കാദര്‍ ഹോട്ടല്‍ അഥവാ ദേര സബ്ക
ആ ഹോട്ടലിന്റെ പൊടിപോലുമില്ല ഇപ്പോള്‍. കാദര്‍ ഹാജിയും ജീവിച്ചിരിപ്പില്ല. എന്നാല്‍ ദുബായിലെ ഏറ്റവും തിരക്കേറിയ ദേര സബ്കയെ ഇപ്പോഴും പഴമക്കാര്‍ തിരിച്ചറിയുന്നത് കാദര്‍ ഹോട്ടല്‍ എന്നപേരിലാണ്. ദുബായ് നഗരത്തിന്റെ മര്‍മ്മ കേന്ദ്രത്തെ തന്റെ പേരിന്‍തുമ്പിലാക്കിയ കാദര്‍ ഹാജിയെ ഞാന്‍ ഒരു കൗതുകത്തിന് വേണ്ടി അന്വേഷിക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. മുമ്പൊരിക്കല്‍ ആദ്യം സുഹൃത്ത് പി.എ മജീദ് പള്ളിക്കാലും പിന്നീട് ഖാദര്‍ തെരുവത്തും വാട്‌സ്ആപ്പില്‍ അയച്ചു തന്ന പഴയ ഒരു ഫോട്ടോയാണ് ഈ അന്വേഷണത്തിന് എന്നില്‍ താല്‍പ്പര്യം ജനിപ്പിച്ചത്. […]
ആ ഹോട്ടലിന്റെ പൊടിപോലുമില്ല ഇപ്പോള്‍. കാദര്‍ ഹാജിയും ജീവിച്ചിരിപ്പില്ല. എന്നാല്‍ ദുബായിലെ ഏറ്റവും തിരക്കേറിയ ദേര സബ്കയെ ഇപ്പോഴും പഴമക്കാര്‍ തിരിച്ചറിയുന്നത് കാദര്‍ ഹോട്ടല്‍ എന്നപേരിലാണ്. ദുബായ് നഗരത്തിന്റെ മര്‍മ്മ കേന്ദ്രത്തെ തന്റെ പേരിന്‍തുമ്പിലാക്കിയ കാദര്‍ ഹാജിയെ ഞാന്‍ ഒരു കൗതുകത്തിന് വേണ്ടി അന്വേഷിക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. മുമ്പൊരിക്കല്‍ ആദ്യം സുഹൃത്ത് പി.എ മജീദ് പള്ളിക്കാലും പിന്നീട് ഖാദര്‍ തെരുവത്തും വാട്‌സ്ആപ്പില്‍ അയച്ചു തന്ന പഴയ ഒരു ഫോട്ടോയാണ് ഈ അന്വേഷണത്തിന് എന്നില്‍ താല്‍പ്പര്യം ജനിപ്പിച്ചത്. […]
ആ ഹോട്ടലിന്റെ പൊടിപോലുമില്ല ഇപ്പോള്‍. കാദര്‍ ഹാജിയും ജീവിച്ചിരിപ്പില്ല. എന്നാല്‍ ദുബായിലെ ഏറ്റവും തിരക്കേറിയ ദേര സബ്കയെ ഇപ്പോഴും പഴമക്കാര്‍ തിരിച്ചറിയുന്നത് കാദര്‍ ഹോട്ടല്‍ എന്നപേരിലാണ്.
ദുബായ് നഗരത്തിന്റെ മര്‍മ്മ കേന്ദ്രത്തെ തന്റെ പേരിന്‍തുമ്പിലാക്കിയ കാദര്‍ ഹാജിയെ ഞാന്‍ ഒരു കൗതുകത്തിന് വേണ്ടി അന്വേഷിക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. മുമ്പൊരിക്കല്‍ ആദ്യം സുഹൃത്ത് പി.എ മജീദ് പള്ളിക്കാലും പിന്നീട് ഖാദര്‍ തെരുവത്തും വാട്‌സ്ആപ്പില്‍ അയച്ചു തന്ന പഴയ ഒരു ഫോട്ടോയാണ് ഈ അന്വേഷണത്തിന് എന്നില്‍ താല്‍പ്പര്യം ജനിപ്പിച്ചത്. ഫോട്ടോയുടെ അടിക്കുറിപ്പ് 'പഴയ കാദര്‍ ഹോട്ടല്‍' എന്നായിരുന്നു. 1978ല്‍ പകര്‍ത്തിയ ഫോട്ടോയാണത്. എന്നാല്‍ ഫോട്ടോയില്‍ കാദര്‍ ഹോട്ടല്‍ എന്ന നെയിം ബോര്‍ഡ് കാണുന്നില്ല. തിരക്കിയപ്പോള്‍ ഖാദര്‍ തെരുവത്താണ് പറഞ്ഞത്; ഇത് ദേര സബ്കയുടെ പഴയ ഫോട്ടോയാണെന്നും ഈ കവല പതിറ്റാണ്ടുകളായി അറിയപ്പെടുന്നത് കാദര്‍ ഹോട്ടല്‍ എന്ന പേരിലാണെന്നും.
ആരാണീ കാദര്‍?
എന്റെ അന്വേഷണം ചെന്നെത്തിയത് കണ്ണൂര്‍ ജില്ലയിലെ മയ്യിലിലാണ്. അയല്‍വാസിയായ റഫീഖ് ത്രീസ്റ്റാറിന്റെ അമ്മാവന്‍ മജീദാണ് കാദര്‍ ഹാജിയുടെ വീട് കണ്ണൂരിലെ മയ്യിലിലാണെന്ന് എന്നോട് പറഞ്ഞത്. മജീദും കാദര്‍ ഹാജിയും സുഹൃത്തുക്കളായിരുന്നു. ഞാന്‍ നേരത്തെ ഉത്തരദേശത്തില്‍ ജോലി ചെയ്തിരുന്ന മനോജ് മയ്യിലിന്റെ സഹായം തേടി. മനോജാണ് തേടിപ്പിടിച്ച് കാദര്‍ ഹാജിയുടെ മകന്‍ ഗുലാം അബ്ദുല്‍ഖാദറിന്റെ ഫോണ്‍ നമ്പര്‍ തന്നത്.
കാദര്‍ ഹാജി ഒരു കാലത്ത് ദുബായില്‍ എത്തുന്നവര്‍ക്കെല്ലാം അത്ഭുതമായിരുന്നു. ഒരു നാടോടിക്കഥ പോലെ അതിശയത്തോടെ വായിക്കേണ്ട ഒരു ജീവിതമാണ് അദ്ദേഹത്തിന്റേത്. കണ്ണൂരില്‍ നിന്ന് പന്ത്രണ്ടാമത്തെ വയസില്‍ നാടുവിട്ട കാദര്‍ എന്ന അബ്ദുല്‍ കാദര്‍ ആദ്യം എത്തിയത് കറാച്ചിയിലാണ്. അവിടെ കറങ്ങിത്തിരിച്ച് ദുബായില്‍ എത്തുമ്പോഴേക്കും ഹോട്ടല്‍ പണിയും തികഞ്ഞ ആത്മ വിശ്വാസവും മാത്രമാണ് കൈമുതലായി ഉണ്ടായിരുന്നത്. 1960കളുടെ തുടക്കത്തിലായിരുന്നു ഇത്. യു.എ.ഇ. രൂപം കൊള്ളുന്നതിനും ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു കാദറിന്റെ വരവ്. ദുബായ് അന്ന് ഇന്നത്തെ പോലെ ലോകത്തോളം വളര്‍ന്നിട്ടില്ല. എയര്‍കണ്ടീഷണറോ ഫാനോ ഇല്ല. മണ്‍കട്ടകളില്‍ നിര്‍മ്മിച്ച ചെറിയ കെട്ടിടങ്ങള്‍ മാത്രം. അംബരചുംബികളൊന്നും അന്ന് സ്വപ്‌നത്തില്‍പോലുമുണ്ടായിരുന്നില്ല. ഒട്ടകത്തില്‍ മലയിറങ്ങി വരുന്ന ബദുക്കളെ കാത്തിരിക്കേണ്ടിവന്നിരുന്നു അന്ന് കുടിവെള്ളത്തിന്. റിംഗിട്ട കിണറുകളില്‍ ഇറങ്ങിയാണ് കുളിച്ചിരുന്നത്. അങ്ങനെയൊരു കാലത്താണ് കാദര്‍ ദുബായില്‍ കാലുകുത്തുന്നത്.
ഇന്നത്തെ പോലെ മിനിട്ടുകള്‍ക്കിടയില്‍ പരുന്തുകള്‍പോലെ വിമാനങ്ങള്‍ പറന്നിറങ്ങിയിരുന്ന കാലമല്ല. ജനങ്ങള്‍ വളരെ കുറവായിരുന്നു. എങ്കിലും കാദര്‍ ദേരയില്‍ ചെറിയൊരു മുറുക്കാന്‍ കട തുടങ്ങി. ബീഡിയും പുകയിലയും മറ്റു അല്ലറ ചില്ലറ സാധനങ്ങളും വില്‍ക്കുന്ന ചെറിയൊരു കട. പകല്‍ മുഴുവനും വിജനമാണ്. എന്നാല്‍ സന്ധ്യയാകുമ്പോള്‍ ഇന്ത്യക്കാരും പാക്കിസ്താനികളും ഒക്കെ കാദറിന്റെ മുറുക്കാന്‍ കടക്ക് ചുറ്റും കൂടും. അവിടെയിരുന്ന് അവര്‍ നാട്ടുവര്‍ത്തമാനങ്ങള്‍ പങ്കുവെക്കും. പോസ്റ്റ് സര്‍വ്വീസിന്റെ വരവോടെ കാദര്‍ ഒരു പോസ്റ്റ് ബോക്‌സ് സ്വന്തമാക്കി. പലര്‍ക്കും നാട്ടില്‍ നിന്ന് കത്തുകള്‍ വന്നിരുന്നത് ഈ പോസ്റ്റ് ബോക്‌സ് നമ്പറിലേക്കാണ്. അതും ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍. ഖാദറിന്റെ മുറുക്കാന്‍ കട അവിടെ എത്തുന്നവര്‍ക്ക് സൊറപറയാനും നാട്ടു വിശേഷം കൈമാറാനും ജോലി അന്വേഷിക്കാനുമൊക്കെയുള്ള ഒരു താവളമായി മാറി. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ സമീപത്തുണ്ടായിരുന്ന ഒരു മക്കാനി കാദര്‍ വിലയ്ക്ക് വാങ്ങി. ചായയും പലഹാരവും വില്‍പ്പന തുടങ്ങി. ആയിഷാ റെസ്റ്റോറന്റ് എന്ന പേരുമിട്ടു (ഹോട്ടലിന് ആയിഷ റെസ്റ്റോറന്റ് എന്നാണ് പേരെങ്കിലും അവിടെ എത്തുന്ന എല്ലാവരും വിളിച്ചിരുന്നത് കാദര്‍ ഹോട്ടല്‍ എന്നായിരുന്നു).
കാലം പോകുന്തോറും കാദര്‍ ഹോട്ടല്‍ ഒരു പ്രധാന കവലയായി വളര്‍ന്നു. എന്നും സന്ധ്യാനേരങ്ങളില്‍ ഇവിടെ ജനക്കൂട്ടം നിറയും. 'കാദര്‍ ഹോട്ടലില്‍ കാണാം' എന്നു പറഞ്ഞാല്‍ സുഹൃത്തുക്കള്‍ ഇവിടെ തേടിയെത്തും. അക്കാലത്ത് ദുബായില്‍ എത്തുന്നവര്‍ക്കെല്ലാം അത്താണിയായിരുന്നു കാദറിന്റെ ഹോട്ടല്‍. ജോലി ഇല്ലാത്തവരും ജോലി നഷ്ടപ്പെട്ട് കഷ്ടപ്പെടുന്നവരുമൊക്കെ ഇവിടെയെത്തും. എല്ലാവര്‍ക്കും ഉറപ്പുണ്ട്. ഒരു വഴി ഇവിടെ നിന്ന് ഉരുത്തിരിഞ്ഞ് വരുമെന്ന്. വയറു നിറയെ ഭക്ഷണവും മനസു നിറയെ ഉപദേശവും ഇവിടെ നിന്ന് കിട്ടുമായിരുന്നു.
ജനക്കൂട്ടം പിന്നെയും വളര്‍ന്നതോടെ കാദര്‍ ഹോട്ടലിലെ ബിസിനസും വളര്‍ന്നു. നിന്ന് തിരിയാന്‍ ഇടമില്ലാതെയായി. കാദര്‍ ഹോട്ടലിലെ മട്ടന്‍ കറിയുടെ സ്വാദ് ദുബായ് ആകെ പരന്നു. കാദറും വളര്‍ന്നു. അദ്ദേഹം ജനങ്ങള്‍ക്ക് കാദര്‍ ഹാജിയും കാദര്‍ ഭായിയും കാദര്‍ സേട്ടുവുമൊക്കെയായി. ആദ്യമായി ദുബായില്‍ എത്തുന്നവര്‍ക്ക് കാദര്‍ ശരിക്കും ഒരു ആശ്രയം തന്നെയായി. ചെറുകിട ബിസിനസുകാരൊക്കെ കാദറിന്റെ ഉപദേശം തേടി നിരനിന്നു. സബ്ക പിന്നെയും വളര്‍ന്നുവെങ്കിലും അത് മലയാളിയായ ഒരു മനുഷ്യന്റെ പേരിന്‍ തുമ്പത്ത് തന്നെ തിളങ്ങി. കാദര്‍ ഇലക്‌ട്രോണിക്‌സ്, ടെക്‌സ്റ്റെയില്‍, ജ്വല്ലറി, ജനറല്‍ സ്റ്റോര്‍സ് മേഖലകളിലും കൈവെച്ചു. അബുദാബിയിലും ദുബായുടെ വിവിധ ഭാഗങ്ങളിലും കച്ചവട സ്ഥാപനങ്ങളുമായി വന്‍ കുതിപ്പ് തന്നെയായിരുന്നു പിന്നെ. യു.എ.ഇ യിലെ പ്രമുഖ വ്യവസായിയായി അദ്ദേഹം വളര്‍ന്നു. എന്നാല്‍ എണ്‍പതുകളുടെ മധ്യത്തില്‍ അദ്ദേഹത്തിന് ദുബായ് വിട്ട് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. കുതിപ്പ് പോലെ തന്നെ ഇറക്കത്തിന്റെ കാലവും ഈ കാലത്തിനുള്ളില്‍ ആരംഭിച്ചിരുന്നു. ഹോട്ടലിന് പുറമെ ആരംഭിച്ച ബിസിനസ് തുടക്കത്തില്‍ വളര്‍ന്നു പന്തലിച്ചുവെങ്കിലും ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ വരവോടെ വ്യാപാരം തലകുത്തി വീഴാന്‍ തുടങ്ങി. തന്റെ കയറ്റുമതി വ്യാപാരത്തെ സാരമായി ബാധിച്ചു. ചിലരുടെ ചതികളും കാദറിന് വിനയായി. എണ്‍പതുകളുടെ തുടക്കത്തില്‍ അറ്റകുറ്റപ്പണിക്കായി അടച്ചിട്ട ആയിഷാ റെസ്റ്റോറന്റ് പിന്നെ തുറന്നിട്ടില്ല. തീരാക്കടങ്ങളില്‍ മുങ്ങിയ അദ്ദേഹം സ്ഥാപനങ്ങളൊക്കെ വിറ്റാണ് കടം വീട്ടിയത്. വൈകാതെ അദ്ദേഹത്തിന് ദുബായിയോട് സലാം ചൊല്ലേണ്ടി വന്നു. നാട്ടില്‍ തിരിച്ചെത്തിയ കാദര്‍ ഏറെക്കാലം എറണാകുളം ജോസ് ജംഗ്ഷനില്‍ ഹോട്ടല്‍ വ്യാപാരം നടത്തിയിരുന്നുവെന്ന് മകന്‍ ഗുലാം അബ്ദുല്‍ കാദര്‍ പറഞ്ഞു. ബേക്കറിയുമുണ്ടായിരുന്നു. 1997 ആഗസ്ത് 15ന് കാദര്‍ മരണപ്പെട്ടു.
കാദറും കാദര്‍ ഹോട്ടലുമില്ലെങ്കിലും ദേര സബ്കയെ ഇന്ത്യക്കാരും പാകിസ്താനികളും ബംഗ്ലാദേശികളും അടക്കമുള്ളവര്‍ ഇന്നും അറിയപ്പെടുന്നത് കാദര്‍ ഹോട്ടല്‍ എന്ന പേരില്‍ തന്നെയാണ്. പഴമക്കാര്‍ക്കിടയില്‍ കാദര്‍ ഹോട്ടല്‍ ഇന്നും മായാതെ കിടക്കുന്നു. കാദര്‍ ഹോട്ടല്‍ നിലനിന്നിരുന്ന സ്ഥലത്ത് പിന്നീട് വിയന്ന ഹോട്ടല്‍ വന്നു. ഒരു ഭാഗത്ത് സബ്ക ബസ്സ്റ്റാന്റും.
ഇന്നും ദുബായിലെ ഇലക്‌ട്രോണിക്‌സ്-ടെക്‌സ്റ്റെയില്‍സ് കച്ചവടങ്ങളുടെ മുഖ്യകേന്ദ്രമാണ് കാദര്‍ ഹോട്ടല്‍ ഏരിയ.