വര്‍ണങ്ങളില്‍ വിസ്മയം തീര്‍ത്ത രാജകുമാരന്‍

കെ.പി വത്സരാജ്-ലോകത്തോളം വളര്‍ന്ന കാസര്‍കോടിന്റെ അഭിമാനം. വര്‍ണങ്ങളുടെ രാജകുമാരന്‍ ലോകപ്രശസ്ത ചിത്രകാരന്‍ കാനത്തൂരുകാരനായ കെ.പി. വത്സരാജിന്റെ ആകസ്മിക വിയോഗം നമ്മെയൊക്കെ തീവ്ര നഷ്ടത്തിലാക്കിയിരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട ചിത്രകാരന്‍ കുഞ്ഞമ്പു മാഷിന്റെ (സി.കെ. നായര്‍) പുത്രനാണദ്ദേഹം. വത്സരാജിന്റെ വിയോഗം കേരളീയ കലാകുടുംബത്തിന് മാത്രമല്ല, ഇന്ത്യന്‍ ചിത്രകലയ്ക്ക് മൊത്തമായിട്ടാണ് നഷ്ടം വരുത്തിയിരിക്കുന്നത്. അത്രയ്ക്ക് മൗലികതയും അസാമാന്യ പ്രതിഭയുമുള്ള ഒരു കലാകാരനായിരുന്നു വത്സരാജ്. 1992 മുതല്‍ അദ്ദേഹവുമായി ബന്ധമുണ്ട്. വളരെ അപൂര്‍വ്വമായേ കണ്ടിട്ടുള്ളൂ എങ്കിലും മൂന്ന് ദശകത്തിനിടയില്‍ അദ്ദേഹം സാക്ഷാത്കരിച്ച ചിത്രങ്ങള്‍ […]


കെ.പി വത്സരാജ്-ലോകത്തോളം വളര്‍ന്ന കാസര്‍കോടിന്റെ അഭിമാനം. വര്‍ണങ്ങളുടെ രാജകുമാരന്‍ ലോകപ്രശസ്ത ചിത്രകാരന്‍ കാനത്തൂരുകാരനായ കെ.പി. വത്സരാജിന്റെ ആകസ്മിക വിയോഗം നമ്മെയൊക്കെ തീവ്ര നഷ്ടത്തിലാക്കിയിരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട ചിത്രകാരന്‍ കുഞ്ഞമ്പു മാഷിന്റെ (സി.കെ. നായര്‍) പുത്രനാണദ്ദേഹം. വത്സരാജിന്റെ വിയോഗം കേരളീയ കലാകുടുംബത്തിന് മാത്രമല്ല, ഇന്ത്യന്‍ ചിത്രകലയ്ക്ക് മൊത്തമായിട്ടാണ് നഷ്ടം വരുത്തിയിരിക്കുന്നത്. അത്രയ്ക്ക് മൗലികതയും അസാമാന്യ പ്രതിഭയുമുള്ള ഒരു കലാകാരനായിരുന്നു വത്സരാജ്. 1992 മുതല്‍ അദ്ദേഹവുമായി ബന്ധമുണ്ട്. വളരെ അപൂര്‍വ്വമായേ കണ്ടിട്ടുള്ളൂ എങ്കിലും മൂന്ന് ദശകത്തിനിടയില്‍ അദ്ദേഹം സാക്ഷാത്കരിച്ച ചിത്രങ്ങള്‍ ചിലതെങ്കിലും കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. സംസാരിക്കുമ്പോള്‍ വലിയ അന്തര്‍മുഖത്വം അനുഭവപ്പെട്ടിട്ടുണ്ട്.
കലാകാരന്മാര്‍ പലപ്പോഴും പ്രഹേളികയായി മാറാറുണ്ട്. കലാകാരമാരുടെ അന്തര്‍മുഖത്വം പൊതുസ്വഭാവമാണെന്ന് പറയാമെങ്കിലും ഞാന്‍ ഏറ്റവുമേറെ പരിചയപ്പെട്ട ബഷീര്‍ നിരന്തരം സംസാരിച്ചു കൊണ്ട് ലോകത്തെ നേരിട്ട ഒരാളാണ്.
ബഷീറിന് സ്വതസിദ്ധമായ ഉപഹാസത്തിലൂടെ സംസാരിക്കുക എന്നത് ഒരു പ്രതിപ്രവര്‍ത്തനമായിരുന്നു. ലോകത്തെ നേരിടാനുള്ള കലാകാരന്റെ മാര്‍ഗങ്ങള്‍ പലതാണല്ലോ. ചിത്രകലയിലെ റാഡിക്കല്‍ മൂവ്‌മെന്റിലെ ചിത്രതലത്തിലെ ദൃഢതയിലുടെയാണ് വത്സരാജ് പെയിന്റിംഗിലൂടെ പ്രത്യക്ഷവല്‍ക്കരിച്ചത്. നിലവിലുള്ള വര്‍ണ്ണ സങ്കേതങ്ങള്‍ അദ്ദേഹം മാറ്റിവരച്ചു. നിറങ്ങള്‍ക്ക് പുതിയൊരു ഭാഷ്യമായിരുന്നു വത്സരാജ് നല്‍കിയത്. നിലവിലുള്ള വര്‍ണങ്ങള്‍ക്ക് ഒരു പുതുവെളിച്ചം ആ ശൈലി നല്‍കി. എല്ലുറപ്പുള്ള ഒരു വര്‍ണ പ്രതലം റാഡിക്കല്‍ ചിത്രങ്ങള്‍ക്ക് പൊതുവെ വരുന്നുണ്ട്. പ്രഭാകരനോ സുനില്‍ അശോകപുരമോ നല്‍കുന്ന വര്‍ണ ദൃഢതയല്ല വത്സരാജന്റ കാസര്‍കോടന്‍ പെയിന്റിംഗില്‍ കാണുന്ന നിറത്തിന്റെ വര്‍ണ വിസ്മയങ്ങള്‍.
ഒരു സ്ത്രീക്ക് ചെവി മുറിച്ചു കൊടുത്ത വാന്‍ ഗോഗ് നമുക്കൊരു പ്രഹേളികയായിരുന്നു.
ജോണ്‍ എന്ന ചലച്ചിത്രകാരനും പ്രഹേളികയായിരുന്നു. മാധവിക്കുട്ടിക്കും പി. കുഞ്ഞിരാമന്‍ നായര്‍ക്കും ഈ പ്രഹേളിക അലങ്കാരമായിരുന്നു. നിലവിലുള്ള ലോകം തികയാതെ വരുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളിലൊരാളായിരുന്നു അവരൊക്കെ. ലോകത്തിന്റെ വഴികളോ, വസ്ത്രങ്ങളോ അവര്‍ക്ക് തികയില്ല.
ഇത്തരത്തിലുള്ള ഒരു വ്യക്തിത്വമായിരുന്നു വത്സരാജിന്റേത്. ഈ മഹത്വം നാം ആദ്യം തിരിച്ചറിയണം. 1990 കാലത്ത് ഞാന്‍ ഗോത്രസ്മൃതി ഡോക്യുമെന്ററി ചെയ്യുമ്പോള്‍ അതിന്റെ നരവംശശാസ്ത്ര പ്രതിനിധാനങ്ങള്‍ വ്യക്തമാക്കാന്‍ കുറെ ചിത്രങ്ങള്‍ വേണമായിരുന്നു. സുഹൃത്തായ സുധീഷിന്റെ ഭാര്യാ സഹോദരനാണ് വത്സരാജ്. വിഷയത്തിന്റെ പ്രത്യേകത മനസ്സിലാക്കി അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഈ സര്‍ഗാത്മക പ്രശ്‌നം ഞാന്‍ മനസ്സിലാക്കിയതാണ്. സിനിമപോലുളള സമയബന്ധിത മേഖലയില്‍ അനുഭവിക്കുന്ന പരിമിതി അദ്ദേഹവും ഞാനും മനസ്സിലാക്കിയിരുന്നു.
അതുകൊണ്ട് അദ്ദേഹത്തിനു പകരം അദ്ദേഹത്തിന്റെ അനുജന്‍ ജ്യോതി ചന്ദ്രനാണ് ആ ചിത്രങ്ങള്‍ വരച്ചു തന്നത്.
ഈ സംഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് ജോണിനെയും മാധവിക്കുട്ടിയെയും കുഞ്ഞിരാമന്‍ നായരെയും ബഷീറിനെയും പോലെ തന്റെ പ്രതിഭയെ ആവിഷ്‌ക്കരിക്കാന്‍ ലോകത്തിന്റെ നീതിശാസ്ത്രങ്ങളുടെ ക്യാന്‍വാസ് തികയാതിരുന്ന ഒരു കലാകാരനായിരുന്നു വത്സരാജ് എന്നാണ്. അത് അദ്ദേഹത്തിന്റെ മഹത്വമായിരുന്നു. അതിനു മുമ്പില്‍ എന്റെ വിനീതമായ അഞ്ജലികള്‍.
ലോകത്തിന്റെ നെറുകയിലേക്ക് ഇനിയും എത്രയോ സംഭാവന ചെയ്യേണ്ട വത്സരാജാണ് നമുക്ക് നഷ്ടപ്പെട്ടത്. പ്രശസ്ത ഫോട്ടോഗ്രാഫറും ആര്‍ക്കിടെക്റ്റുമായ എ.കെ. മുണ്ടോളിന്റെ വീട്ടില്‍ ചെല്ലുമ്പോഴെല്ലാം കാസര്‍കോടിന്റെ രക്ത പശിമയുള്ള ആ പെയിന്റിംഗ് കാണാം. ഏറെ നേരം നോക്കി നിന്നു പോവും. റാഡിക്കല്‍ ഗ്രൂപ്പിന്റെ നിശ്ചയദാര്‍ഢ്യവും രാഷ്ട്രീയവും വര്‍ണ്ണ വിന്യാസവും ഉണര്‍ത്തുന്ന ഈ ചിത്രത്തിന്റെ പ്രഭാവലയത്തില്‍ ഉത്തേജിതമാവും.


-എം.എ റഹ്മാന്‍

Related Articles
Next Story
Share it