പുവിന്റെ വീടൊക്കെ പൊലീസുകാര്‍ നശിപ്പിച്ചു. കല്ല്യാണിയമ്മയുടെ അമ്മാവന്‍ കണാരനെ വലിയ കുട്ടയില്‍ അച്ഛനെ അനുകരിച്ചു കല്ല്യാണിയമ്മ മന്ത്രവാദങ്ങള്‍ പഠിച്ചിരുന്നു. നീലേശ്വരം തെക്കേ കോവിലകത്തെ ആനക്ക് കണ്ണേറ് കഴിപ്പിച്ചു. അതുപോലെ മുളിയാറിലെയും പരിസര പ്രദേശത്തേയും പലര്‍ക്കും തച്ചുമന്ത്രം, കണ്ണേറ് എന്നിവയൊക്കെ അവര്‍ ചെയ്തിരുന്നു. ഇപ്പോള്‍ പ്രായാധിക്യത്താല്‍ അത്തരം കാര്യങ്ങളില്‍ അധികം ഇടപെടാറില്ല. കൃഷ്ണപ്പാട്ട്, രാമായണകഥകള്‍, മറ്റുപുരാണ കഥകള്‍ എന്നിവ അവര്‍ നേരത്തേ വായിച്ചിരുന്നു. തെയ്യവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ സഹായിക്കുകയും അണിയറയില്‍ തെയ്യത്തിന് പൂ കെട്ടുകയും ഭക്ഷണം ഉണ്ടാക്കുകയും ചെയ്തിരുന്നു. 1992 ല്‍ തെയ്യത്തിലെ പെരുന്തച്ചനായ ഭര്‍ത്താവ് കൃഷ്ണന്‍ പെരുമലയന്‍ മരിച്ചു.കോഴിക്കോട് ജില്ലാ പോസ്റ്റല്‍ സൂപ്രണ്ടായി വിരമിച്ച സുധാമന്‍,ഗീത,പ്രേമന്‍,പേരുകേട്ട തെയ്യക്കാരനുംമുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ ശംബു പണിക്കര്‍,സര്‍ക്കാര്‍ ജീവനക്കാരനായ മനോഹരന്‍ എന്നിവരാണ് അവരുടെ മക്കള്‍.

Related Articles
Next Story
Share it