കടിഞ്ഞിമൂല-മാട്ടുമ്മല്‍ കോട്ടപ്പുറം<br>റോഡ് പാലം; ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി

നീലേശ്വരം: നഗരസഭയിലെ തീരദേശ ജനങ്ങളുടെ ചിരകാല അഭിലാഷമായ കടിഞ്ഞിമൂല-മാട്ടുമ്മല്‍ കോട്ടപ്പുറം റോഡ്പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. 13,92,10,000 രൂപയുടെ എസ്റ്റിമേറ്റാണ് പാലത്തിന് വേണ്ടി പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം തയ്യാറാക്കിയിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണം അനുവദിച്ച പ്രസ്തുത പദ്ധതിയുടെ ഭരണാനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. കടിഞ്ഞിമൂല-മാട്ടുമ്മല്‍ കോട്ടപ്പുറം റോഡ് പാലം യാഥാര്‍ത്ഥ്യമാകുന്നതോടു കൂടി നീലേശ്വരം നഗരസഭയിലെ എട്ട് വാര്‍ഡുകളിലായി അധിവസിക്കുന്ന മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് നീലേശ്വരം നഗരവുമായി എളുപ്പത്തില്‍ ബന്ധപ്പെടുവാനും കോട്ടപ്പുറം അച്ചാംതുരുത്തി പാലം […]

നീലേശ്വരം: നഗരസഭയിലെ തീരദേശ ജനങ്ങളുടെ ചിരകാല അഭിലാഷമായ കടിഞ്ഞിമൂല-മാട്ടുമ്മല്‍ കോട്ടപ്പുറം റോഡ്പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. 13,92,10,000 രൂപയുടെ എസ്റ്റിമേറ്റാണ് പാലത്തിന് വേണ്ടി പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം തയ്യാറാക്കിയിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണം അനുവദിച്ച പ്രസ്തുത പദ്ധതിയുടെ ഭരണാനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. കടിഞ്ഞിമൂല-മാട്ടുമ്മല്‍ കോട്ടപ്പുറം റോഡ് പാലം യാഥാര്‍ത്ഥ്യമാകുന്നതോടു കൂടി നീലേശ്വരം നഗരസഭയിലെ എട്ട് വാര്‍ഡുകളിലായി അധിവസിക്കുന്ന മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് നീലേശ്വരം നഗരവുമായി എളുപ്പത്തില്‍ ബന്ധപ്പെടുവാനും കോട്ടപ്പുറം അച്ചാംതുരുത്തി പാലം വഴി പയ്യന്നൂര്‍ ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരുവാനും സാധിക്കും. എം.എല്‍.എ എം.രാജഗോപാലന്റെ പ്രത്യേക ഇടപെടല്‍ മൂലമാണ് വളരെ പെട്ടെന്ന് തന്നെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. നീലേശ്വരം നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി ചെയര്‍മാനും മാട്ടുമ്മല്‍ കൃഷ്ണന്‍ കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്ന പാലം നിര്‍മ്മാണ സഹായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലത്തിന് ആവശ്യമായ സമീപന റോഡിന്റെ കണ്‍സെന്റ് സ്ഥല ഉടമകളില്‍ നിന്നും ലഭ്യമാക്കിയിരുന്നു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ മഴക്കാലം കഴിയുന്നതോടു കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles
Next Story
Share it