കൊച്ചി: കലൂരില്‍ സംഗീത നിശക്കിടെ പെണ്‍കുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കാസര്‍കോട് കട്ടത്തടുക്ക സ്വദേശി മുഹമ്മദ് ഹസനെ കൊച്ചിയിലെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി മൈസൂരുവില്‍ നിന്നാണ് പ്രതി പിടിയിലായത്. എറണാകുളം പള്ളരുത്തിയിലെ രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് മുഹമ്മദ് ഹസന്. രൂപംമാറി മുടിയും താടിയും മുറിച്ച് പെട്ടെന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധമാണ് ഇയാള്‍ മൈസൂരുവില്‍ കഴിഞ്ഞിരുന്നത്. കേസിലെ രണ്ടാം പ്രതികളായ തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണ്‍, സിദ്ദു, അഭിജിത്, മുഖ്യ പ്രതിയുടെ സഹോദരന് ഹുസൈന് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഭവത്തിന് ശേഷമാണ് മുഖ്യപ്രതി മൈസൂരുവിലേക്ക് കടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം. കലൂരില്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം സ്വകാര്യ കമ്പനി സംഘടിപ്പിച്ച സംഗീതനിശയില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയപ്പോള്‍ രാജേഷും സംഘടകരും ചോദ്യം ചെയ്യുകയും ഇവരെ പുറത്താക്കുകയും ചെയ്തു. പരിപാടി അവസാനിച്ചതിനു ശേഷം ഇവര്‍ സ്ഥലത്തെത്തി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും രാജേഷിനെ കുത്തുകയുമായിരുന്നു. തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാജേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കേസില്‍ മുഖ്യപ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കിയതായി പൊലീസ് പറഞ്ഞു.